ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന ഇടുക്കി ജില്ലയിലെ കുടിയേറ്റ ഗ്രാമമായ പന്നിയാർകുട്ടിയിലെ സെന്റ് മേരീസ് യു.പി സ്കൂൾ സുവർണ്ണ ജൂബിലി നിറവിൽ. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ജനുവരി ആദ്യവാരം വിവിധ പരിപാടികളോടെ നടക്കും.
ഇടുക്കി ജില്ലയിലെ പന്നിയാർകുട്ടിയിൽ സെന്റ് മേരീസ് പള്ളിയോട് ചേർന്ന് ഏതാണ്ട് ആറര പതിറ്റാണ്ട് മുമ്പ് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സർക്കാർ അംഗീകാരം ലഭിച്ച ഈ വിദ്യാലയം, അമ്പത് വർഷങ്ങൾക്ക് മുൻപ് ‘കൊള്ളിമല സെന്റ് മേരീസ് യു.പി സ്കൂൾ’ എന്ന പേരിലാണ് ഔദ്യോഗിക അംഗീകാരം നേടിയത്.
പന്നിയാർകുട്ടിയിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിന് കുടുംബങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കിയ ഈ സ്കൂൾ, പതിനഞ്ച് വർഷക്കാലം അനൗദ്യോഗികമായി പ്രവർത്തിച്ച ശേഷം അംഗീകാരം നേടിയതാണ്. രണ്ട് തലമുറകളായി ഈ കുടിയേറ്റ ഗ്രാമത്തിലെ നിരവധി പേർ ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലായി വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരുന്നെങ്കിലും, അടുത്തകാലത്തായി കുട്ടികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കാർഷിക ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിലെ വിദ്യാർത്ഥികൾ പഠന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലുമായി മികച്ച നിലവാരം പുലർത്തി മുന്നേറുകയാണെന്ന് അധ്യാപകർ പറയുന്നു. സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് ജനുവരി ആദ്യവാരം അനുസ്മരണ സമ്മേളനം, സാംസ്കാരിക പരിപാടികൾ, വിദ്യാഭ്യാസ സെമിനാറുകൾ എന്നിവ സ്കൂളിൽ സംഘടിപ്പിക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


