സ്വത്ത് തട്ടിയെടുക്കുന്നതിനായി വീട്ടിൽ ഉറങ്ങിക്കിടന്ന 72-കാരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരി പുത്രന് ജീവപര്യന്തം തടവ്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി വരകിൽ വീട്ടിൽ സുനിൽകുമാറിനാണ് (56) ഇടുക്കി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ ഒന്നര ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം.
2021 മാർച്ച് 31-ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. മുട്ടം തോട്ടുങ്കര ഭാഗത്തെ ഊളാനിയിൽ വീട്ടിൽ സരോജിനി (72) ആണ് കൊല്ലപ്പെട്ടത്. ആറു വർഷത്തോളമായി സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിച്ചു വരികയായിരുന്നു പ്രതിയായ സുനിൽകുമാർ. അവിവാഹിതയായ സരോജിനിക്ക് രണ്ട് ഏക്കർ സ്ഥലമടക്കം ഏകദേശം ആറ് കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു. ഈ സ്വത്തുക്കൾ തനിക്ക് നൽകുമെന്ന് സരോജിനി പറഞ്ഞിരുന്നെങ്കിലും, പിന്നീട് അവ സഹോദരിമാരുടെയും അവരുടെ മക്കളുടെയും പേരിൽ വിഭജിച്ച് നൽകാൻ തീരുമാനിച്ചതോടെയാണ് പ്രതിക്ക് വൈരാഗ്യം തോന്നിയതെന്ന് പൊലീസ് കണ്ടെത്തി.
കൊലപാതകത്തിനായി പ്രതി റേഷൻകടയിൽ നിന്ന് പലതവണയായി മണ്ണെണ്ണ വാങ്ങി ശേഖരിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവ ദിവസം രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന സരോജിനിയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം അടുക്കളയിലെത്തിച്ച് പാചകവാതകം തുറന്നുവിട്ട് വീണ്ടും തീ കൊളുത്തി തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 449 (വീട്ടിലേയ്ക്ക് അതിക്രമിച്ചു കടക്കൽ), 436 (തീവെപ്പ്), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ പ്രതിയെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


