മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വം കലാകാരന്മാരില്‍ ഒരാളായിരുന്നു ശ്രീനിവാസന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ചു. മലയാളി ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളും, കഥാസന്ദര്‍ഭങ്ങളും സിനിമയ്ക്ക് നല്‍കിയ പ്രതിഭയായിരുന്നു ശ്രീനിവാസന്‍.
1956 ഏപ്രില്‍ ആറിന് കണ്ണൂര്‍ പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം. 69ാമത്തെ വയസിലാണ് അന്ത്യം. മലയാള സിനിമാശാഖയ്ക്ക് പുതിയഭാവം നല്‍കിയ കലാകാരന്‍. നര്‍മം പലപ്പോഴും സാമൂഹ്യവിമര്‍ശനത്തിനായി ഉപയോഗിച്ചു. സാഹിത്യകാരനായിരുന്നില്ല ശ്രീനിവാസന്‍. എന്നാല്‍, തിരക്കഥാ രചനയില്‍ അപാരമായ സിദ്ധിയുള്ള എഴുത്തുകാരനായിരുന്നു. അഭിനയമായിരുന്നു ശ്രീനിവാസന്റെ ലോകം. എന്നാല്‍ തിരക്കഥാകൃത്തെന്ന നിലയിലായിരുന്നു അറിയപ്പെട്ടത്.
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കി. മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജിലെ പഠനത്തിന് ശേഷം 1977ല്‍ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡിപ്ലോമ കരസ്ഥമാക്കിയ ശ്രീനിവാസന്‍ നിരവധി ചിത്രങ്ങളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചു. 48 വര്‍ഷത്തെ സിനിമാ ജീവിതത്തിനാണ് തിരശീലവീണത്.
മലയാളി ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങളായിരുന്നു ശ്രീനിവാസന്റെ തിരക്കഥകളില്‍ പ്രധാനം. യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മയും, അനിശ്ചിതാവസ്ഥയും രാഷ്ടീയവുമെല്ലാം സിനിമയ്ക്ക് പ്രമേയമായി. മലയാള സിനിമയ്ക്ക് പുതിയ രചനാ രീതി പരിചയപ്പെടുത്തിയ തിരക്കഥാ കൃത്തായിരുന്നു ശ്രീനിവാസന്‍.ഉദയാനാണ് താരത്തിലും, സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറും ഒക്കെ മലയാള സിനിമയിലെ താരാധിപത്യത്തെക്കുറിച്ചായിരുന്നു അതിരൂക്ഷമായ ഭാശയില്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് പറഞ്ഞിരുന്നത്. മുഖം നോക്കാതെ അഭിപ്രായം പറയാന്‍ എന്നും ധൈര്യം കാണിച്ച എഴുത്തുകാരനായിരുന്നു ശ്രീനിവാസന്‍.
വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ രണ്ടു ചിത്രങ്ങളാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്തത്. ചിന്താവിഷ്ടയായ ശ്യാമള പ്രമേയപരമായി എക്കാലവും ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ്. അഭിനയിക്കാനായി ആഗ്രഹിച്ച് നടന്ന ശ്രീനിവാസന്‍ പ്രിയദര്‍ശന്റെ നിര്‍ബന്ധപ്രകാരമാണ് തിരക്കഥയെഴുതി തുടങ്ങിയത്. പിന്നീട് സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ മലയാള സിനിമാ ലോകത്തിന് ലഭിച്ചത് നിരവധി ചിത്രങ്ങളായിരുന്നു.
നിരവധി രാഷ്ട്രീയ സിനിമകള്‍ മലയാളത്തിന് ലഭിച്ചതും ശ്രീനിവാസന്റെ തിരക്കഥകളിലൂടെയായിരുന്നു. തിരഞ്ഞെടുപ്പില്‍ നമ്മള്‍ എന്തുകൊണ്ട് തോറ്റു എന്നു ലളിതമായി പറഞ്ഞാല്‍ എന്താണെന്ന് സന്ദേശത്തില്‍ ബോബി കൊട്ടാരക്കര ചോദിക്കുന്ന ചോദ്യം ഇന്നും പ്രസക്തം. അറബിക്കഥയിലെ ക്യൂബാ മുകുന്ദന്‍ എന്ന കഥാപാത്രത്തെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. പത്മശ്രീ ഡോ സരോജ് കുമാര്‍ എന്ന ചിത്രം മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സൂപ്പര്‍ സ്റ്റാറുകളെ കുറിച്ച് വിമര്‍ശനാത്മകമായൊരു തിരക്കഥയായിരുന്നു ഈ ചിത്രം. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.
സൗഹൃദങ്ങള്‍ക്ക് വലിയ വിലകല്‍പിച്ചിരുന്ന നടന്‍കൂടിയായിരുന്നു ശ്രീനിവാസന്‍. ഫലിതത്തില്‍കൂടിയാണ് എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്തിരുന്നത്. മമ്മൂട്ടി സൂപ്പര്‍ സ്റ്റാര്‍ അശോക് രാജായി അഭിനയിച്ച കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ ബാര്‍ബര്‍ ബാലന്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവച്ച കഥാപാത്രമായിരുന്നു. ഹിന്ദിയടക്കമുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രമായിരുന്നു കഥപറയുമ്പോള്‍. ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ, സൗഹൃദത്തിന്റെ കഥയായിരുന്നു ഇത്.
മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ കൂട്ടുകെട്ട് എന്നും മലയാളികള്‍ ആഗ്രഹിച്ചിരുന്നതാണ്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്‍മനസുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങള്‍ നര്‍മത്തില്‍ ചാലിച്ച ആന്തരികഗൗരവം നിലനിര്‍ത്തിയിരുന്ന പ്രമേയങ്ങളായിരുന്നു. വരവേല്‍പ്പ്, വെള്ളാനകളുടെ നാട്, മിഥുനം തുടങ്ങിയ ചിത്രങ്ങള്‍ സമൂഹത്തിലെ ചില പുഴുക്കുത്തുകളെയും മാലിന്യങ്ങളും അതിശക്തമായി തുറന്നുകാട്ടുന്നതായിരുന്നു.
ശ്രീനിവാസന്റെ തിരക്കഥകളില്‍ ഒരിക്കലും ഫാന്റസിയുടെ നേരിയ അംശംപോലുമില്ല. ജീവിതത്തില്‍ നിന്നും ചീന്തിയ ചോരതുടിക്കുന്ന ഏടുകളാണ് അദ്ദേഹത്തിന്റെ ഓരോ രചനയും. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും എഴുതുമ്പോള്‍ അദേഹം ഏറെ ജാഗ്രത പുലര്‍ത്തിയിരുന്നു. റിയലിസ്റ്റിക് ആയിരുന്നു ശ്രിനിവാസന്റെ കഥയും കഥാപാത്രങ്ങളും. മിക്ക ചിത്രങ്ങളിലും നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെ സ്വയം ഏറ്റെടുത്തു. അങ്ങനെ സ്വന്തം മുഖത്തേയും ശരീരത്തേയും അദ്ദേഹം സ്വയം വിമര്‍ശിച്ചു. തന്നിലെ നടനെ ചില പ്രത്യേക അവസ്ഥകള്‍ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹം ബോധപൂര്‍വം ഉപയോഗിച്ചു.
കാരിക്കേച്ചര്‍ സ്വഭാവമുള്ളതായിരുന്നു അദ്ദേഹത്തിന്റെ പാത്രസൃഷ്ടികള്‍. സന്മമനസുള്ളവര്‍ക്ക് സമാധാനത്തിലെ എസ്‌ഐ മുതല്‍ സരോജ് കുമാര്‍ വരെ ഈ സ്വഭാവം പേറുന്നവരാണ്. ഏറെ ഗൗരവപൂര്‍ണമായ വിഷയങ്ങള്‍ പോലും നര്‍മത്തിലൂടെ പറയുകയാണ് ശ്രീനിവാസന്റെ രീതി. അഴിമതി, ട്രേഡ് യൂണിയനിസം, തൊഴിലില്ലായ്മ, ചൂഷണം, തൊഴിലാളി മുതലാളിയായുള്ള പരിവര്‍ത്തനംഒക്കെയായിരുന്നു കഥാതന്തുക്കള്‍.
സിനിമയെ അടുത്തറിയാനോ, പഠിക്കാനോ തയാറാവാതെ സംവിധായകരാവാന്‍ വരുന്നവരെ ചിന്തിവിഷ്ടയായ ശ്യാമളയില്‍ വളരെ രസകരമായാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. നടി കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും ഒപ്പം ചാടട്ടേ… എന്ന പ്രയോഗവും മലയാള സിനിമാ മേഖലയില്‍ ഇന്നും നിലനില്‍ക്കുന്നു.
ഞാന്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന ഞാന്‍ ചെയ്യാതെ പോയ 500ല്‍പരം ചിത്രങ്ങളാണ് എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. പണത്തിന് വേണ്ടിമാത്രമായി അദ്ദേഹം സിനിമകള്‍ എഴുതിയില്ല. സംവിധാനം ചെയ്യാനായി നിരന്തരം ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോഴും തനിക്ക് താല്‍പര്യമുള്ള പ്രമേയങ്ങള്‍ മാത്രമേ അദ്ദേഹം ഏറ്റെടുത്തിരുന്നുള്ളൂ.
2022ല്‍ ഹൃദയസംബന്ധമായ അസുഖം ബാധിച്ചതോടെയാണ് ശ്രീനിവാസന്‍ മലയാള സിനിമയില്‍ നിന്നും വിട്ടു നിന്നത്. രോഗത്തിന്റെ പീഡയില്‍ നിന്നും തിരികെ സിനിമയില്‍ സജീവമാകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് തിരികെ വരാന്‍ കഴിഞ്ഞില്ല. മലയാള സിനിമയില്‍ ഒരിക്കലും നികത്താനാവാത്ത വിടവാണ് ശ്രീനിവാസന്റെ അന്ത്യത്തോടെ സംഭവിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


