HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവ്: പ്രതി ചേര്‍ത്തത് ഡോ. ലളിതാംബികയെ മാത്രം; ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പ്രതിയല്ല

വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്ത് പൊലീസ്

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്ത് കേസെടുത്ത് പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയോ മറ്റ് ഡോക്ടേഴ്‌സോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തി സുരക്ഷയ്ക്കും അപകടകരമാംവിധം പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍. വയറ്റില്‍ കുടുങ്ങിയ കത്രിക മൂലം അഞ്ച് വര്‍ഷത്തോളം വേദന അനുഭവിച്ച ഉഷ ജോസഫിന്റെ ബന്ധുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 


ബിഎന്‍എസ് 125, 125(എ) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അമ്പലപ്പുഴ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ഡജ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഡോ. ഷാഹിദയെ ഉള്‍പ്പെടെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ഉഷയുടെ ബന്ധു അമ്പലപ്പുഴ സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിച്ചത്. 2021 മെയ് മാസം ശസ്ത്രക്രിയ നടത്തിയ ഗൈനക്കോളജി വകുപ്പിന്റെ മേധാവിയാണ് കേസില്‍ പ്രതിചേര്‍ത്ത ഡോ. ലളിതാംബിക. കത്രിക ഏറെക്കാലം വയറ്റിനുള്ളില്‍ കുടുങ്ങിയാലും ഒന്നും സംഭവിക്കില്ലെന്ന വിചിത്രവാദവുമായി ഡോ. ലളിതാംബിക രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.


സംഭവത്തില്‍ ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഷാഹിദ ജെ, നഴ്സിംഗ് ഓഫീസര്‍ ധന്യ പി എസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കൊളേജ് പ്രിന്‍സിപ്പലിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡോ. ഷാഹിദ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് ഉഷാ ജോസഫ് എന്ന വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. കത്രിക വയറ്റില്‍ കുടുങ്ങി അഞ്ച് വര്‍ഷത്തോളം കൊടിയ വേദന അനുഭവിച്ച ഉഷയുടെ ദുരിതം ട്വന്റിഫോറാണ് വാര്‍ത്തയാക്കിയത്.


ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടര്‍ച്ചയായ രക്തസ്രാവവുമുണ്ടായി. വര്‍ഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവില്‍ ഒരു യൂറോളജി ഡോക്ടറാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം വിശദമായി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും പ്രതികരിച്ചിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS