ജില്ലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ ഇടുക്കി മെഡിക്കൽ കോളേജിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ മെഡിക്കൽ കോളേജിന് ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്ന പുതിയ 108 ഐസിയു ആംബുലൻസ് അവസാന നിമിഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഐസിയു ആംബുലൻസ് സൗകര്യമുള്ള അടിമാലിയിലേക്ക് വീണ്ടും പുതിയ വാഹനം നൽകിയപ്പോൾ, വെന്റിലേറ്റർ ആംബുലൻസ് പോലുമില്ലാതെ രോഗികൾ നട്ടംതിരിയുന്ന മെഡിക്കൽ കോളേജിനെ അധികൃതർ പൂർണ്ണമായും തഴയുകയായിരുന്നു.
കാത്ത് ലാബ് സജ്ജമാകുമ്പോഴും ആംബുലൻസ് ഇല്ല
ഹൃദ്രോഗികൾക്കായുള്ള കാത്ത് ലാബ് ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമാകുന്നതിന്റെ അവസാന ഘട്ടത്തിലാണ്. ഇത്തരം നിർണ്ണായക ഘട്ടങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോട്ടയം മെഡിക്കൽ കോളേജിലേക്കോ മറ്റ് വിദഗ്ധ ആശുപത്രികളിലേക്കോ മാറ്റാൻ ഒരു ഐസിയു ആംബുലൻസ് അത്യന്താപേക്ഷിതമാണ്. എന്നാൽ, നിലവിൽ കട്ടപ്പനയിൽ നിന്നോ മറ്റ് വിദൂര സ്ഥലങ്ങളിൽ നിന്നോ ആംബുലൻസ് എത്താൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടിലാണ് രോഗികൾ.
പഴയ വാഗ്ദാനങ്ങൾ പാഴായി
മുമ്പ് ഇടുക്കി മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന ഏക ഐസിയു ആംബുലൻസ് തൊടുപുഴയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് പൂർണ്ണമായും തകർന്നിരുന്നു. തകർന്ന വാഹനത്തിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ പുതിയ വാഹനത്തിലേക്ക് മാറ്റി ഉടൻ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അന്ന് ഉറപ്പുനൽകിയതാണ്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല.
അവസാന നിമിഷത്തെ അട്ടിമറി
കെ.എം.എസ്.സി.എൽ (KMSCL) വഴി ലഭ്യമാക്കിയ പുതിയ 108 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ALS) ആംബുലൻസ് ഇടുക്കി മെഡിക്കൽ കോളേജിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വാഹനം ആദ്യം ചിത്തിരപുരത്തേക്കും, പിന്നീട് കലക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തിലെ തീരുമാനപ്രകാരം അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അടിമാലിയിൽ നിലവിൽ തന്നെ ഒരു ഐസിയു ആംബുലൻസ് പ്രവർത്തിക്കുന്നുണ്ട് എന്നിരിക്കെയാണ് ഈ അട്ടിമറി നടന്നത്.
മെഡിക്കൽ കോളേജിലെ പഴയ ആംബുലൻസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാറായെന്ന മുടന്തൻ ന്യായം നിരത്തിയാണ് ഉന്നതതല രാഷ്ട്രീയ ഇടപെടലിലൂടെ പുതിയ വാഹനം മാറ്റിയതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. വർഷങ്ങളായി കട്ടപ്പുറത്തായ പഴയ ആംബുലൻസ് എന്നത്തേക്ക് നിരത്തിലിറങ്ങുമെന്ന് ആർക്കും നിശ്ചയമില്ല. അത്യാഹിത വിഭാഗത്തിൽ എത്തുന്ന പാവപ്പെട്ട രോഗികളുടെ ജീവൻ പന്താടുന്ന ജനവിരുദ്ധ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും, പുതിയ 108 ഐസിയു ആംബുലൻസ് ഉടൻ ഇടുക്കി മെഡിക്കൽ കോളേജിന് വിട്ടുനൽകണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



