HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇന്ന് (27th January 2022) ഇതുവരെയുള്ള പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ.

 

പ്രധാനപ്പെട്ട  വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | ജനുവരി 27 | വ്യാഴം | 1197 |  മകരം 13 | വിശാഖം



ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് കൂടിക്കാഴ്ചയില്‍ അവര്‍ അഭ്യര്‍ഥിച്ചു. ലോക്പാല്‍ നിലവിലിരിക്കെ സമാന നിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനങ്ങള്‍ക്കു കഴിയില്ല. ഭേദഗതി ചെയ്യാന്‍ കോടതിക്കു മാത്രമേ അധികാരമുള്ളൂവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും കോടതി വെറുതെ വിട്ടു. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയാണു റദ്ദാക്കിയത്. അബ്ദുള്‍ ഹാലിം, അബൂബക്കര്‍ യുസഫ് എന്നിവരെ വെറുതെ വിട്ടതിനെതിരായി എന്‍ഐഎ നല്‍കിയ ഹര്‍ജി കോടതി തള്ളി. 2006 ലാണ് കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്റിലും കെ.എസ്ആര്‍ടിസി സ്റ്റാന്റിലും സ്ഫോടനമുണ്ടായത്. 2011 ലാണ് പ്രതികള്‍ ശിക്ഷാവിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാലു ജില്ലകളെക്കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളാണ് പുതിയതായി സി വിഭാഗത്തിലായത്. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറിയില്‍.

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമുള്ള സാഹചര്യത്തില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ വീണ്ടും സമൂഹ അടുക്കള തുടങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സിനെക്കുറിച്ച് ചര്‍ച്ചയുണ്ടായില്ല.  

ഒന്‍പത് സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ചേലക്കര, നെടുംകണ്ടം, മേപ്പാടി, കടുത്തുരുത്തി, കണ്ണൂര്‍, പുറപ്പുഴ, മഞ്ചേരി, മാനന്തവാടി, പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക്ക് കോളജ് എന്നിവിടങ്ങളിലാണ് നിയമനം നടത്തുക. കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയിലെ അദ്ധ്യാപകര്‍ക്ക് ഏഴാം യു.ജി.സി ശമ്പളപരിഷ്‌ക്കരണം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കൊവിഡ് ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും ആവശ്യമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. അറുപതു വയസു കഴിഞ്ഞ വിവിധ രോഗങ്ങളുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിനു ലഭിച്ച വിദഗ്ധോപദേശം. ലോകാരോഗ്യ സംഘടനയുടെ നിലപാടും തേടിയിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ രോഗത്തെ പ്രതിരോധിക്കുമെന്ന് ഉറപ്പില്ലെന്നാണ് കേന്ദ്രത്തിനു ലഭിച്ച റിപ്പോര്‍ട്ട്.

കേരളാ പൊലീസിനു കീഴിലുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സില്‍ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേഷം. മതപരമായ ഒരു ചിഹ്നങ്ങളും യൂണിഫോമില്‍ അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ആറു പെണ്‍കുട്ടികളെ കാണാതായി. കാണാതായവരില്‍ സഹോദരിമാര്‍ ഉള്‍പ്പെടെ ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ താത്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. എന്നാല്‍ പലയിടത്തും റേഷന്‍കടകളുടെ പ്രവര്‍ത്തനം ഇന്നും തടസപ്പെട്ടു. ഇ- പോസ് സംവിധാനത്തിലെ തകരാറിനെത്തുടര്‍ന്നാണ് സമയക്രമീകരണം ഏര്‍പ്പെടുത്തിയത്. എല്ലാ റേഷന്‍കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കുമെന്നാണു സര്‍ക്കാര്‍ അറിയിപ്പ്.

അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് ബുധനാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. ദിലീപിന്റെയും കൂട്ടുപ്രതികളായ നാലു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്കു മാറ്റി. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നുതന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ചശേഷമേ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പുകല്‍പിക്കൂ.

സംസ്ഥാനത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഡിപിആര്‍ കത്തിച്ച് കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിക്ഷേധം. ഇന്നലെ രാത്രി ഏഴിനാണ് വീടുകള്‍ക്കു മുന്നില്‍ ഡിപിആര്‍ കത്തിച്ചത്. പദ്ധതിക്കായി ഇട്ട മുഴുവന്‍ സര്‍വെ കല്ലുകളും പത്തുദിവസത്തിനകം പിഴുതു മാറ്റാനും സമരക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം മുതല്‍ കാസര്കോഡുവരെയുള്ള പദ്ധതി പ്രദേശത്തെ ആയിരക്കണക്കിനു കുടുംബങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

തൃശൂര്‍ ജില്ലയിലെ ചിമ്മിനിക്കാട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു. താളൂപാടത്തുള്ള വനംവകുപ്പ് ഓഫീസ് പരിസരത്ത് എത്തിച്ച് വെറ്റിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ് വനപാലകര്‍ കാട്ടിനുള്ളില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ സര്‍വകലാശാല ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളില്‍ നടത്താനിരുന്ന പിജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പതിനെട്ടുകാരന്‍ അറസ്റ്റിലായി. കോട്ടയം മള്ളുശേരി തിരുവാറ്റ അഭിജിത്ത് പ്ലാക്കലിനെയാണ് പോലീസ് പിടികൂടിയത്.

കോഴിക്കോട് നാദാപുരം സ്വദേശിയായ യുവതി ദുബായില്‍ ഷോക്കേറ്റ് മരിച്ചു. വാണിമേല്‍ സ്വദേശി സുബൈര്‍ - ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്സിന സുബൈര്‍ ആണ് മരിച്ചത്. 28 വയസായിരുന്നു. കുളിമുറിയിലെ വാട്ടര്‍ ഹീറ്ററില്‍നിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക വിവരം.

തിരുവനന്തപുരം ധനുവച്ചപുരത്ത്  വീണ്ടും ഗുണ്ടകളുടെ അക്രമം. ഇന്നലെ രാത്രി വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. കോളജ് കാമ്പസിലേക്കു പെട്രോള്‍ ബോംബെറിഞ്ഞ് ഭീതി പരത്തി. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്.

കുറ്റ്യാടി കുമ്പളച്ചോലയില്‍ റോഡുപണിക്ക് എത്തിച്ച ജെസിബി തീവച്ചു നശിപ്പിച്ചു. കിഫ്ബിയില്‍നിന്ന് 48 കോടി രൂപ അനുവദിച്ചു നടത്തുന്ന റോഡ് പണിക്കായാണ് ജെസിബി എത്തിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ക്കു കോവിഡ്. സ്റ്റേഷനിലേക്കു പൊതുജനങ്ങള്‍ക്കു പ്രവേശനം താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.

വിദ്വേഷ പ്രസംഗം നടത്തിയതിനു വൈദികനെതിരേ കേസ്. കണ്ണൂര്‍ മണിക്കടവ് പള്ളി വികാരി ഫാ. ആന്റണി തറെക്കടവിലിനെതിരേയാണ് കേസ്.

നാട്ടുകാര്‍ക്കു ശല്യമായി മാറിയ പരുന്തിനെ പിടികൂടി. ആലപ്പുഴ ആലപ്പാട് പ്രദേശത്തു പുറത്തിറങ്ങുന്ന നാട്ടുകാരുടെയും കുട്ടികളുടേയും തലയില്‍ പറന്നിറങ്ങി കൊത്തുകയും വളര്‍ത്തുന്ന ചെറുജീവികളെ റാഞ്ചുകയും ചെയ്തിരുന്ന പരുന്തിനെയാണ് പിടികൂടിയത്. കാട്ടൂര്‍ സ്വദേശി ആന്റണി എത്തിയാണ് പരുന്തിനെ പിടികൂടിയത്. കെണിപ്രയോഗം ഫലിക്കാതായതിനാല്‍, മീന്‍ ഇരയായി വച്ച് ഒരു വീട്ടുമുറിയിലേക്ക് പരുന്തിനെ വരുത്തി പിടികൂടുകയായിരുന്നു.

കര്‍ണാടകത്തിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തിയിട്ടില്ലെന്നു ട്വിറ്റര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കു കത്തു നല്‍കി. അഭിപ്രായ സ്വാതന്ത്ര്യം തടയുന്നുവെന്നും ഫോളോവേഴ്സിന്റെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ച് രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സിഇഒക്ക് പരാതി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടിയെന്നായിരുന്നു രാഹുലിന്റെ ആരോപണം.

വാഹനവായ്പ നല്‍കുന്ന സ്ഥാപനത്തില്‍നിന്ന് അഞ്ചു ബെന്‍സ് കാറുകള്‍ വാങ്ങാന്‍ വായ്പയെടുത്ത് മുങ്ങിയ വിരുതനെ മൂന്നു വര്‍ഷത്തിനുശേഷം പിടികൂടി. 2.18 കോടി രൂപ തട്ടിയെടുത്ത ഗുരുഗ്രാം സ്വദേശി പ്രമോദ്സിംഗ് എന്ന 42 കാരനെയാണ് അറസ്റ്റു ചെയ്തത്.

ദേശീയ പതാക ഉയര്‍ത്തുന്ന വേദിയിലെ അംബേദ്കര്‍ ചിത്രം മാറ്റിച്ച ജഡ്ജിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. കര്‍ണാടകയിലെ റായ്ച്ചൂരിലാണ് അംബേദ്കര്‍ ചിത്രം മാറ്റാന്‍ ജില്ലാ ജഡ്ജി നിര്‍ദേശിച്ചത്.

ഡല്‍ഹിയിലെ സഹാദ്രയില്‍ വീണ്ടും കൂട്ടബലാല്‍സംഗം. ബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ മുടി മുറിച്ച്, മുഖത്തു കരിഓയില്‍ പുരട്ടി, കഴുത്തില്‍ ചെരിപ്പുമാല അണിയിച്ച് നഗരമധ്യത്തിലൂടെ നടത്തിച്ചു. ബലാല്‍സംഗം ചെയ്തവരില്‍ ഒരാളേയും യുവതിയെ അപമാനിക്കാന്‍ കൂട്ടുനിന്ന നാലു സ്ത്രീകളേയും പോലീസ് അറസ്റ്റു ചെയ്തു.

സെന്‍ട്രല്‍ റെയില്‍വേയില്‍ 2422 അപ്രന്റിസ് ഒഴിവ്. യോഗ്യത- പത്താംക്ലാസ് വിജയം. 50 ശതമാനം മാര്‍ക്കുവേണം. അവസാന തീയതി: ഫെബ്രുവരി 16. www.rrccr.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ജനുവരി രണ്ടിനായിരുന്നു മെയിന്‍ പരീക്ഷ.

യുക്രൈന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം. യുക്രെയിനെ നാറ്റോയില്‍ അംഗമാക്കില്ലെന്ന് ഉറപ്പു വേണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക തള്ളി. ഉപരോധം പ്രഖ്യാപിക്കാനാണ് അമേരിക്കയുടെ ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനും റഷ്യ തീരുമാനിച്ചു. യൂറോപ്യന്‍ രാജ്യങ്ങളും സൈനിക നീക്കം ശക്തമാക്കുകയാണ്.

ലോസ് ഏഞ്ചല്‍സിലെ യൂണിയന്‍ പസഫിക്കിന്റെ റെയില്‍വേ ട്രാക്കുകളിലൂടെ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നറില്‍നിന്ന് പതിനായിരക്കണക്കിന് ആയുധങ്ങള്‍ മോഷ്ടിക്കപ്പെട്ടു. തോക്കുകളാണ് മോഷണം പോയത്. ഈ മാസം ആദ്യമാണ് സംഭവമെന്നു ലോസ് ഏഞ്ചല്‍സ് പൊലീസ് വെളിപ്പെടുത്തി.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ്ടീമിനെ പ്രഖ്യാപിച്ചു. കെമര്‍ റോച്ച് പതിനഞ്ചംഗ ടീമില്‍ തിരിച്ചെത്തി. കീറണ്‍ പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുന്നത്. ഷിംറോണ്‍ ഹെറ്റ്മയേര്‍ക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. പരമ്പരയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്.. ടി20 ടീമിനെ പിന്നീട് പ്രഖ്യാപിക്കും. അഹമ്മദാബാദില്‍ അടുത്ത മാസം ആറിന് ആദ്യ ഏകദിനം.

ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി ബ്രാന്‍ഡായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയതും ശക്തവുമായ ഐടി ബ്രാന്‍ഡ് എന്ന പദവി ആക്സെഞ്ചറിനാണ്. മൂന്നാം സ്ഥാനത്ത് ഇന്‍ഫോസിസ് ഉണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം മുതല്‍ 52 ശതമാനമാണ് ബ്രാന്‍ഡ് മൂല്യത്തിലെ വളര്‍ച്ച. 2020 മുതല്‍ 80 ശതമാനം 12.8 ബില്യണ്‍ ഡോളറുമായി 12.8 ബില്യണ്‍ ഡോളറിലെത്തി മൂന്നാം സ്ഥാനത്തെത്തിയ ഇന്‍ഫോസിസ് അതിവേഗം വളരുന്ന ഐടി സേവന ബ്രാന്‍ഡായി ഉയര്‍ന്നു. ടിസിഎസും ഇന്‍ഫോസിസും ചേര്‍ന്ന് ഐബിഎമ്മിനെ ഇത്തവണ നാലാം സ്ഥാനത്താക്കി.

തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനക്ക് പിന്നാലെ സ്വര്‍ണ വില താഴേക്ക്. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന്  4550 രൂപ. 4575 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്നലെ വീണ്ടും വില വര്‍ധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് ഇന്ന് വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ യഥാക്രമം 36600 രൂപയും 36720 രൂപയുമായിരുന്നു സ്വര്‍ണവില. ഇന്ന് ഒരു പവന്‍ വില 320 രൂപ കുറഞ്ഞു. 36400 രൂപയാണ് ഒരു പവന്റെ വില.

സംവിധായകന്‍ ആറ്റ്‌ലിയുടെ ചിത്രത്തിലാണ് അല്ലു അടുത്തതായി അഭിനയിക്കാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തില്‍ അല്ലുവിന് പ്രതിഫലമായി 100 കോടിയാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തതെന്ന്  റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഷാരൂഖ് ഖാനും നയന്‍താരയും ഒന്നിക്കുന്ന ലയണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ആറ്റ്‌ലി. ഈ വര്‍ഷം അവസാനമോ 2023 ആദ്യമോ സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. അതേസമയം, പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് അല്ലു അര്‍ജുന്‍ ആരാധകര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും.

ധ്യാന്‍ ശ്രീനിവാസന്‍  നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. അരുണ്‍ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  അരുണ്‍ ശിവവിലാസത്തിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന് 'പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍' എന്ന് താല്‍ക്കാലിക പേരിട്ട് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. നടന്‍ ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ട്. നിഹാല്‍ സാദിഖാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നിഹാല്‍ സാദിഖ്.

പൂനെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ ടോര്‍ക്ക് മോട്ടോര്‍സൈക്കിള്‍സ് പുതിയ ക്രാറ്റോസ് ഇലക്ട്രിക് ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മോട്ടോര്‍സൈക്കിളിന് 1.02 ലക്ഷം രൂപയാണ് ദില്ലി എക്‌സ്-ഷോറൂം വില. ക്രാറ്റോസ്, ക്രാറ്റോസ് ആര്‍ എന്നിങ്ങനെ ബൈക്ക് രണ്ട് പതിപ്പുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വെറും 999 രൂപ നല്‍കി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. ഈ വര്‍ഷം ഏപ്രിലോടെ ബൈക്കിന്റെ ഡെലിവറികള്‍ നടക്കും.

കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റര്‍ ഡോസിനു ശേഷം ആദ്യ ദിവസങ്ങളില്‍ പനി, കോവിഡ് സമാനമായ മറ്റു ശാരീരീകാസ്വാസ്ഥ്യങ്ങള്‍ എന്നിവ കാണുന്നത്  സാധാരണമാണ്. എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്കു ശേഷവും തൊണ്ടവേദന, പനി, ശരീരവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പി സി ആര്‍ ടെസ്റ്റ് ചെയ്യണം. എന്നാല്‍ ടെസ്റ്റ് പോസിറ്റീവ് ആകുമ്പോള്‍ പലരും വാക്സിനേഷന്‍ മൂലമാണ് രോഗം പിടിപെട്ടത് എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന  കോവിഡ് വാക്സീനുകളിലൊന്നുംതന്നെ വൈറസുകളില്ല. വൈറസിന്റെ ചില ഘടകങ്ങള്‍ മാത്രമാണ്  പ്രതിരോധ ശക്തി ഉണ്ടാക്കുവാന്‍ വേണ്ടി വാക്സീനുകളില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വാക്സീനുകളിലൂടെ യാതൊരു കാരണവശാലും രോഗബാധിതരാവുകയില്ല. ഇപ്പോള്‍ കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 50 % ത്തിനോടടുക്കുകയാണ്. അതായത് ടെസ്റ്റ് ചെയ്യുന്നതില്‍ രണ്ടിലൊരാള്‍ പോസിറ്റീവ് ആകുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. അതുകൊണ്ടുതന്നെ വീടിന് അകത്തായാലും പുറത്തായാലും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ രോഗബാധിതരാവാനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ കൂടുതലാണ്. രോഗലക്ഷണങ്ങളില്ലാത്ത ഒരു കോവിഡ് ബാധിതന്‍ അതറിയാതെ വാക്സീന്‍ സ്വീകരിക്കുകയാണെങ്കില്‍ ഇതുമൂലം പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകുന്നതായി പഠനങ്ങളില്‍ കണ്ടിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് മൂന്നു മാസം കഴിഞ്ഞതിനു ശേഷം വാക്സീന്‍ എടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാരണം അണുബാധയ്ക്ക് ശേഷം മൂന്നുമാസത്തോളം പ്രതിരോധശേഷി നിലനില്‍ക്കും എന്ന അനുമാനത്തില്‍ ആണിത്.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 75.18, പൗണ്ട് - 100.94, യൂറോ - 84.32, സ്വിസ് ഫ്രാങ്ക് - 81.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.19, ബഹറിന്‍ ദിനാര്‍ - 199.44, കുവൈത്ത് ദിനാര്‍ -248.37, ഒമാനി റിയാല്‍ - 195.28, സൗദി റിയാല്‍ - 20.04, യു.എ.ഇ ദിര്‍ഹം - 20.47, ഖത്തര്‍ റിയാല്‍ - 20.65, കനേഡിയന്‍ ഡോളര്‍ - 59.10.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA