കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും, ഇത്തരം വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാകളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്. സംസ്ഥാന ബാലവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍, അവയുടെ പുരോഗതി, പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായാണ് അവലോകന യോഗം ചേര്‍ന്നത്.
ജില്ലയില്‍ കുട്ടികള്‍ക്ക് മാത്രമായി ഡീ-അഡിക്ഷന്‍ സെന്റര്‍, സൈക്യാട്രിസ്റ്റിന്റെ സേവനം, വിദ്യാലയങ്ങളിലെ കുട്ടികളുടെ ഹാജരില്ലായ്മ, ഉന്നതികളിലേയ്ക്ക് സ്‌കൂള്‍ വാഹനങ്ങളുടെ കുറവ്, സ്‌കൂളുകളില്‍ കൗണ്‍സിലറുടെ സേവനം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ വിവിധ വകുപ്പ് മേധാവികള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. സ്‌കൂളുകളില്‍ കുട്ടികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം പാടെ ഒഴിവാക്കുകയല്ല മറിച്ച് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുവാന്‍ കുട്ടികളെ രക്ഷിതാക്കളും അധ്യാപകരും പഠിപ്പിക്കണമെന്നും അംഗങ്ങള്‍ വ്യക്തമാക്കി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീയ്ക്കും പഞ്ചായത്ത് അടക്കമുള്ള വകുപ്പുകള്‍ക്ക് സാധിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ വിലയിരുത്തി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


.jpg)