പത്മജ വേണുഗോപാല്‍ ബിജെപി വിടുന്നുവെന്ന് റിപ്പോർട്ട്; കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് സൂചന

പത്മജ വേണുഗോപാല്‍ ബിജെപി വിടുന്നതായി റിപ്പോര്‍ട്ടുകള്‍


പത്മജ വേണുഗോപാല്‍ ബിജെപി വിടുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാനായില്ല, അര്‍ഹിച്ച പരിഗണനയോ നേതൃസ്ഥാനങ്ങളോ ലഭിച്ചില്ല തുടങ്ങിയ കാരണങ്ങളാലാണ് പത്മജ പാര്‍ട്ടി വിടുന്നതെന്നാണ് വിവരങ്ങള്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. 2024 മാര്‍ച്ച് യിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന ശേഷം 2025 മാര്‍ച്ചില്‍ ദേശീയ കൗണ്‍സില്‍ അംഗമായി നിയമിച്ചതല്ലാതെ മറ്റു പ്രധാന പദവികളിലേക്കൊന്നും അവരെ പരിഗണിച്ചിരുന്നില്ല. ഇടയ്ക്ക് ഗവര്‍ണര്‍ പദവി നല്‍കുമെന്ന സൂചനകള്‍ ഉയര്‍ന്നുവെങ്കിലും അത് വാഗ്ദാനങ്ങളില്‍ മാത്രമായി ഒതുങ്ങി. പാര്‍ട്ടിയില്‍ വ്യക്തമായ അടയാളപ്പെടുത്തലിനോ സ്ഥാനമാനങ്ങള്‍ക്കോ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പത്മജ ബിജെപി ക്യാമ്പുമായി അകന്നത്.


ബിജെപി ഉപേക്ഷിക്കുന്ന പത്മജ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങാനാണ് സാധ്യത കൂടുതല്‍. ഇതുമായി ബന്ധപ്പെട്ട് ചില പ്രധാന വ്യക്തികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും, തിരിച്ചുവരവ് സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല.നേരത്തെ കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയത് ദേശീയതലത്തില്‍ ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു. അതിനാല്‍ പത്മജ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നത് ദേശീയതലത്തില്‍ ബിജെപിക്ക് തിരിച്ചടിയും കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടവുമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നു.


കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി പാര്‍ട്ടി വിട്ട പത്മജ, സ്വന്തം സഹോദരന്‍ കെ മുരളീധരനെ 'ചതിയന്‍' എന്ന് വിശേഷിപ്പിക്കുകയും നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. തൃശൂരിലെ കെ കരുണാകരന്റെ വസതിയായ മുരളി മന്ദിരത്തിലേക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പ്രവേശനമൊരുക്കിയത് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വലിയ മുറിവുണ്ടാക്കി. പദവികള്‍ പ്രതീക്ഷിച്ചാണ് മടങ്ങിവരവെന്ന ആക്ഷേപമുയര്‍ത്തി കോണ്‍ഗ്രസിലെ സൈബര്‍ വിഭാഗവും ഒരു വിഭാഗം നേതാക്കളും ഇവരെ തിരിച്ചെടുക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. പത്മജ തിരികെ എത്തിയാല്‍ പോലും പെട്ടെന്ന് വലിയ പദവികളൊന്നും ലഭിക്കാനിടയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


2001ല്‍ കെടിഡിസി (KTDC) അധ്യക്ഷയായാണ് പത്മജ സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. 2004ല്‍ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ (ഇന്നത്തെ ചാലക്കുടി) നിന്ന് മത്സരിച്ചെങ്കിലും ലോനപ്പന്‍ നമ്പാടനോട് പരാജയപ്പെട്ടു. 2016ലും 2021ലും തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോല്‍വി ഏറ്റുവാങ്ങി. തൃശൂര്‍ ഡിസിസിയുമായുള്ള അകല്‍ച്ചയെ തുടര്‍ന്നാണ് 2024 മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


YOUSHINE BEAUTY HUB - CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS