HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിൽ വാണിജ്യ ഗ്യാസ് സിലിണ്ടർ ക്ഷാമം രൂക്ഷം; ഹോട്ടലുകൾ അടച്ചുപൂട്ടൽ തുടങ്ങി, നാളെയോടെ പ്രതിസന്ധി കൂടുതൽ കടുക്കുമെന്ന ആശങ്ക

ഇടുക്കി: ജില്ലാ ആസ്ഥാന മേഖലയിൽ വാണിജ്യ ഗ്യാസ് സിലിണ്ടർ ക്ഷാമം രൂക്ഷം


ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിലെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം ഹോട്ടൽ മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുന്നു. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകൾ ലഭ്യമാകാത്തതാണ് ഹോട്ടൽ മേഖലയെ ബാധിച്ചിരിക്കുന്നത്. പല സ്ഥാപനങ്ങൾക്കും നിലവിലുണ്ടായിരുന്ന സ്റ്റോക്ക് തീർന്നതോടെ പ്രവർത്തനം തുടരാൻ ബുദ്ധിമുട്ട് നേരിടുകയാണ്.


ഇടുക്കി ജില്ലാ ആസ്ഥാനമായ പൈനാവ്, ചെറുതോണി, തടിയമ്പാട്, കരിമ്പൻ തുടങ്ങിയ പ്രധാന ടൗണുകൾ ഇന്ന് ഉച്ചയോടെ നിശ്ചലമായ അവസ്ഥയിലായി. ഈ പ്രദേശങ്ങളിലെ നിരവധി ഹോട്ടലുകൾ ഭാഗികമായും പൂർണ്ണമായും അടച്ചു കഴിഞ്ഞു. നിലവിലുള്ള ഗ്യാസ് സ്റ്റോക്ക് തീരുന്ന മുറയ്ക്ക് ബാക്കിയുള്ള സ്ഥാപനങ്ങളും അടയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഉടമകൾ പറയുന്നു.


വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾ ലഭിക്കാത്തതോടെ ചെറുകിട കച്ചവടക്കാരും വഴിയോര ഭക്ഷണശാലകളും കടുത്ത പ്രതിസന്ധിയിലായി. ടൗണുകളിലെത്തുന്ന ഉദ്യോഗസ്ഥരും സാധാരണക്കാരും ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 


പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകെ എൽപിജി വിതരണവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് ഇടുക്കിയിലും പ്രതിസന്ധി രൂക്ഷമായത്. നാളെയോടെ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഗ്യാസ് ഏജൻസികൾ വ്യക്തമാക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് ആവശ്യത്തിന് സിലിണ്ടറുകളുടെ ലോഡ് എത്തുന്നുണ്ടെന്നും വിതരണത്തിൽ തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.


എന്നാൽ ഒരേസമയം നിരവധി ആളുകൾ ഗ്യാസ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത് ബുക്കിംഗ് സംവിധാനത്തിലെ സെർവറുകളുടെ ശേഷിയെ ബാധിച്ചിരിക്കുകയാണ്. പ്രതിസന്ധി ഭയന്ന് ആവശ്യമില്ലാത്തവർ പോലും സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത് ബുക്കിംഗ് എണ്ണം വർധിക്കാൻ കാരണമായി. ഇതോടെ വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും പലപ്പോഴും പ്രവർത്തനരഹിതമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയിൽ ഉടൻ മാറ്റമില്ലെങ്കിൽ ഹോട്ടൽ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS