ഇന്ന് (05th February 2022) ഇതുവരെയുള്ള പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ.

 ഇതുവരെയുള്ള പ്രധാനപ്പെട്ട  വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | ഫെബ്രുവരി 5 | ശനി | 1197 |  മകരം 22 | ഉത്രട്ടാതി



ഭൂമിയുടെ തരം മാറ്റത്തിനായി സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നു റവന്യു മന്ത്രി കെ രാജന്‍. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ തീര്‍പ്പാക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഭൂമി തരം മാറ്റാനുള്ള നടപടികള്‍ക്കു പ്രത്യേക മാര്‍ഗരേഖ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നെന്ന വാര്‍ത്തയില്‍ അന്വേഷണം ആവശ്യപ്പെട്ട് നടിയുടെ പരാതി. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവര്‍ക്കാണു  നടി കത്തയച്ചത്. വിചാരണ കോടതിയില്‍ നിന്നു ദൃശ്യങ്ങള്‍ ചോര്‍ന്നെന്നാണു വാര്‍ത്ത പ്രചരിച്ചത്. കോടതിയേയും പോലീസിനേയും പ്രതിയായ ദിലീപിനേയും സംശയനിഴലിലാക്കുന്നതാണു പുതിയ ആരോപണം.

അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്നു നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയത്. 10 വര്‍ഷം മുമ്പ് സിനിമാ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പോലീസ് അനധികൃതമായി ഇടപെട്ടെന്നാണു സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍നിന്നു വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തു നടന്നു. പ്രതികള്‍ക്കു രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയും ചെയ്തു. സ്വപ്നയുടെ പേരില്‍ പ്രചരിച്ച ശബ്ദരേഖ കെട്ടിച്ചമച്ചതാണെന്നും വെളിപ്പെട്ടിരിക്കുന്നു. സതീശന്‍ കുറ്റപ്പെടുത്തി.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കര്‍. ആത്മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന നടത്തിയത്. കടുത്ത ആരോപണങ്ങള്‍ നേരിടുമ്പോഴും കേന്ദ്ര ഏജന്‍സിയെ നിശ്ചയിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് വിശ്വസനീയ വിവരമെന്നാണ് സ്വപ്ന സുരേഷ് അവകാശപ്പെടുന്നത്. കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട്  മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിക്കു കത്തയച്ചത്.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ സ്വപ്ന സുരേഷ് ശരിവച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കസ്റ്റംസിനെ പലതവണ വിളിച്ചെന്ന ആരോപണം സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ പരിശോധിക്കാന്‍ പറഞ്ഞത് അതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശിവശങ്കറിന്റെ പുസ്തകം സര്‍ക്കാരിനെ വെള്ള പൂശാനുള്ളതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലോകായുക്ത ഓര്‍ഡിനന്‍സ് ന്യായീകരിക്കാനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  ലോകായുക്ത നിയമത്തിനെതിരായ ഹൈക്കോടതി പരാമര്‍ശം വര്‍ഷങ്ങള്‍ക്കുമുമ്പു നടന്നതാണ്. 22 വര്‍ഷം മുന്‍പില്ലാത്ത നിയമ പ്രശ്നം ഇപ്പോഴെങ്ങനെയുണ്ടായെന്ന് ജനം സംശയിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അഴിമതിക്കെതിരെ ഇടതു പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട് ഓര്‍ഡിനന്‍സിലൂടെ നമ്മെ തുറിച്ചുനോക്കുകയാണ്.  ലോകായുക്തയെ വിമര്‍ശിച്ച ജലീലിനെ നിയന്ത്രിക്കേണ്ടതു സിപിഎമ്മാണ്. കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ മത്സ്യത്തൊഴിലാളി ആത്മഹത്യചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. സജീവന്റെ അപേക്ഷയില്‍ കാലതാമസം ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. സജീവന്റെ അപേക്ഷ പരിഗണിച്ചു പണം അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മറുപടി ഉണ്ടായില്ല. ഡിസംബറില്‍ സജീവന്‍ നല്‍കിയ പുതിയ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും കളക്ടര്‍.

പോലീസിനെതിരായ പരാതി അന്വേഷിക്കാന്‍ കുറ്റാരോപിതരെത്തന്നെ നിയോഗിച്ച് പോലീസ് മേധാവികള്‍. തൃശൂരിലെ മണ്ണുത്തി പോലീസിനെതിരേ നേര്‍കാഴ്ച ചെയര്‍മാന്‍ പി.ബി. സതീഷ് നല്‍കിയ പരാതിയാണ് മണ്ണുത്തി പോലീസിനെക്കൊണ്ടുതന്നെ അന്വേഷിപ്പിക്കാന്‍ നോട്ടീസയച്ചത്. മണ്ണുത്തി വടക്കാഞ്ചേരി ആറുവരി ദേശീയപാതയിലെ വാഹന അപകടങ്ങളില്‍ ദേശീയപാത അതോറിറ്റിക്കും റോഡ് നിര്‍മ്മാണ കരാറുകാര്‍ക്കുമെതിരേ കേസെടുക്കാത്തതില്‍ അഴിമതി ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു പരാതി. തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിക്കു നല്‍കിയ പരാതി അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കി. ആ പരാതി വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി, അഭ്യന്തര വകുപ്പ്, ഡിജിപി, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എന്നീ ഓഫീസുകളില്‍ ചുറ്റിക്കറങ്ങി മണ്ണുത്തി പോലീസ് സ്റ്റേഷനിലെത്തി. മണ്ണുത്തി പോലീസ് അന്വേഷണത്തിനു പരാതിക്കാരനെ വിളിപ്പിച്ചു. കുറ്റാരോപിതര്‍തന്നെ അന്വേഷകരാകുന്നതു നിയമവ്യവസ്ഥയെ അപഹസിക്കുന്നതിനു തുല്യമായതിനാല്‍ അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പരാതിക്കാരനായ സതീഷ്.

പ്രമേഹംമൂലം കാഴ്ചശേഷി കുറഞ്ഞ വയോധികയുടെ കാല്‍വിരല്‍ മുറിക്കാനുള്ള ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങുന്നതിനിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. ഡോ. കെ.ടി. രാജേഷാണ് പിടിയിലായത്. ആയിരം രൂപ കോഴ വാങ്ങിയ ഡോക്ടറുടെ മുറിയില്‍നിന്ന് 15,000 രൂപ കണ്ടെടുത്തു.

തിരുവനന്തപുരത്ത് കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി മരത്തിലിടിച്ച് ഒരു മരണം. തിരുവനന്തപുരം പോങ്ങുംമൂട് പ്രവര്‍ത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് മേരി സമൂഹത്തിലെ സിസ്റ്റര്‍ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂരില്‍നിന്നു നെടുമങ്ങാട്ടേയക്കു വരുന്നതിനിടയില്‍ പിരപ്പന്‍കോട്ടാണ് അപകടം ഉണ്ടായത്.

കൊട്ടാരക്കരയില്‍ 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി. ബന്ധുവും അയല്‍ക്കാരനുമായ 21 കാരനെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തായത്.

കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തി വനിതാ എസ്‌ഐയെ കടന്നു പിടിച്ച യുവാവിനെ പിടികൂടി. വനിതാ എസ്‌ഐ തന്നെ ജീപ്പില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ്  ചെയ്തത്.  

മുന്‍മന്ത്രി കെ.ടി. ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്ന് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. അടച്ചിട്ട മുറിയില്‍ ഏറെ നേരം ചര്‍ച്ച നടത്തിയിരുന്നു. കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടതിനുസരിച്ചാണ് താന്‍ ജലീലുമായി ബന്ധപ്പെട്ടതെന്നും സ്വപ്ന പറഞ്ഞു. ജലീല്‍ വന്‍തോതില്‍ ഖുറാനും ഈത്തപ്പഴവും കൊണ്ടുവന്നതിന്റെ മറവില്‍ കള്ളക്കടത്തായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ഭര്‍ത്താവിനു മനോരോഗ ചികിത്സയുടെ മരുന്നുകള്‍ ഭക്ഷണത്തിലൂടെ രഹസ്യമായി നല്‍കിയ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ ചെയ്തതാണെന്ന് ഭാര്യ ആരോപിച്ചു. എന്നാല്‍ സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണെന്ന സംശയമാണു പൊലീസിന്.  പാലാ മീനച്ചില്‍ സ്വദേശിയായ മുപ്പത്താറുകാരിയായ ആശാ സുരേഷിനെയാണ് ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ പരാതിയില്‍ അറസ്റ്റു ചെയ്തത്. ചിറയിന്‍കീഴ് സ്വദേശിയായ സതീഷ് മുറപ്പെണ്ണായിരുന്ന ആശയെ 2006 ലാണ് വിവാഹം ചെയ്തത്.

പാലക്കാട് മേനോന്‍ പാറയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഷുഗര്‍ ഫാക്ടറിക്കു സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകര്‍ത്തത്. പൊലീസ് കേസെടുത്തു.

മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഓര്‍മശക്തിയും സംസാര ശേഷിയും വീണ്ടെടുത്തു. സ്വന്തമായി ആഹാരം കഴിക്കാനും തനിയെ നടക്കാനും തുടങ്ങി.

പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ചെന്ന കേസില്‍ മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് (58) കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്നു വിധിച്ചത്. പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ മാതാപിതാക്കള്‍ മനോരോഗ വിദഗ്ധനെ കാണിച്ചത്.

ആലപ്പുഴ തോട്ടപ്പള്ളിയിലെ മത്സ്യതൊഴിലാളി സജീവന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിക്കുന്നു. സജീവന്‍ പൊഴിമുഖത്തെ ഒഴുക്കില്‍പ്പെട്ടുപോയെന്നാണു പൊലീസ് കോടതിയെ അറിയിച്ചത്. സിപിഎം പ്രാദേശിക നേതാവായ സജീവനെ ബ്രാഞ്ച് സമ്മേളനത്തിനിടെ കഴിഞ്ഞ സെപ്റ്റംബര്‍ 29 മുതലാണ് കാണാതായത്. സിപിഎമ്മിലെ വിഭാഗീയതയോ കരിമണല്‍ വിരുദ്ധസമരത്തിലെ പങ്കാളിത്തമോ തിരോധാനത്തിനു പിറകിലുണ്ടെന്നാണ് കുടുംബം പറയുന്നത്.

സമ്മാനമായി ലഭിച്ച ഹെലികോപ്റ്റര്‍ നാടിനു സമ്മാനിച്ച് പത്മശ്രീ ജേതാവായ വജ്രവ്യാപാരി. ഗുജറാത്തിലെ സൂറത്തില്‍ താമസിക്കുന്ന വജ്രവ്യാപാരി സാവ്ജി ധൊലാക്കിയയാണ് കുടുംബക്കാര്‍ സമ്മാനിച്ച ഹെലികോപ്റ്റര്‍ സൂറത്ത് നഗരത്തിനായി സമ്മാനിച്ചത്. കുടുംബാംഗം പത്മശ്രീ നേടിയതിന്റെ ആദരസൂചകമായാണ് കുടുംബാംഗങ്ങള്‍ ഹെലികോപ്റ്റര്‍ സമ്മാനിച്ചത്.

രാഹുല്‍ ഗാന്ധി ഇംഗ്ളീഷില്‍ പ്രസംഗിക്കുന്നതുകൊണ്ടാണ് കൂടുതല്‍ പ്രശസ്തി കിട്ടുന്നതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നവരെ പിന്തുണച്ച് ആഘോഷമാക്കുന്ന ചിലരുണ്ട്.   പാശ്ചാത്യ മനോഭാവമുള്ളവരാണ് അതെന്നും നിയമമന്ത്രി വിമര്‍ശിച്ചു.

കാറില്‍ തനിയെയാണെങ്കില്‍ മാസ്‌ക് ധരിക്കേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. വിചിത്ര നിയന്ത്രണമെന്ന് ഡല്‍ഹി  ഹൈക്കോടതി വിമര്‍ശിച്ചതിനു പിറകേയാണ് തീരുമാനം. കാറില്‍ തനിയെ ഇരിക്കുന്ന ആള്‍ക്ക് മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറില്‍ അമ്മയ്ക്കൊപ്പമിരുന്ന് കാപ്പികുടിക്കാന്‍ മാസ്‌ക്  മാറ്റിയയാള്‍ക്കു പിഴയിട്ടതും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരം വിചിത്രമായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൂടേയെന്ന് കോടതി ചോദിച്ചിരുന്നു.

കോവിഡ് ബാധിച്ചു മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അത്യന്തം ഗുരുതരാവസ്ഥയില്‍. ജനുവരി 11 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കര്‍ണാടകത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക്. ഉഡുപ്പി ജില്ലയിലെ തീരദേശ പട്ടണമായ കുന്ദാപൂരിലെ കോളേജില്‍ ഹിജാബ് ധരിച്ച നാല്‍പതോളം വിദ്യാര്‍ത്ഥിനികളെ അകത്തേക്കു പ്രവേശിപ്പിച്ചില്ല. വിദ്യാര്‍ഥിനികള്‍ക്കു പിന്തുണയുമായി കോളജിലെ ആണ്‍കുട്ടികള്‍ സമരത്തിനിറങ്ങി.

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ സ്‌കൂളുകളില്‍ തടയുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഹിജാബിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കു മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം. ഇന്നു രാവിലെയുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തി. ജമ്മു കാഷ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

എഫ് എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ മിഡില്‍സ് ബറോയാണ് യുണൈറ്റഡിനെ വീഴ്ത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജയം. നിശ്ചിത സമയത്ത് ഇരുടീമും ഓരോഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയതാണ് യുണൈറ്റഡിന് തിരിച്ചടിയായത്.

സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്ക് വെട്ടിച്ചുരുക്കി പഞ്ചാബ് നാഷണല്‍ ബാങ്ക്. പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകളുടെ പലിശ നിരക്ക് 2.75 ശതമാനമായി കുറച്ചു. 10 ലക്ഷം രൂപയ്ക്ക് മുകളിലും 500 കോടിയില്‍ താഴെയുമായ നിക്ഷേപങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് 2.80 ശതമാനം വരെ ബാങ്ക് കുറച്ചിട്ടുണ്ട്. 500 കോടി രൂപയും അതില്‍ കൂടുതലും ബാലന്‍സ് ഉള്ള സേവിംഗ്‌സ് ഫണ്ട് അക്കൗണ്ടിന് ഇപ്പോള്‍ 3.25 ശതമാനം പലിശ ലഭിക്കും. 2022 ഫെബ്രുവരി 03 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

പ്രമുഖ ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്റെ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ നഷ്ടം 778.5 കോടി രൂപ. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 481.70 കോടി രൂപയും കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 535 കോടി രൂപയുമാണ് നഷ്ടം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 1456 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ കമ്പനിയുടെ ആകെ വരുമാനം. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഉണ്ടായിരുന്ന 772 കോടി രൂപയേക്കാള്‍ 89 ശതമാനം അധികമാണിത്.

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കുന്ന സിനിമ മേജറിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പലകുറി റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രമാണിത്. മെയ് 27 ആണ് പുതിയ റിലീസ് തീയതി. ഹിന്ദിക്കു പുറമെ തെലുങ്കിലും മലയാളത്തിലുമായി ലോകമെമ്പാടുമുള്ള പ്രദര്‍ശന ശാലകളില്‍ ചിത്രം ഈ ദിവസമെത്തും. ശശികിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ്. അദിവിയുടത് തന്നെയാണ് തിരക്കഥ.  

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ലുകേസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടുപ്പിയിലായിരുന്നു ചിത്രത്തിന്റെ പാക്കപ്പ്. ബ്രോ ഡാഡിയുടെ സഹ രചയിതാവാണ് ശ്രീജിത്ത് എന്‍. പത്മപ്രിയ ഒരിടവേളയ്ക്കു ശേഷം നായികയായി തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി രാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ 2022 കെടിഎം ആര്‍സി 390 ഇന്ത്യയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെന്‍ഷനോടെ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ടെന്ന്  ബൈക്കില്‍ മുന്നിലും പിന്നിലും സസ്പെന്‍ഷന്‍ ക്രമീകരിക്കാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്ക് ഇതുവരെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല. 2022 കെടിഎം 390 അഡ്വഞ്ചറിനൊപ്പം 2022 ആര്‍സി  390 മാര്‍ച്ച് ആദ്യം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൃത്യ സമയത്ത് രോഗനിര്‍ണയം നടത്തുന്നതിന് കോവിഡ് ലക്ഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പനി, തൊണ്ടവേദന, ചുമ പോലുള്ള ക്ലാസിക് ലക്ഷണങ്ങള്‍ക്ക് പുറമേ നഖങ്ങളിലുണ്ടാകുന്ന നിറം മാറ്റവും കോവിഡിന്റെ സൂചനയാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൈകാലുകളിലെ നഖങ്ങള്‍ ചാരം, നീല, മഞ്ഞ നിറത്തിലായാല്‍ ഉടനടി കോവിഡ് പരിശോധന നടത്തണം. നഖത്തിലെ നിറം മാറ്റം ശരീരത്തില്‍ ഓക്‌സിജന്റെ അഭാവത്തെ കാണിക്കുന്നു. കോവിഡ് സമയത്ത് ഇത്തരത്തില്‍ രക്തത്തില്‍ ഓക്‌സിജന്റെ അഭാവം കാണപ്പെടാറുണ്ട്. തൊണ്ട കാറല്‍, വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവ അനുഭവപ്പെടുന്നവരും  ഇത് സാധാരണ പനിയാണെന്ന് കരുതി ഇരിക്കാതെ കോവിഡ് പരിശോധന നടത്തണം.  അത്യധികമായ ക്ഷീണവും എപ്പോഴും ഉറക്കം തൂങ്ങുകയും ചെയ്യുന്നതും ഒമിക്രോണ്‍ ലക്ഷണമാണ്. പേശീവേദനയും അവഗണിക്കാന്‍ കഴിയാത്ത കോവിഡ് ലക്ഷണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 74.64, പൗണ്ട് - 101.07, യൂറോ - 85.46, സ്വിസ് ഫ്രാങ്ക് - 80.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 52.78, ബഹറിന്‍ ദിനാര്‍ - 198.04, കുവൈത്ത് ദിനാര്‍ -246.96, ഒമാനി റിയാല്‍ - 193.93, സൗദി റിയാല്‍ - 19.89, യു.എ.ഇ ദിര്‍ഹം - 20.32, ഖത്തര്‍ റിയാല്‍ - 20.50, കനേഡിയന്‍ ഡോളര്‍ - 58.51.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS