HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാറെന്ന് പ്രധാനമന്ത്രി, ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി, അനുശോചിച്ച് നേതാക്കള്‍

അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ അനുസ്മരിച്ച് നേതാക്കള്‍


മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ അനുസ്മരിച്ച് നേതാക്കള്‍. ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാറെന്നും കഠിനാധ്വാനിയായ നേതാവായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അപകട വാര്‍ത്ത ഏറെ ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അജിത് പവാറിന്‍റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചിച്ചു. അജിത് പവാറിന്‍റെ വിയോഗ വാര്‍ത്ത അങ്ങേയറ്റം ഹൃദയഭേദഗമാണെന്ന് രാഹുൽ ഗാന്ധി അനുശോചിച്ചു. തീരാനഷ്ടമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുശോചിച്ചു. അജിത് പവാറിന്‍റെ ഭാര്യയുമായി സംസാരിച്ചുവെന്നും കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മരണം ഹൃദയഭേദകമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.


മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിച്ച നേതാവായിരുന്നു അജിത് പവാര്‍. വ്യക്തിപരമായും എൻഡിഎയ്ക്കും വലിയ നഷ്ടമാണ്. എൻഡിഎ അജിത് പവാറിന്‍റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഹൃദയഭേദ​കമായ വാർത്തയാണെന്നും വിയോ​ഗം അതീവ ദുഖകരമാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അനുശോചിച്ചു. ജനങ്ങളുമായി ശക്തമായ ബന്ധം സൂക്ഷിച്ച ജനങ്ങളുടെ താൽപര്യം മുൻനിർത്തി പ്രവർത്തിച്ച നേതാവാണെന്നും നിതിൻ നവീൻ അനുശോചിച്ചു. കെസി വേണുഗോപാൽ എംപി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവരും അനുശോചിച്ചു. 


മരണത്തിൽ മമത ബാനര്‍ജി അന്വേഷണം ആവശ്യപ്പെട്ടു. ഞെട്ടിക്കുന്ന വിയോഗ വാര്‍ത്തയാണെന്നും രാഷ്ട്രീയത്തിൽ വലിയ ഭാവി ഉണ്ടായിരുന്ന നേതാവാണെന്നും മല്ലികാര്‍ജുൻ ഖര്‍ഗെ അനുശോചിച്ചു. ബാരാമതിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഇന്ന് രാവിലെ ഒമ്പതോടെയാണ് വിമാന അപകടം ഉണ്ടായത്. അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ക്യാപ്റ്റൻ സുമിത്ത് കപൂര്‍ (പൈലറ്റ് ഇൻ കമാൻഡ് ), ക്യാപ്റ്റൻ സംഭവി പതക് (ഫസ്റ്റ് ഓഫീസര്‍), സുരക്ഷാ ഉദ്യോഗസ്ഥൻ വിധിപ് ജാദവ്, അജിത് പവാറിന്‍റെ സഹായി പിങ്കി മാലി എന്നിവരാണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA