
പണയ സ്വർണം എടുത്തു നൽകാമെന്ന വ്യാജേന യുവാവിൽ നിന്ന് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം ചക്കാലപ്പറമ്പിൽ നീനു ബെന്നി (29), ആലുവ മാറമ്പള്ളി സ്വദേശി തോണിപ്പറമ്പിൽ ജംഷാദ് ജമാൽ (29), കണ്ണൂർ ഇരിക്കൂർ കണിയാംകുന്ന് പാവന്നൂർമട്ട സ്വദേശി കെ.എ. നൗഷാദ് (45) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളെ കണ്ണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 15,000 രൂപ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ 24-നാണ് എരുമേലിയിൽ സംഭവം നടന്നത്. എരുമേലി ടൗണിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച 125 ഗ്രാം സ്വർണം ചികിത്സയ്ക്കായി എടുത്ത് നൽകണമെന്നാവശ്യപ്പെട്ടാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ നീനു ബെന്നി മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയായ യുവാവിനെ സമീപിച്ചത്. സ്വർണം എടുക്കാൻ ഒമ്പത് ലക്ഷം രൂപ ആവശ്യമാണെന്ന് യുവതി അറിയിച്ചു. ഇതനുസരിച്ച് യുവാവ് പണം കൈമാറി.
തുടർന്ന് യുവാവിനൊപ്പം എരുമേലി ടൗണിലെ സ്ഥാപനത്തിലെത്തിയ യുവതി, യുവാവിനെ പുറത്ത് നിർത്തിയ ശേഷം പണയം എടുക്കാനെന്ന വ്യാജേന സ്ഥാപനത്തിനുള്ളിൽ പ്രവേശിച്ചു. ഏറെ സമയം കഴിഞ്ഞിട്ടും യുവതി പുറത്തേക്ക് വരാതിരുന്നതോടെ യുവാവ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി വ്യക്തമായത്. സ്ഥാപനത്തിന്റെ ഒരു വഴിയിലൂടെ കയറിയ യുവതി മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പർദ്ദ ധരിച്ചെത്തിയ യുവതിയുടെയും ഉപയോഗിച്ച ഇരുചക്ര വാഹനത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ദൃശ്യങ്ങൾ അവ്യക്തമായിരുന്നു. എരുമേലിയെക്കുറിച്ച് വ്യക്തമായ അറിവുള്ള യുവതിയും മറ്റ് പ്രതികളും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതികൾ രക്ഷപ്പെട്ട കാറിനെക്കുറിച്ചുള്ള നിർണായക വിവരം ലഭിച്ചതോടെയാണ് പ്രതികളെ കണ്ടെത്താനായത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ് പി സാജു വർഗ്ഗീസ്, എരുമേലി എസ്.എച്ച്.ഒ ഇ.ഡി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതികളെ 14 ദിവസത്തേക്ക് കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

