കോതമംഗലത്തെയും പരിസരങ്ങളിലെയും കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വൻ തോതിൽ ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയും യുവാവും എക്സൈസ് സംഘത്തിന്റെ വലയിലായത്. ഇടുക്കി സ്വദേശിനിയായ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശിയായ അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 37 ഗ്രാം എം.ഡി.എം.എ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ബെംഗളൂരുവിൽ നിന്നുമാണ് ഇവർ മാരക ലഹരിമരുന്നായ എം.ഡി.എം.എ കോതമംഗലത്ത് എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് വിദ്യാർത്ഥികൾക്കിടയിൽ ചെറുകിട വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. ലഹരി ഇടപാടുകൾ ഏകോപിപ്പിക്കുന്നതിനായി പ്രതികൾ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾക്ക് ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ നൽകിയവരെക്കുറിച്ചും, കോതമംഗലത്ത് ഇവരിൽ നിന്നും ലഹരി വാങ്ങുന്നവരെക്കുറിച്ചും എക്സൈസ് സംഘം വിശദമായി അന്വേഷിച്ച് വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാനാണ് സാധ്യത.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





