പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | ജനുവരി 22 | ശനി | 1197 | മകരം 8 | പൂരം 03.15PM
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ലോക് ഡൗണിനു സമാനമായ നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അതിര്‍ത്തികളിലും പരിശോധന. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കോവിഡ് വ്യാപനം തടയാനുള്ള നടപടിയെന്ന നിലയിലാണ് ഞായറാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തമിഴ്നാട്ടിലും ഞായറാഴ്ച നിയന്ത്രണമുണ്ട്.
സംസ്ഥാനത്ത് നാളെ കള്ളുഷാപ്പുകള്‍ തുറക്കും. വിദേശമദ്യശാലകള്‍, ബാറുകള്‍ എന്നിവ തുറക്കില്ല. ഞായറാഴ്ച നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് എക്സൈസ് കമ്മിഷണറുടെ ഉത്തരവ്. അടിയന്തര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തും.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. വിചാരണ പൂര്‍ത്തിയാക്കി അടുത്ത മാസം 16 നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി മാസങ്ങള്‍ക്കു മുമ്പേ ഉത്തരവിട്ടിരുന്നു. തുടരന്വേഷണവും അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന പുതിയ കേസും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്.
നടന്‍ ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകളുണ്ടെന്ന് ഹൈക്കോടതി. ഈ തെളിവുകള്‍ പരിശോധിച്ചാല്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്ന് സൂചനയുണ്ടെന്നും കോടതി വ്യക്തമാക്കി. അന്വേഷണം തടയാനാകില്ലെന്നും കോടതി നിരീക്ഷിക്കുന്നു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് നടക്കുന്ന വിചാരണക്കോടതിയില്‍ സാക്ഷി പറയാനെത്തിയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍. ഹൈക്കോടതിയിലാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്കെതിരേ വാദിച്ചത്.
വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാല്‍ അത് ഗൂഢാലോചനയാകുമോ എന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ദിലീപ് ശ്രമിച്ചെന്ന കേസിലാണ് ഹൈക്കോടതിയുടെ ഈ ചോദ്യം. അതിലേക്കു നയിക്കുന്ന പ്രവൃത്തി ഉണ്ടെങ്കിലല്ലേ ഗൂഢാലോചനയെന്ന കുറ്റം ആരോപിക്കാനാകൂ. കോടതി ആരാഞ്ഞു. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ദിലീപിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സ്റ്റാഫ് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ മാപ്പുസാക്ഷി കോടതിയില്‍. കാസര്‍കോട് സ്വദേശിയായ വിപിന്‍ ലാലാണ് ഹൊസ്ദുര്‍ഗ് കോടതിയെ സമീപിച്ചത്. ഒരു വര്‍ഷമായിട്ടും കുറ്റപത്രം പോലും സമര്‍പ്പിച്ചില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
ഈ മാസം 28 ന് ആരംഭിക്കാനിരുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതികൂടി ഇടപെട്ട് ഉത്തരവിറക്കിയ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിയത്. പുതിയ തീയതി പിന്നീടു തീരുമാനിക്കും.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു നല്‍കിയ നിയമോപദേശം കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കന്യാസ്ത്രീക്കുവേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ്.റാഫും അപ്പീല്‍ നല്‍കും.
സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ചോദ്യപ്പേപ്പര്‍ നിര്‍ണ്ണയ സമിതിയില്‍ നിന്ന് രണ്ടു വിഷയ വിദ്ഗധരെ പുറത്താക്കി. സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങളിലെ വിദഗ്ധരെയാണ് പുറത്താക്കിയത്. പന്ത്രണ്ടാം ക്ലാസിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും, പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും പേരിലാണ് നടപടി.
കോഴിക്കോട് കൊടിയത്തൂരില്‍ കശാപ്പിനായി കെട്ടിയിട്ട പോത്ത് വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് മണിക്കൂര്‍ നീണ്ട അധ്വാനത്തിനൊടുവിവിലാണ് പോത്തിനെ തളച്ചത്. ഇതിനിടെ നാട്ടുകാരന് പരിക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ് റോഡിലാണ് പുലര്‍ച്ചെ അഞ്ചോടെ പോത്ത് വിരണ്ടത്.
കേരള സ്റ്റേറ്റ് സെറികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് അപെക്സ് സൊസൈറ്റിയിലെ അനധികൃത നിയമനം കേരളം കണ്ട ഏറ്റവും വലിയ തൊഴില്‍ കുംഭകോണമെന്ന് കേരളാ ഹൈക്കോടതി. സമഗ്രമായ അന്വേഷണം നടത്താനും കോടതി നിര്‍ദ്ദേശിച്ചു. സെറിഫെഡ് പുനര്‍ജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. സെറിഫെഡ് അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിതയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ജനുവരി 15 നാണ് ലിജിതയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് സനല്‍ കുമാര്‍ ആസിഡ് ഒഴിച്ചത്. സംഭവത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട സനല്‍ പിന്നീട് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.
കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചതിനു തൃക്കാക്കര നഗരസഭയില്‍നിന്ന് ഭരണപക്ഷമായ കോണ്‍ഗ്രസ് നേതാക്കള്‍ ഈടാക്കിയ നാലു ലക്ഷത്തി മൂവായിരം രൂപ കോണ്‍ഗ്രസ് മടക്കി നല്‍കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനു ചെക്കു കൈമാറി. പൊതുദര്‍ശനത്തിനു പണം ചെലവഴിച്ചത് കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
കെഎസ്ആര്‍ടിസിയിലെ ഓപറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ 10 ഡ്യൂട്ടി സറണ്ടര്‍ ചെയ്താല്‍ ഒരു ഡ്യൂട്ടിയുടെ വേതനം നല്‍കാന്‍ ഉത്തരവ്. ഭരണവിഭാഗം ഡയറക്ടര്‍ മുഹമ്മദ് അന്‍സാരിയാണ് ഉത്തരവിട്ടത്.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്കു കോവിഡ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 961 പേരെ പരിശോധിച്ചപ്പോഴാണ് ഇത്രയും പേര്‍ക്കു രോഗബാധയുണ്ടെന്നു കണ്ടെത്തിയത്. ഇവരെ പ്രത്യേക സെല്ലുകളിലേക്കു മാറ്റി.
കരുനാഗപ്പളളിയില്‍ സ്വകാര്യ ലാബില്‍ കയറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയത് കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് ജോര്‍ജെന്ന് പൊലീസ് കണ്ടെത്തി. പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതടക്കം നൂറോളം കേസുകളില്‍ പ്രതിയാണ്. ഈ മാസം പതിനേഴിനാണ് ജീവനക്കാരിയെ കബളിപ്പിച്ച് 8500 രൂപ തട്ടിയെടുത്തത്. തൊട്ടടുത്ത ദിവസം കൊട്ടാരക്കരയിലെ സ്വകാര്യ ക്ലിനിക്കിലും തട്ടിപ്പ് നടന്നു.
സ്‌കൂട്ടറില്‍ മദ്യം കടത്തിയ റിട്ടയേഡ് എസ്.ഐയും സഹായിയും തളിപ്പറമ്പില്‍ അറസ്റ്റിലായി. ചുഴലി സ്വദേശിയായ റിട്ട. എസ്.ഐ ഉണ്ണികൃഷ്ണന്‍, ചുഴലി മൊട്ടക്കേപ്പീടികയിലെ മുണ്ടയില്‍ വീട്ടില്‍ നാരായണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 24 കുപ്പി വിദേശ നിര്‍മിത മദ്യവുമായാണ് ഇവര്‍ പിടിയിലായത്.
കുടുംബ വഴക്കിനെത്തുടര്‍ന്ന് അടിപിടിയില്‍ പരിക്കേറ്റ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് തലയ്ക്കടിയേറ്റ് മരിച്ചത്. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് പേര്‍ മരിച്ചു. 16 പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്‌സ് എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.
ഗുരുതരാവസ്ഥയില്‍ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലായിരുന്നു തീപിടിത്തം.
ഗോവയിലെ ബിജെപിയില്‍നിന്നു രാജി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുടെ നേതൃത്വത്തിലുളള ഒരു വിഭാഗമാണു പാര്‍ട്ടി വിടുന്നത്. തെരഞ്ഞെടുപ്പിനു പ്രകടനപത്രിക തയാറാക്കാനുള്ള കമ്മിറ്റിയുടെ തലവനും പാര്‍ട്ടി കോര്‍കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് എഐസിസി ജനറല്‍ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തുടര്‍ച്ചയായ ചോദ്യങ്ങള്‍ വന്നതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും പ്രിയങ്ക. സമാജ് വാദി പാര്‍ട്ടിക്കും ബിജെപിക്കും ഒരേ രാഷ്ട്രീയമാണെന്നു പ്രിയങ്ക ആരോപിച്ചു.
സുപ്രീം കോടതിക്കെതിരേ പരാമര്‍ശങ്ങള്‍ നത്തിയതിന് യതി നരസിംഹാനന്ദനെതിരേ കോടതിയലക്ഷ്യ കേസ്. ഹരിദ്വാറില്‍ നടന്ന മതസമ്മേളനത്തില്‍ വിദ്വേഷപ്രസംഗം നടത്തിയതിന് അറസ്റ്റിലായ നരസിംഹാനന്ദന്‍ കോടതിക്കെതിരേ നടത്തിയ പരാമര്‍ശമാണ് കോടതിയലക്ഷ്യത്തിന് ഇടയാക്കിയത്.
വിവാഹത്തലേന്ന് നടത്തിയ വിരുന്നിനിടെ കരണത്തടിച്ച വരനെ ഉപേക്ഷിച്ച് യുവതി ബന്ധുവിനെ വിവാഹം ചെയ്തു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ പാന്‍ട്രുത്ത് എന്ന സ്ഥലത്താണ് സംഭവം. എംഎസ് സി യോഗ്യതയുള്ള യുവതിയും ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനുമായുള്ള വിവാഹമാണ് ഇങ്ങനെ അലസിയത്. വിവാഹത്തലേന്നത്തെ വിരുന്നില്‍ യുവതി ബന്ധുവായ യുവാവുമൊത്ത് നൃത്തം ചെയ്തതു കണ്ട് വരന്‍ യുവതിയുടെ കരണത്തടിച്ചു. കുപിതയായ യുവതി വിവാഹത്തില്‍നിന്നു പിന്മാറുകയായിരുന്നു.
കോയമ്പത്തൂരിലെ ഫാക്ടറി ഗോഡൗണില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പുകാര്‍ കൂട്ടിലാക്കി. നഗരമേഖലയിലെ കുനിയമുത്തൂരിലെ പഴയ ഫാക്ടറി ഗോഡൗണില്‍ നാലു ദിവസമായി കുടുങ്ങിയ പുലിയെയാണ് തമിഴ്നാട് വനംവകുപ്പ് കൂട്ടിലാക്കിയത്.
ഇറാഖിലും സിറിയയിലും ഐഎസ് ആക്രമണം. ഇറാഖി സൈനിക ബാരക്കിനു നേരെ നടത്തിയ ആക്രമണത്തില്‍ ഉറങ്ങിക്കിടന്ന 11 സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഏറ്റവും വലിയ ജയിലില്‍ നിന്ന് ഭീകരവാദികളെ പുറത്തിറക്കാനായി നടത്തിയ ആക്രമണത്തില്‍ 18 പേരും കൊല്ലപ്പെട്ടു. ബാഗ്ദാദിന് 73 മൈല്‍ അകലെയുള്ള അല്‍ അസിം ജില്ലയിലെ പട്ടാള കേന്ദ്രത്തിനു നേരെയാണ് ഐഎസ് വെടിവയ്പുണ്ടായത്.
സ്വര്‍ണ വില 440 രൂപയോളം ഉയര്‍ന്നിട്ട് ഇന്ന് ഇടിവിലേക്ക്. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4550 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 36,400 രൂപയാണ് ഇന്നത്തെ വില. 15 രൂപ ഇന്ന് ഗ്രാമിനും 120 രൂപ പവനും കുറഞ്ഞു. ജിഎസ്ടി, പണിക്കൂലി എന്നിവ കണക്കാക്കാതെ ഉള്ളതുകയാണിത്. കഴിഞ്ഞ 5 ദിവസത്തോളം കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4500 രൂപയായിരുന്നു വില.
ടെലികോം രംഗത്തെ പ്രധാന കമ്പനിയായ വൊഡഫോണ്‍ ഐഡിയയുടെ നഷ്ടത്തില്‍ വര്‍ധന. 2021 ഡിസംബറില്‍ അവസാനിച്ച പാദവാര്‍ഷികത്തില്‍ 7230.9 കോടിയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 4532.1 കോടിയായിരുന്നു നഷ്ടം. കമ്പനിയുടെ വരുമാനം 10.80 ശതമാനം ഇടിഞ്ഞു. മുന്‍വര്‍ഷത്തെ 10894 കോടിയെ അപേക്ഷിച്ച് 9717 കോടി രൂപയാണ് കമ്പനിയുടെ ഇക്കഴിഞ്ഞ പാദത്തിലെ വരുമാനം. ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം ഇക്കഴിഞ്ഞ പാദവാര്‍ഷികത്തില്‍ 115 രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 109 രൂപയായിരുന്നു ഈ വരുമാനം.
അഭിനയത്തിന് പുറമെ മികച്ച ഗായകര്‍ കൂടിയാണെന്ന് തെളിയിച്ച നിരവധി താരങ്ങള്‍ മലയാള സിനിമയില്‍ ഉണ്ട്. ദുല്‍ഖര്‍, പൃഥ്വിരാജ്, ജയസൂര്യ, മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ ശബ്ദത്തില്‍ ഒട്ടേറെ ഗാനങ്ങള്‍ മലയാളികള്‍ കേട്ടു കഴിഞ്ഞു. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് അവസാനമായി എത്തിയിരിക്കുന്നത് നടി ഗായത്രി സുരേഷാണ്. എസ്‌കേപ്പ് എന്ന പാന്‍ ഇന്ത്യന്‍ സിനിമയിലൂടെയാണ് ഗായത്രി പിന്നണി ഗായകയായി ചുവട് വയ്ക്കുന്നത്. ജാസ്സി ഗിഫ്റ്റിനൊപ്പമാണ് ഗായത്രി പാട്ട് പാടുന്നത്. തമിഴ് , തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകള്‍ ഒരുമിച്ച് വരുന്ന പാട്ടാണിത്.
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. ജൂനിയര്‍ എന്‍ടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയും തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ അനുവദിക്കുകയും ചെയ്താല്‍ വരുന്ന മാര്‍ച്ച് 18ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും അല്ലാത്തപക്ഷം ഏപ്രില്‍ 28ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ആധുനിക സൈക്കോ ഓങ്കോളജിയും ദുഃഖത്തിന്റെ അഞ്ചു പടവുകളുമൊക്കെ ശാസ്ത്രവസ്തുതകളുടെ ഗരിമ ഒട്ടും ചോര്‍ന്നു പോകാതെ ആവിഷ്‌കരിച്ച ഈ മികച്ച നോവല്‍, സാഹിത്യമേന്മയിലും ലാവണ്യ സങ്കല്പങ്ങള്‍ നിറഞ്ഞു തുളുമ്പുന്ന രചനാവൈഭവത്തിലും മുന്‍നിരയില്‍ തന്നെ. മലയാള നോവല്‍ സാഹിത്യത്തിലെ കാമ്പുള്ള ആതുരാഖ്യാനമാണ് 'മഞ്ഞില്‍ ഒരുവള്‍'. നിര്‍മ്മല. ഗ്രീന്‍ ബുക്സ്. വില 400 രൂപ. റോയല്‍റ്റി പൂര്‍ണമായും ട്രിവാന്‍ഡ്രം ആര്‍സിസിക്ക് കൊടുക്കുന്നതാണ്.
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ലോകമെങ്ങും അതിവേഗം പടരുന്നത് ബാധിക്കപ്പെട്ട രോഗികളില്‍ ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടാക്കുന്നത് കൊണ്ടല്ലെന്ന് പഠനം. മറിച്ച് വാക്സീനുകളും മുന്‍ അണുബാധകളും നല്‍കുന്ന പ്രതിരോധശേഷിയെ വെട്ടിച്ച് രക്ഷപ്പെടാന്‍ സാധിക്കുന്നതാണ് ഒമിക്രോണിന്റെ ഉയര്‍ന്ന വ്യാപനത്തിന് കാരണമെന്ന് ഹാര്‍വഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ബാധിക്കപ്പെട്ട വ്യക്തിയില്‍ വൈറസിന്റെ തോതിനെയാണ് വൈറല്‍ ലോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആര്‍ടി പിസിആര്‍ പരിശോധനയിലെ സിടി വാല്യു വെളിപ്പെടുത്തുന്നത് രോഗിയിലെ വൈറല്‍ ലോഡാണ്. സിടി വാല്യു എത്രത്തോളം കുറവായിരിക്കുമോ വൈറല്‍ ലോഡ് അത്രത്തോളം ഉയര്‍ന്നതായിരിക്കും. ഡെല്‍റ്റയും ഒമിക്രോണും രോഗികളില്‍ ഉണ്ടാക്കുന്ന വൈറല്‍ ലോഡ് ഏതാണ്ട് സമാനമാണെന്ന് ഗവേഷകര്‍ പറഞ്ഞു. ഇതില്‍ തന്നെ ഡെല്‍റ്റയുടേത് ഒമിക്രോണിനെക്കാള്‍ അല്‍പം ഉയര്‍ന്നതാണ് താനും. സാധാരണ ഗതിയില്‍ കൂടുതല്‍ വ്യാപനം കൂടിയ വൈറല്‍ ലോഡുമായി ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിക്കപ്പെടാറെങ്കിലും ഒമിക്രോണിന്റെ കാര്യത്തില്‍ സംഗതി വ്യത്യസ്തമാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 74.42, പൗണ്ട് - 100.88, യൂറോ - 84.45, സ്വിസ് ഫ്രാങ്ക് - 81.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.43, ബഹറിന്‍ ദിനാര്‍ - 197.54, കുവൈത്ത് ദിനാര്‍ -246.27, ഒമാനി റിയാല്‍ - 193.39, സൗദി റിയാല്‍ - 19.84, യു.എ.ഇ ദിര്‍ഹം - 20.26, ഖത്തര്‍ റിയാല്‍ - 20.44, കനേഡിയന്‍ ഡോളര്‍ - 59.16.

