ഇടുക്കി പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഓഫീസിൽ സീലിംഗ് അടർന്ന് വീണു. സീലിംഗ് ഇളകുന്ന ശബ്ദം കേട്ട് ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാർ സമയോചിതമായി ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പൈനാവ് എസ്.ബി.ഐ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഓഫീസിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ഓഫീസിലെ സീലിംഗിന്റെ ഒരു ഭാഗം വലിയ ശബ്ദത്തോടെ അടർന്ന് താഴേക്ക് വീണത്.
സംഭവ സമയത്ത് ഓഫീസിൽ 16 ജീവനക്കാർ ഉണ്ടായിരുന്നു. ജോലി ചെയ്തുകൊണ്ടിരുന്ന മൂന്ന് ജീവനക്കാരുടെ മുകളിലേക്കാണ് സീലിംഗ് വീഴാൻ പോയത്. എന്നാൽ സീലിംഗ് ഇളകുന്ന ശബ്ദം കേട്ടയുടൻ ഇവർ ഓടി മാറുകയായിരുന്നു. ഇതോടെയാണ് ജീവാപായം ഉൾപ്പെടെയുള്ള വലിയ അപകടങ്ങൾ ഒഴിവായത്.
2022 നവംബറിൽ നിർമ്മിതിയാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പുതിയ കെട്ടിടത്തിൽ സീലിംഗ് അടർന്ന് വീണ സംഭവം നിർമ്മാണ നിലവാരത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർത്തിയിരിക്കുകയാണ്. വനിതാ സംരക്ഷണ ഓഫീസ്, ജില്ലാ തല ഐ.സി.ഡി.എസ് സെൽ, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവ ഉൾപ്പെടെ മൂന്ന് ഓഫീസുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഏകദേശം 60 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സംഭവത്തിൽ കെട്ടിടത്തിന്റെ സുരക്ഷയും നിർമ്മാണ നിലവാരവും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.



