പാല മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ കേരള കോണ്‍ഗ്രസ് എം നീക്കം. കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചാല്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വവും എന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിനെ അഭീമുഖീകരിക്കുന്നതിന് മുന്‍പ് മണ്ഡലത്തിലെ പൊതുപരിപാടികളില്‍ സജീവ സാന്നിധ്യമാവുകയാണ് നിഷ ജോസ് കെ മാണി.
കേരള രാഷ്ട്രീയത്തിലെ വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലമായ പാലയില്‍ ആര് മത്സരിക്കുമെന്നത് കേരളം ഉറ്റുനോക്കുന്ന കാര്യമാണ്. കെ എം മാണിയുടെ പാരമ്പര്യം പേറുന്ന മണ്ഡലത്തില്‍ ഇത്തവണ ചൂടേറിയ പോരാട്ടമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനും ബിജെപി സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജും സീറ്റ് ഉറപ്പിച്ചതോടെ പാലയില്‍ കടുത്ത പോരാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്നില്‍ കണ്ടാണ് റോഷി അഗസ്റ്റിന്‍ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയായി നിര്‍ദേശിച്ചതെന്നാണ് വിവരം. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ജോസ് കെ മാണി സംസാരിക്കുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങിയായിരുന്നു പാലായില്‍ ആര് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റോഷി അഗസ്റ്റിന്‍ ജോസ് കെ മാണിയുടെ പേര് നിർദേശിച്ചത്. തൊട്ടടുത്ത ദിവസവും പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ ആവർത്തിച്ചിരുന്നു. എന്നാല്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാട്. ഇതേത്തുടര്‍ന്ന് ജോസും റോഷിയും രണ്ട് വഴിക്കാണ് എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു.
അടുത്ത ഡിസംബര്‍ വരെ രാജ്യസഭയില്‍ ജോസ് കെ മാണിക്ക് കാലാവധിയുണ്ട്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ പാലായിലെ ജനങ്ങള്‍ കൈവിട്ടാല്‍ രാജ്യസഭാ സ്ഥാനം കൂടി ചോദ്യം ചെയ്യപ്പെടുമോ എന്ന സംശയവും നിലനില്‍ക്കുന്നു. ഇതിന് പിന്നാലെയാണ് നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജോസ് കെ മാണി ഒരുങ്ങുന്നതെന്നാണ് റോഷിയുടെ അനുയായികളുടെ വിമര്‍ശനം. പാലായിലെ നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെ റോഷി അനുകൂലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പാലായില്‍ നിഷ വിജയിക്കുകയും ജോസ് കെ മാണി രാജ്യസഭാംഗമായി തുടരുകയും ചെയ്താല്‍ പാര്‍ട്ടിയിലെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയും റോഷി വിഭാഗത്തിനുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ പാലയിലെ നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പരമാവധി പ്രതിരോധം തീര്‍ക്കുകയാണ് റോഷി വിഭാഗം.


