HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഒരു ലക്ഷത്തിലേറെ വരുമാനമുള്ള കേന്ദ്രസർക്കാർ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക്; ഇടുക്കി ജില്ലാ ആശുപത്രിയുടെ ‘അധിക കരുത്തായി’ അരുൺകുമാർ

ചെറുതോണി: അരുൺ ഇന്ന് ഇടുക്കി ജില്ലാ ആശുപത്രിയുടെ എല്ലാമെല്ലാമാണ്.


ചെറുതോണിയിലെ ജില്ലാ ആശുപത്രിക്ക് മുന്നിൽ തകൃതിയായി നടക്കുന്ന ഒരു വെൽഡിങ് ജോലിയുടെ വീഡിയോ കണ്ടവർക്കൊന്നും അരുൺകുമാർ പുരുഷോത്തമനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. എന്നാൽ അതിനപ്പുറമുള്ള ലോകത്തിന് ഈ യുവാവ് ഒരു അത്ഭുത കാഴ്ചയാണ്. ഒരു ലക്ഷത്തിലേറെ രൂപ ശമ്പളമുള്ള കേന്ദ്രസർക്കാർ ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലെ ആശുപത്രിയിൽ സേവനത്തിനിറങ്ങിയ അരുൺ ഇന്ന് ഇടുക്കി ജില്ലാ ആശുപത്രിയുടെ എല്ലാമെല്ലാമാണ്.


ഓപ്പറേഷൻ തിയേറ്ററിൽ രോഗികളുടെ മുറിവുകൾ തുന്നിക്കെട്ടുന്നിടത്തും, പുറത്തേക്ക് ആശുപത്രി ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നിടത്തും അദ്ദേഹത്തെ കാണാം. പിഎസ്‌സി പരീക്ഷയിലൂടെ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ഒരാൾ ഇതെല്ലാം എന്തിന് ചെയ്യുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഒറ്റവാക്ക് — സന്തോഷം. കായകൽപ പുരസ്‌കാരം ലക്ഷ്യമിട്ട് ആശുപത്രിയിൽ നടക്കുന്ന മികവുറ്റ പ്രവർത്തനങ്ങൾക്ക് അധിക കരുത്താവുകയാണ് അരുണിന്റെ ‘അധികപ്പണി’. അധികകൂലി ഒന്നും വാങ്ങാതെ, കഴിഞ്ഞ മഴക്കാലത്ത് തകർന്ന ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ കൗണ്ടർ പുനർനിർമിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. ജീവനക്കാരിൽ നിന്ന് സ്വരൂപിച്ച തുകയും സ്വന്തം സമ്പാദ്യവും ചേർത്താണ് പല ഉപകരണങ്ങളും നിർമിച്ചതും പുതുക്കിപ്പണിതതും.


കോവിഡ് കാലത്ത് സ്വാബ് കളക്ഷൻ സംവിധാനം, പ്രസവ വാർഡിലേക്കുള്ള ഇൻജക്ഷൻ ട്രേ, ആശുപത്രിയിലെ സ്ലൈഡിങ് ഡോർ, ഓപ്പറേഷൻ തിയേറ്ററിനുള്ളിലെ ചെരുപ്പ് വാഷ് സ്റ്റാൻഡ്, വാർഡിലേക്കുള്ള ട്രോളി തുടങ്ങി എണ്ണിപ്പറയാനാവാത്ത ഉപകരണങ്ങൾ അരുണിന്റെ കരവിരുതിൽ രൂപം കൊണ്ടവയാണ്. ഇതിലൂടെ ആരോഗ്യവകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ ലാഭവും ലഭിച്ചു.


തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയായ അരുൺ പഠനത്തിൽ മികവുറ്റവനായിരുന്നു. ദാരിദ്ര്യത്തിനിടയിലും പഠനത്തോടൊപ്പം ജോലി ചെയ്ത് വളർന്ന അദ്ദേഹം ഏഴാം ക്ലാസ് മുതൽ ആശാരിപ്പണിയിൽ ഏർപ്പെട്ടിരുന്നു. പ്ലസ് ടു ഉയർന്ന മാർക്കോടെ പാസായ ശേഷം മുട്ടം ഗവൺമെന്റ് സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ ചേർന്നു. മികച്ച മാർക്കോടെ ബിരുദം നേടിയ ശേഷം 2010 വരെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ താത്കാലിക സേവനം അനുഷ്ഠിച്ചു.


2010-ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പോണ്ടിച്ചേരിയിലെ ജിപ്മെറിൽ സ്റ്റാഫ് നഴ്‌സായി നിയമിതനായി. 2018 വരെ അവിടെ സേവനമനുഷ്ഠിച്ചു. ഒരു ലക്ഷത്തിലേറെ രൂപ വരുമാനമുണ്ടായിരുന്ന ആ ജോലി ഉപേക്ഷിക്കാൻ കാരണമായത് നാട്ടിൽ തന്നെ ജീവിക്കണമെന്ന അടങ്ങാത്ത ആഗ്രഹം. 2018-ൽ കേരള പിഎസ്‌സി വഴി ആരോഗ്യവകുപ്പിൽ നഴ്‌സിംഗ് ഓഫീസറായി നിയമനം ലഭിച്ചു. ഇടുക്കി ജില്ലാ ആശുപത്രിയിലെത്തിയതോടെയാണ് കരകൗശല വൈദഗ്ധ്യം കൂടുതൽ പ്രകടമായത്. സ്രവ പരിശോധന കിയോസ്ക് മുതൽ ആരോഗ്യ ഇൻഷുറൻസ് കൗണ്ടർ വരെ നിരവധി സംവിധാനങ്ങൾ അദ്ദേഹം പുതുക്കിപ്പണിതു.


സഹപ്രവർത്തകരുടെ പൂർണ പിന്തുണയും ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസിന്റെ പ്രോത്സാഹനവുമാണ് തൻറെ കരുത്തെന്ന് അരുൺ പറയുന്നു. ജിപ്മെറിലും പിന്നീട് ഇടുക്കിയിലേക്കും അരുണിന്റെ വഴിയേ എത്തിയതാണ് നഴ്‌സിംഗ് ഓഫീസറായ ഭാര്യ ആര്യ കെ. ചന്ദ്രനും. നാല് മക്കളാണ് ഇവർക്കുള്ളത്. കട്ടപ്പനയിൽ സ്ഥിരതാമസമാക്കിയ അരുൺ ഒഴിവുസമയങ്ങളിൽ വീട്ടിൽ തന്നെ ക്രാഫ്റ്റ് വർക്കുകൾ ചെയ്ത് ആനന്ദം കണ്ടെത്തുന്നു. ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടിയ സേവനത്തിന് 2025-ൽ മികച്ച നഴ്‌സിംഗ് ഓഫീസർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുമുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA