വയനാടിന് പുറമെ സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത കൂടി വരുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കട്ടപ്പന മുതല്‍ തേനി വരേയുള്ള തുരങ്കപാത പ്രഖ്യാപിച്ചു. നിലവിലെ പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുരങ്ക പാത നിർമ്മിക്കാനാണ് സംസ്ഥാന സർക്കാർ അലോചിക്കുന്നത്. പുതിയ പാതയുടെ സാധ്യത പഠനം നടത്തുന്നതിനായിട്ടാണ് ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
'കട്ടപ്പന മുതൽ തേനിവരെയുള്ള മലയോര പാതയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ഒരു തുരങ്കപാത സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇത്തരം ഒരു തുരങ്കപാത വരുന്നതോടെ 20 കി.മീ യാത്രാദൂരം ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. തുരങ്കപാതയുടെ സാധ്യതാ പഠനത്തിനായി 10 കോടി രൂപ വകയിരുത്തുന്നു.' ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. കട്ടപ്പന-തേനി പാതയില്‍ തുരങ്കപാത വരികയാണെങ്കില്‍ 20 കിലോമീറ്റർ യാത്ര ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള വമ്പന്‍ പ്രഖ്യാപനവും ബജറ്റിലുണ്ടായി. ജീവനക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശിക മാര്‍ച്ച് മാസത്തിനകം തീര്‍ക്കും. ഡി എ കുടിശ്ശിക പൂര്‍ണ്ണമായും നല്‍കുമെന്നും ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ അവശേഷിക്കുന്ന കുടിശിക മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചു. അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയാണ് പ്രഖ്യാപിച്ചത്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഉറപ്പ് നല്‍കും. റീ ബില്‍ഡ് കേരളയ്ക്കായി 1,000 കോടി പ്രഖ്യാപിച്ചു. നവകേരള സദസ്സ് വഴി ഉയര്‍ന്നുവന്ന അടിസ്ഥാന വികസന കാര്യങ്ങള്‍ക്ക് 210 കോടിയും വകയിരുത്തും. സിവില്‍ സപ്ലൈസ് വകുപ്പിന് 95 കോടി, സപ്ലൈകോ ഔട്ട്‌ലെറ്റ് നവീകരണത്തിന് 17 കോടി രൂപയും പ്രഖ്യാപിച്ചു. പൊലീസ് സേനയ്ക്ക് 185.80 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.


