ഇടുക്കി മെഡിക്കൽ കോളേജിലെ നീതി മെഡിക്കൽ സ്റ്റോറിനെ തകർക്കാൻ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി ആക്ഷേപം. പാവപ്പെട്ട രോഗികൾക്ക് 24 മണിക്കൂറും മരുന്നും ലാബ് സൗകര്യവും നൽകുന്ന സ്ഥാപനത്തിനെതിരെയുള്ള നീക്കം രാഷ്ട്രീയ പാപ്പരത്തമാണെന്നും, ഇതിന് പിന്നിൽ സ്വകാര്യ ലോബിയാണെന്നും ചെറുതോണിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സഹകരണ ആശുപത്രി ഭരണസമിതി ആരോപിച്ചു.
സർക്കാർ ഉത്തരവിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും നിർദ്ദേശപ്രകാരം, ജില്ലാ കളക്ടർ അധ്യക്ഷനായ മെഡിക്കൽ കോളേജ് വികസന സമിതിയുടെ അനുമതിയോടെയാണ് മെഡിക്കൽ കോളേജിനുള്ളിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത്. കാരുണ്യ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലെ കിടപ്പുരോഗികൾക്ക് രാപ്പകൽ വ്യത്യാസമില്ലാതെ സൗജന്യമായി മരുന്ന് എത്തിക്കുന്ന ഏക ആശ്രയമാണിത്.
വൻതുക കുടിശ്ശിക വന്നതിനെ തുടർന്ന് മുൻപ് കരാറെടുത്ത വാഴത്തോപ്പ് ബാങ്ക്, കൺസ്യൂമർഫെഡ് തുടങ്ങിയ ഏജൻസികൾ പിന്മാറിയപ്പോഴാണ് സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി റീടെണ്ടറിലൂടെ ചെറുതോണി സഹകരണ ആശുപത്രി ഈ ചുമതല ഏറ്റെടുത്തത്. രോഗികൾ മരുന്നിനായി ഒന്നര കിലോമീറ്റർ അകലെയുള്ള ചെറുതോണി ടൗണിലേക്ക് പോകേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന കമ്മീഷൻ കണ്ടെത്തലിനെ തുടർന്നാണ് റാമ്പിനടിയിലെ സ്ഥലം മെഡിക്കൽ സ്റ്റോറിനായി വാടകയ്ക്ക് നൽകിയത്. സ്വന്തം ചെലവിൽ ഫർണിഷിംഗ് നടത്തി, എട്ട് വനിതാ ജീവനക്കാരുമായി കഴിഞ്ഞ രണ്ട് വർഷമായി ഈ സേവനം മുടങ്ങാതെ മുൻപോട്ട് കൊണ്ടുപോകുകയാണ്. ഇൻഷുറൻസ് തുക വലിയ തോതിൽ കുടിശ്ശികയായിട്ടും സേവനം നിർത്തിവെച്ചിട്ടില്ല.
വസ്തുതകൾ ഇതായിരിക്കെ, ഇത് സ്വകാര്യ സ്ഥാപനമാണെന്ന് വരുത്തിത്തീർക്കാൻ ജില്ലാ പഞ്ചായത്ത് അംഗം വ്യാജപ്രചാരണം നടത്തുകയാണെന്ന് ഭരണസമിതി ആരോപിച്ചു. സ്വകാര്യ മരുന്ന്-ലാബ് ഉടമകളെ സഹായിക്കാനുള്ള ഈ രാഷ്ട്രീയ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രസിഡന്റ് കെ.യു. വിനു, മാനേജിംഗ് ഡയറക്ടർ സജി തടത്തിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






