ഇടുക്കിയിൽ മദ്യപിച്ച് വാഹനമോടിക്കൽ വ്യാപകം: പ്രത്യേക പരിശോധനയിൽ ഇതുവരെ 1554 കേസുകൾ; 37 പേർ പിടിയിൽ, കെ.എസ്.ആർ.ടി.സി ഡ്രൈവറും അറസ്റ്റിൽ

ഇടുക്കി: ജില്ലയിൽ മദ്യപിച്ച് വാഹനമോടിക്കൽ വ്യാപകം


ഇടുക്കി ജില്ലയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ പൊലീസ് നടത്തുന്ന കർശന പരിശോധനയിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. ഡ്രൈവ് ആരംഭിച്ച ഒക്ടോബർ 13 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1554 കേസുകൾ. സംഭവത്തിൽ 37 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 85 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ജില്ലയിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും കർശന വാഹന പരിശോധന നടക്കുന്നത്. കഴിഞ്ഞ മാസം 22 വരെയായിരുന്നു ഡ്രൈവ് പ്രാഥമികമായി നിശ്ചയിച്ചിരുന്നതെങ്കിലും, നിയമലംഘനങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ പരിശോധന ശക്തമായി തുടരാനാണ് പൊലീസിന്റെ തീരുമാനം.


മറ്റ് നിയമലംഘനങ്ങളും വ്യാപകം

മദ്യപിച്ചുള്ള ഡ്രൈവിംഗിന് പുറമെ മറ്റ് ട്രാഫിക് നിയമലംഘനങ്ങൾക്കും പൊലീസ് വ്യാപകമായി പിഴ ചുമത്തിയിട്ടുണ്ട്:


വഴിമുടക്കിയുള്ള പാർക്കിംഗ്: 2270 കേസുകൾ


അശ്രദ്ധമായി വാഹനമോടിക്കൽ: 104 കേസുകൾ


മറ്റ് മോട്ടോർ വാഹന നിയമലംഘനങ്ങൾ: 5566 കേസുകൾ


യാത്രക്കാരുടെ ജീവൻ പന്താടി കെ.എസ്.ആർ.ടി.സി ഡ്രൈവർ

സ്വകാര്യ-സ്കൂൾ ബസുകൾക്ക് പുറമെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി ജീവനക്കാരും ഇത്തരം ഗുരുതര അനാസ്ഥ കാട്ടുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിൽ നടന്ന സംഭവം. മദ്യലഹരിയിൽ ബസ് അലക്ഷ്യമായി ഓടിച്ച് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു.


കുമളിയിൽ നിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു സംഭവം. യാത്ര തുടങ്ങിയപ്പോൾ മുതൽ ഡ്രൈവറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെടുകയും പലയിടങ്ങളിലും ബസിന്റെ നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. അപകടം മണത്ത യാത്രക്കാർ ഇടപെട്ട് ബസ് റോഡരികിൽ നിർത്തിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് തെളിയുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.


സർക്കാർ സർവീസ് എന്ന ആനുകൂല്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ അധികൃതർ കാര്യമായ നടപടിയെടുക്കുന്നില്ലെന്ന പരാതി ശക്തമായിരിക്കെയാണ് ദീർഘദൂര റൂട്ടുകളിലടക്കം ഡ്രൈവർമാർ മദ്യപിച്ച് സ്റ്റിയറിങ് പിടിക്കുന്ന ഗുരുതര സംഭവം പുറത്തുവന്നിരിക്കുന്നത്. നിയമലംഘനം നടത്തുന്നവർ ആരായാലും വരും ദിവസങ്ങളിലും മുഖം നോക്കാതെ നടപടി തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


SAFIYA MEGA MART - CHERUTHONI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS