വെണ്മണിയ്ക്ക് സമീപം ബ്ലാത്തിക്കവലയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം. കള്ളിപ്പാറയിൽ നിന്നും ബ്ലാത്തിക്കവലയിലേക്കുള്ള കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുന്നിൽ പോയ ടവേരയിൽ ഇടിച്ചശേഷം സമീപത്തെ റബർതോട്ടത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. എറണാകുളത്ത് നിന്നും ചെറുതോണിയിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.
അതേസമയം ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന ടൂറിസ്റ്റ് ബസുകളും വലിയ ചരക്ക് വാഹനങ്ങളും ഇവിടെ തുടർച്ചയായി അപകടത്തിൽപ്പെടുന്നുണ്ട്. അപകട സാധ്യതയുള്ള പ്രദേശമാണിതെന്ന മുന്നറിയിപ്പ് വ്യക്തമായി നൽകിയിട്ടില്ലെന്നതാണ് പ്രധാന കാരണം. റോഡിൻ്റെ വീതിയും വളവും പരിഗണിക്കാതെ മാപ്പ് നിർദേശിക്കുന്ന വഴിയിലൂടെ ഭാരവാഹനങ്ങൾ പോകുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നതിനാൽ അടിയന്തരമായി ഗൂഗിൾ മാപ്പുമായി സംസരണം നടത്തി ഈ റൂട്ടിൽ ഭാരവാഹനങ്ങൾ പ്രവേശിക്കാത്തവിധം നിയന്ത്രണം ഏർപ്പെടുത്തണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.


