ഇടുക്കി നെടുങ്കണ്ടത്ത് ഏലത്തോട്ടങ്ങളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെയുമായി വന്ന ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം സന്യാസിയോടയ്ക്ക് സമീപം ഇന്നു രാവിലൊയിരുന്നു അപകടം. തമിഴ്‌നാട് ഉത്തമപാളയത്തുനിന്ന് ഏലത്തോട്ടത്തിലേക്കു തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ തലകീഴായി മറിയുകയായിരുന്നു. 16 തൊഴിലാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ രണ്ടു പേരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പും തൊഴിലാളികളെയുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെ കുത്തി നിറച്ചാണ് അമിത വേഗത്തില്‍ വാഹനങ്ങളെത്തുന്നത്. അപകടങ്ങള്‍ പതിവായിട്ടും ഇക്കാര്യത്തില്‍ നടപടിയില്ലാതെ നിയമ ലംഘനം നിര്‍ബാധം തുടരുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


