പെരുവന്താനം കടുവപ്പാറയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ നിരവധിപേർക്ക് പരിക്ക്. സ്വകാര്യ ബസ്സും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തങ്കമണിയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ‘അപ്പൂസ്’ എന്ന സ്വകാര്യ ബസ്സും, ശബരിമല ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തരുടെ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
ഹൈറേഞ്ച് മേഖലയിൽ നിന്ന് രാവിലെയുള്ള സർവീസ് ആയതിനാൽ, ഓഫീസുകളിലേക്കും തൊഴിലിടങ്ങളിലേക്കും പോകുന്ന സ്ഥിരം യാത്രക്കാരും സ്വകാര്യ ബസ്സിലുണ്ടായിരുന്നു. അപകടത്തിൽ ഇരു ബസ്സുകളിലുമായി ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ മുണ്ടക്കയത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സകൾ നൽകി. അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. റോഡിൽ തടസ്സമായി കിടന്ന വാഹനങ്ങൾ നീക്കം ചെയ്തതിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


