ആലപ്പുഴയിൽ പടർന്നുപിടിച്ച പക്ഷിപ്പനി കോട്ടയം ഇടുക്കി ജില്ലകളിലും ആശങ്ക വിതയ്ക്കുന്നു. കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ നെടുമുടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വ്യാപകമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. ഇതിനുപിന്നാലെ പതിനായിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കി. ക്രിസ്തുമസ് സീസൺ മുന്നിൽകണ്ട് വളർത്തിയ താറാവുകളെ ആണ് പക്ഷിപ്പനി ബാധിച്ചത് മൂലം കൊന്നൊടുക്കേണ്ട അവസ്ഥയിലേക്ക് കർഷകരെ എത്തിച്ചത്
അതിവേഗം പടർന്നു പിടിക്കുന്ന ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. രോഗം അതിവേഗം കാട്ടുതീപോലെ പടർന്നു പിടിക്കും എന്നതിനാൽ തന്നെ ഇത് സമീപ ജില്ലകളിലേക്ക് അതിവേഗം വ്യാപിക്കും എന്ന ആശങ്കയാണ് കർഷകർക്കുള്ളത്. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും, പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ് പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.2014 നവംബറിൽ കേരളത്തിലെ ഒന്നിലധികം ജില്ലകളിൽ പക്ഷിപനി പടർന്നുപിടിച്ചിരുന്നു.ആലപ്പുഴ, ഇടുക്കി പാലക്കാട് തൃശ്ശൂര് തുടങ്ങി നിരവധി ജില്ലകളില് ഇത് ഭീതി പരത്തി.
ക്രിസ്മസ് വിപണിയിൽ മുന്നിൽകണ്ട് ഇടുക്കി കോട്ടയം ജില്ലകളിൽ ആയിരക്കണക്കിന് ഫാമുകളിൽ ലക്ഷക്കണക്കിന് കോഴികളെയാണ് വളർത്തി കൊണ്ടിരുന്നത്. ഇപ്പോൾ ചിക്കന് 120 ന് മുകളിലാണ് വിപണിയിൽ വില ലഭിക്കുന്നത്. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വില വൻതോതിൽ ഇടിയും എന്ന ആശങ്കയും വ്യാപാരികൾക്കും ഉണ്ട്.