HONESTY NEWS ADS

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി ഒടുവിൽ പിടിയിൽ

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി ഒടുവിൽ പിടിയിൽ


നീണ്ട തിരച്ചിലിനൊടുവിൽ ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയിൽ. കണ്ണൂരിൽ നിന്നാണ് പൊലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയങ്കിയെ കസ്റ്റ‍ഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.


കടലിൽ കാണാതായവരെ കിട്ടിയോ എന്നായിരുന്നു കസ്റ്റഡിയിൽ എടുത്ത പൊലീസുകാരോടുള്ള അർജുൻ ആയങ്കിയുടെ ചോദ്യം. അർജുൻ ആയങ്കിയുടെ വൈദ്യപരിശോധന പൂർത്തിയായി. കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കും. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിനിടെ സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറക്കിയ അർജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു.


'ജീവിതം നശിപ്പിച്ച ആളായതുകൊണ്ടാണ് വീഡിയോ ഇട്ടതെന്നാ'യിരുന്നു കോതമംഗലം സി ഐക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ അർജുൻ ആയങ്കിയുടെ പ്രതികരണം.


മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയിൽ കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കണ്ണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 'വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്' എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി. കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് തിരഞ്ഞിരുന്നത്. ഇതിനിടെ ഒളിവിലിരുന്ന് പൊലീസിനെയും സർക്കാരിനെയും സോഷ്യൽ മീഡിയയിലൂടെ നിരന്തരം വെല്ലുവിളിക്കുന്ന സമീപനമാണ് അർജുൻ ആയങ്കി സ്വീകരിച്ചത്.


തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് ശനിയാഴ്ചയാണ് അർജുൻ ആയങ്കി ഏറ്റവും ഒടുവിലായി വീഡിയോ സന്ദേശം പങ്കുവെച്ചത്. വെടിവെയ്ക്കുമെന്ന് വാർത്തകൊടുത്താൽ താൻ കീഴടങ്ങുമെന്നാണ് അവർ കരുതിയിരിക്കുന്നതെന്ന് അർജുൻ വീഡിയോയിൽ പരിഹസിച്ചിരുന്നു. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചതായാണ് അവർ പറയുന്നത്. തനിക്കെതിരെ എടുത്ത കള്ളക്കേസ് പുനരന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. അതെങ്ങനെ വെല്ലുവിളിയാകുമെന്ന് അർജുൻ ആയങ്കി വീഡിയോയിൽ ചോദിച്ചിരുന്നു. ഒരു മനുഷ്യൻ പറയുന്നതായി കണ്ടാൽ മതി. പാർട്ടിയൊക്കെ രണ്ടാമതാണ്. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ 23 ഓളം കേസുകൾ എടുത്തതായാണ് അറിയുന്നത്. ആകെ മുങ്ങിയാൽ കുളിരില്ല എന്നുണ്ട്. താൻ ആകെ മുങ്ങിയിട്ടാണ് ഉള്ളത്. ജീവപര്യന്തം തടവിലിട്ടാലും തനിക്ക് പ്രശ്‌നമില്ലെന്നും അർജുൻ ആയങ്കി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.


നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനും അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. അർജുൻ ആയങ്കിക്ക് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലായെന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. 'ഞങ്ങള്‍ക്കെന്ത് ബന്ധമാണ് ആയങ്കിയുമായി? ഞങ്ങളുമായി യാതൊരു ബന്ധവുമില്ല. അത് മുന്നേ പറഞ്ഞതാണ്', എന്നായിരുന്നു എം വി ഗോവിന്ദൻ പ്രതികരിച്ചത്. അര്‍ജുന്‍ ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണം എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ്റെ പ്രതികരണം. തൂക്കിക്കൊല്ലുകയല്ല പിടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


'ആയങ്കിയെ പിടിക്കാനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. എവിടെയാണോ അവിടെ പോയി പിടിക്കണ'മെന്നും അദ്ദേഹം പറഞ്ഞിരുന്നു. എം വി ജയരാജനും ഫേസ്ബുക്ക് പോസ്റ്റിലൂടെ അർജുൻ ആയങ്കി മറുപടി നൽകിയിരുന്നു. തനിക്ക് അയിത്തം കല്‍പ്പിക്കുന്നതിനും തള്ളിപ്പറയുന്നതിനും മുന്‍പ് താനീ പ്രസ്ഥാനത്തിലുണ്ടായിരുന്നുവെന്നാണ് അര്‍ജുന്‍ കുറിച്ചത്. 'അഞ്ച് കിലോമീറ്റര്‍ അപ്പുറത്തൊരു സഖാവിന് കുത്തേല്‍ക്കുമ്പോള്‍ രക്തം തിളച്ച് തിരിച്ചടിക്കാന്‍ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്. ഈ പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ടതെന്നും അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.


നേരത്തെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെ പൊലീസിനെ കുറ്റപ്പെടുത്തിയും ഒളിവിലുള്ള തന്നെ പിടികൂടാൻ കൂടാൻ വെല്ലുവിളിച്ചും അർജുൻ ആയങ്കി സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ ഇട്ടിരുന്നു. ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല തുടങ്ങിയ വെല്ലുവിളികൾ നടത്തിയ അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന് കഴിയാത്തതിൽ വിമർശനം ഉയർന്നിരുന്നു.


അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ കടക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എടപ്പാളിലെ ആയുര്‍ ഗ്രീന്‍ ആശുപത്രിയിലെ കഫേയിൽ നിന്ന് അ‍ർജുനും സംഘവും ചായ കുടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നതോടെ പൊലീസിനെതിരെയുള്ള വിമർശനം ശക്തമായിരുന്നു. അ‍ജുൻ ആയങ്കിയെ രക്ഷപ്പെടാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് സഹോദരൻ അഖിലിനെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരുന്നു.


പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് അ‍ർജുൻ ആയങ്കി രക്ഷപ്പെട്ട വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്ന് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എടപ്പാളിൽ നീല സ്വിഫ്റ്റ് കാറിൽ അര്‍ജുന്‍ ആയങ്കിക്കൊപ്പം എത്തിയ എടപ്പാള്‍ വട്ടംകുളം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍, നൗഫല്‍, അഷ്‌കര്‍ തുടങ്ങിയവരെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.


കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS