ഇടുക്കിയിൽ എസ്.എഫ്.ഐ.പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയെങ്കിലും കേസിലെ സുപ്രധാന തെളിവായ കത്തി കണ്ടെടുക്കാനായില്ല. ആയുധം കണ്ടെടുക്കാനാകാത്ത സാഹചര്യത്തിൽ പ്രതികളുമായി ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തുന്നു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് കവാടത്തിലും കത്തിക്കുത്ത് നടന്നയിടത്തും പ്രതികളെ തെളിവെടുപ്പിനെത്തിചിരുന്നു. രക്ഷപ്പെടുന്നതിനിടെ റോഡിനു സൈഡിൽ കാറിൽ സഞ്ചരിക്കവെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി വലിച്ചെറിഞ്ഞു എന്നാണ് യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി പോലീസിന് നൽകിയ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് പ്രതിയെ കാറിൽ കൊണ്ടുവന്ന് ഡമ്മി പരീക്ഷണവും നടത്തി. ഡമ്മി ആയുധം വീണ പരിസരം പൂർണമായി പരിശോധിച്ചിട്ടും പ്രധാന തെളിവായ കത്തി കണ്ടെത്താനായില്ല.
കേസിലെ ഒന്നാം പ്രതി നിഖിൽ പൈലി രണ്ടാം പ്രതി ജെറിൻ ജോജോ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നോടുകൂടി അവസാനിക്കും. നാളെ പ്രതികളെ കോടതിയിൽ ഹാജരാക്കണം. കൊലപാതകം നടന്ന പതിനൊന്ന് ദിവസമായിട്ടും ആയുധം കണ്ടുകിട്ടാത്തത് പോലീസിനെ കുഴപ്പിക്കുകയാണ്. നാളെ പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച് കോടതിയിൽ ഹാജരാക്കാൻ ഇരിക്കെ ശാസ്ത്രീയമായ ഏതെങ്കിലും രീതിയിൽ കത്തി കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.