നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി പുറത്തുവിട്ട വീഡിയോ സന്ദേശം പ്രഹസനമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, വിദ്യാർത്ഥികളെ മർദിച്ചവർക്കെതിരെ നടപടിയെടുക്കുക തുടങ്ങി മൂന്ന് പ്രധാന ആവശ്യങ്ങളും രാഹുൽ മുന്നോട്ടുവെച്ചു.
"മിസ്റ്റർ മോദി, ഞങ്ങളുടെ വിദ്യാർത്ഥികൾ ധർമേന്ദ്ര പ്രധാന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. പരിതാപകരമായ ഈ അർധരാത്രി വീഡിയോ കാണിച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. 1. പ്രധാനെ പുറത്താക്കുക. 2. വിദ്യാർത്ഥികളെ തല്ലിയവരെ ശിക്ഷിക്കുക. 3. മാപ്പ് പറയുക," രാഹുൽ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ കോക്റോച്ച് ജനത പാർട്ടി (സിജെപി) യുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കനക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച അർധരാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ചോദ്യപ്പേപ്പർ ചോർച്ചയിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നൽകുമെന്നും മോദി അറിയിച്ചു.
നേരത്തെ, പരീക്ഷാ ക്രമക്കേടുകളിൽ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി, കുറ്റക്കാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ദില്ലി ഹൈക്കോടതി ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചു. ജസ്റ്റിസ് അനു ഗ്രോവർ ബലിഗ ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജിയാകും. ഇതിനിടെ, സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് 26 ദിവസമായി തുടരുന്ന നിരാഹാര സമരം സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് അവസാനിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെയും സാന്നിധ്യത്തി സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





