ഓണാഘോഷങ്ങൾക്കായി പണം പിൻവലിക്കാൻ എത്തുന്ന സാധാരണക്കാരുടെ പ്രധാന ആശ്രയമായ ഇടുക്കി ജില്ലാ ആസ്ഥാനത്തെ ചെറുതോണി എസ്.ബി.ഐ എ.ടി.എമ്മാണ് ബാങ്ക് അധികൃതരുടെ അനാസ്ഥയെ തുടർന്ന് പൂട്ടിക്കിടക്കുന്നത്. വെറും 3,131 രൂപയുടെ വൈദ്യുതി ചാർജ് കുടിശ്ശിക വന്നതോടെയാണ് കെ.എസ്.ഇ.ബി ചെറുതോണി എ.ടി.എമ്മിലേക്കുള്ള വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിച്ചത്.
ചെറുതോണിയിലേക്കും ജില്ലാ ആസ്ഥാനത്തേക്കും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നൂറുകണക്കിന് ആളുകളും സമീപവാസികളും ആശ്രയിച്ചിരുന്ന കൗണ്ടറാണ് ഇപ്പോൾ നോക്കുകുത്തിയായി മാറിയിരിക്കുന്നത്. ദീർഘനാളായി ഈ എ.ടി.എമ്മിന്റെ പരിപാലനത്തിൽ ബാങ്ക് അധികൃതർ കടുത്ത അനാസ്ഥ കാട്ടുന്നതായി നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ ഷട്ടർ താഴ്ത്തി 'എ.ടി.എം പ്രവർത്തിക്കുന്നില്ല' എന്ന ബോർഡും തൂക്കിയിട്ടിരിക്കുകയാണ്. ഓണച്ചെലവുകൾക്കായി പണം എടുക്കാനെത്തുന്നവർ കിലോമീറ്ററുകൾ താണ്ടി മറ്റ് കൗണ്ടറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അടിയന്തരമായി വൈദ്യുതി കുടിശ്ശിക അടച്ചുതീർത്ത് എ.ടി.എം പ്രവർത്തനം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



