സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് വർധന. ഇന്ന് രണ്ട് തവണയായി പവന് 2320 രൂപയാണ് ആകെ വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,090 രൂപയിലും പവന് 1,04,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണിയിലെ സ്വാധീനം
അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻതിരിച്ചടി നേരിടുകയും ചെയ്തതിന് പിന്നാലെ ആഗോള വിപണിയിലുണ്ടായ വൻ ചലനങ്ങളാണ് സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില വർധനവിന് ആക്കം കൂട്ടിയത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങളും സാമ്പത്തിക തീരുമാനങ്ങളും വരുംദിവസങ്ങളിൽ വിപണിയെ കൂടുതൽ സ്വാധീനിച്ചേക്കാം. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും പണപ്പെരുപ്പ ഭീഷണിയും നിക്ഷേപകരെ സ്വർണത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്.
വിലയിലെ മാറ്റങ്ങൾ
രാവിലെ വിപണി തുറന്നപ്പോൾ സ്വർണവിലയിൽ നേരിയ വർധന മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെയുള്ള നിരക്ക് പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ വർധിച്ച് 12,825 രൂപയിലും പവന് 1,02,600 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ, ഉച്ചയോടെ സ്വർണവില വീണ്ടും കുതിച്ചുയരുകയായിരുന്നു. ഗ്രാമിന് ഒറ്റയടിക്ക് 265 രൂപയും പവന് 2120 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം വർധിച്ചത്. ഇതോടെയാണ് ഇന്നത്തെ ആകെ വർധന ഗ്രാമിന് 290 രൂപയും പവന് 2320 രൂപയുമായി മാറിയത്.
മറ്റ് കാരറ്റുകളിലെ സ്വർണവിലയിലും ഇന്ന് വലിയ വർധനയുണ്ടായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 225 രൂപ വർധിച്ച് 10,720 രൂപയിലും പവന് 85,760 രൂപയിലുമാണ് ഉച്ചയ്ക്ക് ശേഷം വ്യാപാരം പുരോഗമിക്കുന്നത്. രാവിലെ ഇത് ഗ്രാമിന് 10,495 രൂപയായിരുന്നു. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 രൂപ വർധിച്ച് 8,380 രൂപയും പവന് 67,040 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപ വർധിച്ച് 5,405 രൂപയും പവന് 43,240 രൂപയുമാണ് ഉച്ചയ്ക്ക് ശേഷമുള്ള നിരക്ക്. വെള്ളിവില ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2000 രൂപയിലും തുടരുകയാണ്.
പണിക്കൂലിയും നികുതിയും
സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് വില ഈടാക്കുന്നത് സ്വർണവില, പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്‌ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താണ്. ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന ആഭരണത്തിൻ്റെ ഡിസൈനുകളും നിർമാണവും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. മെഷീൻ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ആൻ്റിക്, കട്ടിങ് ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലായിരിക്കും. സാധാരണയായി വാങ്ങുന്ന വള, മാല തുടങ്ങിയവയ്ക്ക് ഒരു ഗ്രാമിന് 200 രൂപ മുതൽ 600 രൂപവരെ പണിക്കൂലി ഈടാക്കുന്നു. ചില ജ്വല്ലറികൾ ആകെത്തുകയുടെ അഞ്ച് ശതമാനം മുതൽ 15 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കാറുള്ളത്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


