പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | ജനുവരി 29 | ശനി | 1197 | മകരം 15 | മൂലം
ഇസ്രയേലില്‍ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്വെയര്‍ വാങ്ങിയിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ 13,000 കോടി രൂപയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്വെയര്‍ വാങ്ങിയതെന്നാണു ടൈംസ് റിപ്പോര്‍ട്ട്. പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടേയും ജഡ്ജിമാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം വിവാദമായിരുന്നു.
പെഗാസസ് ഇടപാടിലൂടെ മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയത് രാജ്യദ്രോഹമാണ്. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
സര്‍വീസില്‍നിന്നു വിരമിച്ച കോളജ് അധ്യാപകര്‍ക്കു പ്രൊഫസ്സര്‍ പദവി അനുവദിക്കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കത്തിനെതിരായ പരാതിയില്‍ ഏഴു ദിവസത്തിനകം വിശദീകരണം വേണമെന്ന് ഗവര്‍ണര്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. സര്‍വീസിലുള്ളവര്‍ക്കു മാത്രമേ പ്രൊഫസ്സര്‍ പദവി നല്‍കാവൂവെന്നാണു യുജിസി വ്യവസ്ഥ. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദുവിന് മുന്‍കാല പ്രാബല്യത്തോടെ പ്രൊഫസ്സര്‍ പദവി നല്‍കാനാണ് നീക്കമെന്നാണ് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റിയുടെ ആരോപണം.
അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളെല്ലാം തിങ്കളാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി. ഫോണുകള്‍ മുംബൈയില്‍ ഫോറന്‍സിക് പരിശോധനയിലാണെന്നും ചൊവ്വാഴ്ച ഫോണുകള്‍ എത്തിക്കാമെന്നും ദിലീപീന്റെ അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍ തിങ്കളാഴ്ചതന്നെ കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. ദിലീപിന്റെ രണ്ടു ഫോണുകള്‍ ആവശ്യപ്പെട്ടിരുന്ന പ്രോസിക്യൂഷന്‍ നാലു ഫോണുകള്‍ ഹാജരാക്കണമെന്നു വാദിച്ചു. മൂന്നു ഫോണേ ഉള്ളൂവെന്ന് ദിലീപ് മറുപടി നല്‍കി.
പോലീസിനെതിരായ വധശ്രമക്കേസില്‍ യഥാര്‍ത്ഥത്തില്‍ താനാണ് ഇരയെന്നു നടന്‍ ദിലീപ് ഹൈക്കോടതിയില്‍. സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമങ്ങളും വേട്ടയാടിക്കൊണ്ടിരിക്കുന്നു. കോടതി മാത്രമാണു ശരണം. പോലീസിന്റെ ഫോറന്‍സിക് പരിശോധനയില്‍ വിശ്വാസമില്ലെന്നും ഫോണില്‍ വ്യാജ തെളിവുകള്‍ ചമച്ചുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കും. യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും കുട്ടികള്‍ മൊഴി നല്‍കി. മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് പണം നല്‍കിയത്. ബാലികാമന്ദിരത്തിലെ അവസ്ഥകള്‍ മോശമായതിനാലാണ് പുറത്ത് കടക്കാന്‍ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറഞ്ഞു. ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം ജില്ലയില്‍ സാമൂഹിക അടുക്കളകള്‍ തുടങ്ങി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. വീട്ടില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കണ്‍ട്രോള്‍ റൂമും ഗൃഹപരിചരണ കേന്ദ്രവും തുറക്കും. ആംബുലന്‍സ് സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്താന്‍ കൊവിഡ് ദ്രുതകര്‍മ സേനയുടെ സേവനം സജീവമാക്കാനും തീരുമാനിച്ചു.
ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്ന് പിന്‍മാറണമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കത്തയച്ചു. ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സിപിഎമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഭേദഗതി ഓര്‍ഡിനന്‍സ്. സിപിഎമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ചികില്‍സ അവസാനിപ്പിച്ച് ഒരാഴ്ചത്തെ പരിപാടികളുമായി ദുബായിലെത്തി. വെളുത്ത ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റും ഷൂസും ധരിച്ചു പുതിയ ലുക്കിലാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സിലേക്ക് ഇടിച്ചു കയറ്റി. സംഭവത്തില്‍ പൊലീസ് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കാറോടിച്ചിരുന്ന പൊലീസുകാരന്‍ മദ്യപിച്ചിരുന്നെന്നും ആരോപണമുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ട ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എട്ട് മാസമായി ഒരു പ്രവര്‍ത്തനവും നടത്താറില്ല. മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. മറ്റൊരു പാര്‍ട്ടിയുടെ ചിന്താഗതിയുമായി ചേര്‍ന്നുപോകാനാവില്ല. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്കെതിരായിട്ടുള്ള പ്രചരണങ്ങള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം പരവൂരില്‍ വിദേശ വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ പരവൂര്‍ സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍. വധശ്രമമടക്കം അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതിമാരെ ഓട്ടോയില്‍ പിന്തുടര്‍ന്നു തടഞ്ഞു നിര്‍ത്തി മര്‍ദിച്ച സാമൂഹ്യവിരുദ്ധരെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. ഒടുവില്‍ പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു. തിരുവനന്തപുരം വാളിക്കോട് ജംഗ്ഷനിലായിരുന്നു സംഭവം. അക്രമിസംഘത്തിലെ നാലുപേരും മദ്യപിച്ചു ലക്കുകെട്ടിരുന്നെന്നു പോലീസ്.
മലപ്പുറം മമ്പാട്ടെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്കെതിരേ ലൈംഗികാതിക്രമം കാണിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പോലീസ് പിടികൂടി. ആക്രമണത്തില്‍ വീട്ടമ്മയുടെ തോളെല്ലു പൊട്ടിയിരുന്നു.
കോതമംഗലത്ത് 21 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ആസാം സ്വദേശി അബ്ദുര്‍ റഹീമാണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്.
ലൂണാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു. 78 വയസായിരുന്നു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്.
രാജ്യത്തു കോവിഡ്, ഒമിക്രോണ്‍ രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന്. കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി മന്‍സുഖ് മാണ്ഡവ്യ പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ കേരളം അടക്കം ഏഴു സംസ്ഥാനങ്ങളുടെ ആരോഗ്യമന്ത്രിമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമാണു പങ്കെടുക്കുക. ബിഹാര്‍, ഒഡീഷ, ജാര്‍ക്കണ്ഡ്, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും പങ്കെടുക്കും.
അറുപത്തിയൊന്നാം വയസില്‍ എംബിബിഎസ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച മുന്‍ അധ്യാപകന്‍ തന്റെ സീറ്റ് വിട്ടുകൊടുത്തു. അഖിലേന്ത്യ പ്രവേശന പരീക്ഷയായ നീറ്റില്‍ വിജയം നേടിയാണ് ധര്‍മപുരി സ്വദേശിയായ കെ. ശിവപ്രകാശം മെഡിക്കല്‍ ഡിഗ്രി പ്രവേശനത്തിന് അര്‍ഹത നേടിയത്. മകന്റെ ഉപദേശ പ്രകാരം പുതുതലമുറയ്ക്കു വഴിമാറുകയാണെന്നാണ് പ്രകാശം പറയുന്നത്.
മികച്ച ശമ്പളം തേടി കമ്പനികളില്‍നിന്നു ജീവനക്കാരുടെ കൂട്ടരാജി. കൊവിഡിനു മുന്‍പത്തെ നിലയിലുണ്ടായിരുന്ന ശമ്പളം നല്‍കാമെന്ന നിലയിലേക്കാണ് കമ്പനികള്‍ എത്തിയിരിക്കുന്നത്. 2021 ലെ ആക്ച്വല്‍ ആവറേജ് ശമ്പള വര്‍ധന 8.4 ശതമാനമായിരുന്നു. 2022 ല്‍ ഇത് 9.4 ശതമാനമായി വര്‍ധിക്കുമെന്നാണ് കരുതുന്നത്.
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച കേസില്‍ പതിനൊന്ന് പേര്‍കൂടി അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒന്‍പതു പേര്‍ സ്ത്രീകളും രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമാണ്. ബലാത്സംഗം ചെയ്ത നാലു പേരില്‍ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. മദ്യമാഫിയാത്തലവനാണ് പീഡനക്കേസിലെ മുഖ്യപ്രതി. ഇയാളുടെ മകന്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തതിനു കാരണം പെണ്‍കുട്ടിയാണെന്ന് ആരോപിച്ചാണ് കൂട്ടബലാല്‍സംഗവും അവഹേളനവും നടത്തിയതെന്ന് പൊലീസ്.
ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് 2015 ല്‍ വിക്ഷേപിച്ച റോക്കറ്റ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ബില്‍ ഗ്രേ എന്ന സ്വതന്ത്ര്യ ഗവേഷകനാണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. ഫാല്‍ക്കണ്‍ റോക്കറ്റിന്റെ അവശേഷിക്കുന്ന ഭാഗം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയേക്കുമെന്നാണ് കണ്ടെത്തല്‍.
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,000 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4500 ആയി. സമീപ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ മൂന്നു ദിവസം കൊണ്ടു 720 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില കുതിപ്പിലായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഒരു മാസം കാലാവധിയില്‍ പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് മൊബൈല്‍ സേവനദാതക്കളോട് ആവശ്യപ്പെട്ട് ട്രായ്. കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചര്‍, സ്പെഷ്യല്‍ താരീഫ് വൗച്ചര്‍, ഒരു കോംമ്പോ വൗച്ചര്‍ എന്നിവ അനുവദിക്കണമെന്നാണ് ട്രായ് നിലപാട്. ഈ പ്ലാനുകള്‍ എല്ലാ മാസവും ഒരേ തിയതിയില്‍ പുതുക്കാന്‍ സാധിക്കുന്നവ ആയിരിക്കണം. ഇതിനായി 60 ദിവസത്തെ സമയവും ട്രായ് അനുവദിച്ചിട്ടുണ്ട്.
അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'മിഷന്‍ സി'യുടെ പുതിയ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 3നാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക. മീനാക്ഷി ദിനേശ് നായികയാവുന്ന ചിത്രത്തില്‍ മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസ് ഹൈജാക്ക് ചെയ്യപ്പെടുന്നതും തുടര്‍ന്നുള്ള പൊലീസ് ചേസിംഗും കമന്‍ഡോ ഓപ്പറേഷനും ഒക്കെയായി ത്രില്ലര്‍ മോഡില്‍ കഥ പറയുന്ന ചിത്രമാണിത്.
വിക്രവും മകന്‍ ധ്രുവ് വിക്രവും ഒന്നിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'മഹാനി'ലെ രണ്ടാമത്തെ സിംഗിള്‍ പുറത്തെത്തി. 'എവന്‍ഡാ എനക്ക് കസ്റ്റഡി' എന്ന ഗാനമാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വിവേകിന്റേതാണ് വരികള്‍. സന്തോഷ് നാരായണനാണ് പാടിയിരിക്കുന്നത്. ഇതേ ഗാനത്തിന്റെ മലയാളം, കന്നഡ, തെലുങ്ക് പതിപ്പുകളും പുറത്തെത്തിയിട്ടുണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം വിക്രത്തിന്റെ കരിയറിലെ 60-ാം ചിത്രവുമാണ്. ചിത്രത്തില്‍ ബോബി സിംഹയും സിമ്രാനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 10ന് എത്തും.
പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല 2021ല്‍ കുറിച്ചത് 19 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ലാഭം. 2020നേക്കാള്‍ ആറ് മടങ്ങ് വളര്‍ച്ചയോടെ 550 കോടി ഡോളര്‍ ലാഭമാണ് കൊവിഡ് പ്രതിസന്ധിക്കും ചിപ്പ് ക്ഷാമത്തിനും ഇടയില്‍ കഴിഞ്ഞവര്‍ഷം ടെസ്ല നേടിയത്. 87 ശതമാനം വളര്‍ച്ചയോടെ 9.36 ലക്ഷം വാഹനങ്ങള്‍ 2021ല്‍ കമ്പനി വിറ്റഴിച്ചു. വരുമാനം 3,150 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 5,380 കോടി ഡോളറായി. ഡിസംബര്‍പാദ വരുമാനം 65 ശതമാനം വര്‍ദ്ധിച്ച് 1,770 കോടി ഡോളറിലെത്തി. ചിപ്പ് ക്ഷാമം മൂലം ഈവര്‍ഷം പുതിയ മോഡലുകള്‍ അവതരിപ്പിക്കില്ലെന്ന് എലോണ്‍ മസ്‌ക് വ്യക്തമാക്കി.
ഈ കൊവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പ്രതിരോധശേഷി കൂട്ടുക എന്നത്. അതിന് വേണ്ടി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. നാരുകള്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്. ഇത് വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ സി. അമിതവണ്ണം, കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുള്ള ആളുകള്‍ക്ക് അവയെ നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കവും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഭക്ഷണസാധനമാണ് ഈന്തപ്പഴം. ഇത് ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കാന്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ, ദീര്‍ഘനേരത്തേക്ക് വയറ് നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് നട്‌സ്. വൈറ്റമിന്‍ ഇ, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമായ ഇവ ശരീരത്തെ ഊഷ്മളമായി നിലനിര്‍ത്താനും വീക്കം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഭക്ഷണമാണ് നട്സ്. ശര്‍ക്കര പഞ്ചസാരയ്ക്ക് നല്ലൊരു പകരക്കാരനാണ്. കൂടാതെ ഇരുമ്പ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച അകറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ സിയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നായ നെല്ലിക്ക ജലദോഷം, ചുമ, വൈറല്‍ അണുബാധകള്‍ അകറ്റുന്നതിന് സഹായിക്കുന്നു. പ്രതിരോധശേഷി കൂട്ടാനുള്ള മികച്ച ഭക്ഷണങ്ങളിലൊന്ന് നെല്ലിക്ക.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 75.00, പൗണ്ട് - 100.54, യൂറോ - 83.62, സ്വിസ് ഫ്രാങ്ക് - 80.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 52.43, ബഹറിന്‍ ദിനാര്‍ - 199.06, കുവൈത്ത് ദിനാര്‍ -247.59, ഒമാനി റിയാല്‍ - 194.89, സൗദി റിയാല്‍ - 19.99, യു.എ.ഇ ദിര്‍ഹം - 20.42, ഖത്തര്‍ റിയാല്‍ - 20.60, കനേഡിയന്‍ ഡോളര്‍ - 58.74.

