ഇടുക്കിയിൽ മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചിയാക്കി പാചകം ചെയ്ത സംഭവത്തിൽ രണ്ടുപേരെ വനംവകുപ്പ് പിടികൂടി. കമ്പംമെട്ട് സ്വദേശികളായ പുളിക്കൽ ജേക്കബ് മാത്യു (ബിജു-54), മേച്ചേരിൽ റോബിൻസ് (55) എന്നിവരാണ് പിടിയിലായത്. കുമളി റേഞ്ചിലെ കമ്പംമെട്ട് സെക്ഷൻ പരിധിയിൽ മ്ലാവ് വേട്ട നടന്നതായി വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ജേക്കബ് മാത്യുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം മൂന്ന് കിലോയോളം പാചകം ചെയ്യാത്ത ഇറച്ചിയും, പാചകം ചെയ്ത നിലയിൽ രണ്ട് കിലോയോളം ഇറച്ചിയും കണ്ടെടുത്തു. ഇറച്ചി പാചകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും മ്ലാവിനെ കൊല്ലാൻ ഉപയോഗിച്ച കത്തിയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കേസിലെ രണ്ടാം പ്രതിയായ റോബിൻസിനെ പുറ്റടിക്ക് സമീപമുള്ള ശംഖുരുണ്ടാൻ ഭാഗത്തുനിന്നാണ് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്ത വനംവകുപ്പ്, വരും ദിവസങ്ങളിലും വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


