സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് 9 ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ മാസം 28 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
നാളെയോടെ കേരളത്തിൽ കാലവർഷം എത്തും എന്നുള്ള പ്രവചനം ഉണ്ടായിരുന്നെങ്കിലും വൈകാനാണ് സാധ്യത. കഴിഞ്ഞവർഷം കേരളത്തിൽ മെയ് 24ന് കാലവർഷം എത്തിയിരുന്നു. അതേസമയം വേനൽ മഴയിൽ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. ഇടിമിന്നലിനും, ശക്തമാ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.






