HONESTY NEWS ADS

അടിമാലി റൂട്ടിൽ വീണ്ടും വാഹനാപകടം: തിങ്കൾക്കാട് കൊടുംവളവിൽ ലോറി മരത്തിൽ തങ്ങിനിന്ന് അത്ഭുത രക്ഷപ്പെടൽ; സുരക്ഷാവേലികൾ തകർന്ന നിലയിൽ

തിങ്കൾക്കാട് കൊടുംവളവിൽ ലോറി മരത്തിൽ തങ്ങിനിന്ന് അത്ഭുത രക്ഷപ്പെടൽ


നെടുങ്കണ്ടം–അടിമാലി പാതയിലെ തിങ്കൾക്കാട് കൊടുംവളവിൽ ചരക്കുലോറി കൊക്കയിലേക്ക് മറിയാതെ മരത്തിൽ തങ്ങിനിന്ന് വൻ ദുരന്തം ഒഴിവായി. ഇക്കഴിഞ്ഞ രാത്രി തമിഴ്‌നാട്ടിൽ നിന്നും എത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. കൊക്കയുടെ വക്കിലെ മരത്തിൽ തങ്ങിനിന്നതിനാൽ ലോറിയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.


മുനിയറയ്ക്ക് മുൻപുള്ള ഭാഗത്തെ കൊടുംവളവുകളും കടുപ്പമേറിയ കുത്തിറക്കവുമാണ് ഇവിടെ അപകടങ്ങൾക്ക് പ്രധാന കാരണം. നിരപ്പായ റോഡിലൂടെ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ഈ കൊടുംവളവുകളിലേക്കും ഇറക്കത്തിലേക്കും പ്രവേശിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും അഗാധമായ കൊക്കയാണുള്ളത്. രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്ത് ഒരു ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു. മൂന്ന് വർഷം മുൻപ് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.


സുരക്ഷാ സംവിധാനങ്ങളില്ല; അനാസ്ഥയെന്ന് നാട്ടുകാർ

പ്രദേശത്തെ അപകട വളവുകളിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്.


അപായ സൂചന നൽകുന്ന മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇവിടെയില്ല.


തകർന്ന ക്രാഷ് ഗാർഡുകൾ ഉടൻ പുനർനിർമ്മിക്കുകയും ആവശ്യമായ സംരക്ഷണ വേലികളും സൂചനാ ബോർഡുകളും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS