
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). സൈബർ ആക്രമണങ്ങൾ നേരിടാനും സൈബർ സുരക്ഷ ഉറപ്പാക്കാനും ചുമതലയുള്ള രാജ്യത്തെ പ്രധാന ഏജൻസിയാണിത്. ഡിവൈസ് ലിങ്കിങ് എന്ന ഫീച്ചറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഈ കേന്ദ്ര ഏജൻസി. ഗോസ്റ്റ് പേയറിങ്(GhostPairing ) എന്നറിയപ്പെടുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്.
വാട്സ്ആപ്പ് പൂർണമായി ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. Hi, check this photo എന്ന സന്ദേശത്തിനൊപ്പം വരുന്ന ലിങ്ക് വഴിയാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾ പൂർണമായി ഹാക്ക് ചെയ്യപ്പെടുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ സന്ദേശം അയച്ചവർക്ക് വാട്സ്ആപ്പ് ഹാക്ക് ചെയ്യാൻ സാധിക്കും. സൈബർ ആക്രമണം നടത്തുന്നവർക്ക് വാട്സ്ആപ്പിലേക്ക് മറ്റൊരു അനുവദാവും ഇല്ലാതെ പ്രവേശനം ലഭിക്കുന്ന രീതിയാണ് ഗോസ്റ്റ് പേയറിങ്(GhostPairing ).
ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടിൽ നിന്ന് കോൺടാക്ടിലുള്ളവർക്ക് സന്ദേശം അയക്കാനും തട്ടിപ്പ് നടത്താനും സാധിക്കും. ഫേസ്ബുക്ക് ലിങ്കിന് സമാനമായ ഒരു ലിങ്കാണ് സൈബർ ആക്രമണകാരികൾ സന്ദേശത്തിനോടൊപ്പം അയക്കുന്നത്. ഇത് ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുന്നതോടെ ഒരു വ്യാജ ഫേസ്ബുക്ക് വ്യൂവർ ആണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ വാട്സ്ആപ്പ് പൂർണമായും ഹൈജാക്ക് ചെയ്ത് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്യുന്നതെന്ന് കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു.
ഈ വർഷം ഒക്ടോബറിൽ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യങ്ങൾ ഉപയോഗിച്ച് ഇരകളെ കബളിപ്പിച്ച് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര കുറ്റകൃത്യ പ്രവണത തിരിച്ചറിഞ്ഞതായി പറഞ്ഞു.
ഇത്തരം തട്ടിപ്പുകളിൽ നിന്ന് വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ നിർദേശങ്ങളും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുറപ്പെടുവിച്ചിട്ടുണ്ട്.
സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
ബാഹ്യ സൈറ്റുകളിൽ നിങ്ങളുടെ ഫോൺ നമ്പർ ഒരിക്കലും നൽകരുത്.
വാട്സ്ആപ്പിൽ ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ പതിവായി പരിശോധിക്കുക.
പരിചയമില്ലാത്ത ഏതെങ്കിലും ഉപകരണം ശ്രദ്ധയിൽപ്പെട്ടാൽ, അത് ഉടൻ ലോഗ് ഔട്ട് ചെയ്യുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

