
വയനാടിനെ പ്രമേയമാക്കി പുതുവത്സര കലണ്ടർ പുറത്തിറക്കി പ്രിയങ്കാ ഗാന്ധി എംപി. എംപി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടിൽ പ്രിയങ്കാ ഗാന്ധി നടത്തിയ ഇടപെടലുകളാണ് ചിത്രരൂപത്തിൽ കലണ്ടറിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടാണ് ജനുവരി മാസത്തിന്റെ മുഖചിത്രം. കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂർ ചോലനായ്ക്കർ ഉന്നതിയിൽ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂൽപ്പുഴയിൽ കുടുംബശ്രീ സംരംഭമായ വനദുർഗ മുള ഉത്പന്ന കേന്ദ്രത്തിൽ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയൽ രാമനോടൊപ്പം കൃഷിയിടത്തിൽ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൽപ്പറ്റ ഹ്യൂം സെന്ററിൽ മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആശയവിനിമയം നടത്തിയപ്പോഴുള്ള ചിത്രവും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുത്തങ്ങ വന്യമൃഗ സങ്കേതത്തിൽ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ആർആർടി സംഘവുമായി ആശയവിനിമയം നടത്തിയ ശേഷം ആനയ്ക്ക് ഭക്ഷണം നൽകുന്ന ചിത്രങ്ങളുമുണ്ട്. വണ്ടൂരിൽ വച്ച് നടന്ന പാർലമെന്റ് തല ഉദ്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എപി അനിൽകുമാർ എം.എൽ.എ. നിർവഹിച്ചു. ത്രിതല പഞ്ചായത്ത് മെമ്പർമാരും യു ഡി എഫ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

