85ാം വയസിലും യൗവനത്തിൻ്റെ കരുത്തിൽ എം ജെ ജേക്കബ്. പ്രായത്തെ വെറുമൊരു സംഖ്യയായി കണ്ട് ട്രാക്കിലും ഫീൽഡിലും കുതിപ്പ് തുടരുകയാണ് അന്താരാഷ്ട്ര കായിക പ്രതിഭ എം ജെ ജേക്കബ്. പറവൂർ മുൻ എംഎൽഎ കൂടിയാണ് ഈ കായിക താരം. ഇടുക്കി നെടുങ്കണ്ടത്ത് നടക്കുന്ന മാസ്റ്റഴ്‌സ് മീറ്റിലും താരം മികച്ച പ്രകടനം കാഴ്‌ചവച്ച് തിളങ്ങുകയാണ്. 80 പ്ലസ് കാറ്റഗറിയിലായിരുന്നു എം ജെ ജേക്കബിൻ്റെ കായിക പ്രകടനം. മത്സരിച്ച മൂന്നിനങ്ങളിലും സ്വർണം നേടിക്കൊണ്ട് കായിക താരം കാണികളെ വീണ്ടും അമ്പരപ്പിച്ചു. ഹൈസ്‌കൂൾ കാലം മുതലേ ഒന്നാമനായിരുന്നു ജേക്കബ്. ഇന്നും ആ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു.
1958 കളിൽ തുടങ്ങിയ മെഡൽ കൊയ്ത്ത് 85ാം വയസിലും പതിനെട്ടുകാരൻ്റെ ആവേശത്തോടെ തുടരുന്നു. സംസ്ഥാന മാസ്‌റ്റേഴ്‌സ് മീറ്റിൽ നിരവധി തവണ സ്വർണം നേടിയിട്ടുണ്ട്. അതിനു പുറമേ രാജ്യ-രാജ്യാന്തര മീറ്റുകളിലും മികവു തെളിയിച്ചാണ് ഇത്തവണ വീണ്ടും കളിക്കളത്തിൽ ഇറങ്ങിയിരിക്കുന്നത്. സംസ്ഥാന മീറ്റിനാണ് ഇത്തവണ ജേക്കബ് പങ്കെടുത്തത്. ഹർഡിൽസിലും ലോംങ് ജംപിലുമാണ് ഇക്കുറി ജേക്കബ് സ്വർണം തൂക്കിയത്. അസാമാന്യ പ്രകടനത്തിന് കാണികളുടെ കൈയടിയും പൂർണ പിന്തുണയും ജേക്കബിൻ്റെ കൂടെ ഉണ്ടായിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാൻ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഫിലിപ്പൈൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ഫ്രാൻസ്, ഓസ്ട്രേലിയ, ഫിൻലാൻഡ്, ജർമ്മനി, അമേരിക്ക തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും മത്സരിക്കുകയും മെഡലുകൾ നേടിയിട്ടുമുണ്ട്. അതിരാവിലെ എഴുന്നേറ്റുള്ള ചിട്ടയായ വ്യായാമവും മുടങ്ങാത്ത പരിശീലനവുമാണ് വിന്നിങ് സീക്രട്ടെന്ന് എം ജെ ജേക്കബ് പറഞ്ഞു.
ജീവിത ശൈലി രോഗങ്ങൾ കായികപ്രവർത്തനങ്ങളിലൂടെ ഒരു പരിധി വരെ കുറയ്‌ക്കാൻ കഴിയുമെന്ന് ജേക്കബ് പുതു തലമുറയോട് നിർദേശിക്കുന്നു. " ജീവിത ശൈലി രോഗങ്ങൾ ഇന്നത്തെ കുട്ടികളൾക്കിടയിലും മുതിർന്നവർക്കിയടിലും സർവ സാധാരണമാണ്. വ്യായാമത്തിലൂടെയും കായികപ്രവർത്തനങ്ങളിലൂടെയും അവയെ തടയാനാകുമെന്ന് തൻ്റെ ജീവിതത്തിലൂടെ തെളിയിച്ചു. അതിനാൽ എല്ലാ ദിവസവും കുറച്ച് നേരമെങ്കിലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുക. അത് നിങ്ങളെ കൂടുതൽ ആരോഗ്യവാന്മാരാക്കും" എന്ന് എം ജെ ജേക്കബ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


.jpeg)