HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഫോർട്ട് കൊച്ചിയിൽ ഇത്തവണ ഒരുക്കിയത് രണ്ട് പാപ്പാഞ്ഞികളെ; കാർണിവലിന് ഒരുങ്ങി പൊലീസും; സഞ്ചാരികൾക്കുള്ള അറിയിപ്പ്

ഫോർട്ട് കൊച്ചിയിൽ രണ്ട് കൂറ്റൻ പപ്പാഞ്ഞികൾ അഗ്നിക്കിരയാകും

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഫോർട്ട് കൊച്ചിയിൽ രണ്ട് കൂറ്റൻ പപ്പാഞ്ഞികൾ അഗ്നിക്കിരയാകും. ഗലാ ഡി. ഫോർട്ട് കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വെളി മൈതാനത്ത് 55 അടി ഉയരത്തിലുള്ള പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. നടൻ ഷെയിൻ നിഗം പൂർത്തിയായ പപ്പാഞ്ഞിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. അതേസമയം കൊച്ചിൻ കാർണിവൽ കമ്മിറ്റി തയ്യാറാക്കുന്ന പപ്പാഞ്ഞി നിർമാണം പരേഡ് മൈതാനിയിൽ പുരോഗമിക്കുകയാണ്. ഇവിടെ 50 അടി ഉയരത്തിലുള്ള മോഡൽ പപ്പാഞ്ഞിയാണ് ഒരുക്കുന്നത്. കഴിഞ്ഞ തവണ മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന്‍റെ നിര്യാണത്തെ തുടർന്ന് ദുഖാചരണത്തിന്‍റെ ഭാഗമായി പപ്പാഞ്ഞിയുടെ നിർമാണം നിർത്തി വെച്ചിരുന്നു.


ഈ രണ്ട് പപ്പാഞ്ഞികൾക്ക് പുറമെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ ആകൃതിയിലുള്ള നൂറോളം പപ്പാഞ്ഞികളും ഒരുങ്ങുന്നുണ്ട്. കൊച്ചു കുട്ടികൾ വരെ സംഘം ചേർന്ന് മിക്ക ഇടവഴികളിലും പപ്പാഞ്ഞി രൂപങ്ങൾ ഒരുക്കുന്ന കാഴ്ചയും കുറവല്ല. ഇവയെല്ലാം തന്നെ 31-ാം തിയ്യതി അർദ്ധ രാത്രി കത്തിക്കും. സന്ധ്യയായാൽ ഫോർട്ട് കൊച്ചിയിലേക്ക് ജനപ്രവാഹമാണ് ഇപ്പോൾ. കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി അവസാന ഞായറാഴ്ച നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബിനാലേയിലേക്കുള്ള സന്ദർശകരുടെ വരവും കൂടിയാകുന്നതോടെ പകൽ സമയത്തും തിരക്ക് വർധിക്കും.


കൊച്ചിയിലേക്ക് വരുന്നവർ ശ്രദ്ധിക്കുക

അതേസമയം കൊച്ചിൻ കാർണിവൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. 13 ഡിവൈഎസ്പിമാർ, 28 ഇൻസ്‌പെക്ടർമാർ, 1200 പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിച്ചു. പരേഡ്, വേളി ഗ്രൗണ്ടുകളിൽ പാർക്കിംഗ് ഉണ്ടാകില്ല. ഡിസംബർ 31 ന് ഉച്ചക്ക് 2 മണി മുതൽ ഫോർട്ട്‌ കൊച്ചിയിലേക്ക് വാഹനം വിടില്ല. ഫോർട്ട്കൊച്ചി സ്വദേശികളുടെ വാഹനങ്ങളും കടത്തിവിടില്ല. ഫോർട്ട്കൊച്ചിക്കാരുടെ വാഹനമടക്കം റോഡിൽ ഇടാൻ അനുവദിക്കില്ല. വൈപ്പിൻ - ഫോർട്ട്‌ കൊച്ചി റോറോയിൽ വാഹനങ്ങൾ 4 മണി വരെ മാത്രമേ കയറാൻ അനുവദിക്കൂ. 7 മണി വരെ ആളുകളെ റോ റോയിൽ അനുവദിക്കും. പരമാവധി സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണം. കൊച്ചി സിറ്റി മേഖല ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. റെഡ് സോണിൽ ഡ്രോൺ ഉപയോഗിച്ചാൽ നടപടി എടുക്കും. ആവശ്യത്തിന് വെളിച്ചത്തിനുള്ള സജ്ജീകരണം എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. വൈപ്പിൻ ഭാഗത്തും, സിറ്റിയിലേക്കും ആഘോഷങ്ങൾക്ക് ശേഷം ബസ് സൗകര്യം ഉണ്ടായിരിക്കും. വൈപ്പിൻ ജെട്ടിയിലേക്ക് 4 മണിക്ക് ശേഷം വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. 28 പാർക്കിംഗ് ഗ്രൗണ്ടുകൾ ഉണ്ടാകും. കൊച്ചുകുട്ടികളുമായി വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മെട്രോ രാത്രി 2 മണി വരെ സർവീസ് നടത്തും. വാട്ടർ മെട്രോ രാവിലെ 4 മണി വരെ ഉണ്ടാകും, ആവശ്യം വന്നാൽ സമയം നീട്ടും. കൊച്ചി മെട്രോ ഫീഡർ ബസ് ഉപയോഗപ്പെടുത്തണമെന്നും കമ്മീഷണർ അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA