പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | ഫെബ്രുവരി 6 | ഞായർ | 1197 | മകരം 23 | രേവതി
വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 80 വര്‍ഷമായി രാജ്യത്തെ എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ക്കായി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. രാജ്യത്തു രണ്ടു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ആറു ദിവസം മുന്‍പ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വഷളായി. ഇന്നു വൈകുന്നേരം ആറരയ്ക്ക് മുംബൈ ശിവജി പാര്‍ക്കില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1929-ലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. 1942 മുതല്‍ ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ്. പദ്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ, പദ്മവിഭൂഷണ്‍, ഭാരത് രത്ന തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടിട്ടുണ്ട്. 1999 മുതല്‍ 2005 വരെ രാജ്യസഭാംഗമായിരുന്നു. ഗായികയായ ആശാ ഭോസ്ലെ സഹോദരിയാണ്.
'കദളീ കണ്‍കദളി ചെങ്കദളീ പൂവേണോ.. കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ..'- മലയാളികള്‍ എന്നും ഹൃദയത്തിലേറ്റുന്ന ഈ ഗാനത്തിനു ലതാ മങ്കേഷ്‌കറിന്റെ ശബ്ദമാണ്. 1974 ല്‍ പുറത്തിറങ്ങിയ 'നെല്ല്' എന്ന സിനിമയിലെ ഈ ഗാനമാണ് ലതാജി ആലപിച്ച ആദ്യ മലയാള ഗാനം. പിന്നീട് 'ചെമ്മീനി'ലെ ഹിറ്റ് ഗാനമായ 'കടലിനക്കരെ പോണേരേ...' എന്ന പാട്ടിനും ശബ്ദം നല്‍കി. മലയാളത്തിലെ ഉച്ചാരണങ്ങള്‍ പരിശീലിക്കാന്‍ സഹായിച്ചത് ഗാനഗന്ധര്‍വന്‍ യേശുദാസായിരുന്നു. സംവിധായകന്‍ രാമു കാര്യാട്ടാണ് അദ്ദേഹത്തിന് ആ ചുമതല നല്‍കിയത്.
കോണ്‍ഗ്രസ് ഡിസിസി ഭാരവാഹികളുടെ പ്രഖ്യാപനം വൈകും. സാധ്യതാപട്ടിക കൈമാറണമെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം പാലിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്കും സാധിച്ചില്ല. പട്ടിക നല്‍കാന്‍ ഒരു ദിവസം കൂടി അനുവദിച്ചു. തര്‍ക്കങ്ങള്‍ സംസ്ഥാനതലതത്തില്‍ പരിഹരിക്കാമെന്നാണ് കെപിസിസിയുടെ നിര്‍ദ്ദേശം. ജില്ലകളില്‍ 25 ഭാരവാഹികളേയും 26 എക്സിക്യൂട്ടീവ് അംഗങ്ങളേയുമാണു തെരഞ്ഞെടുക്കുന്നത്. ബ്ലോക്ക് പ്രസിഡന്റുമാരെയും കണ്ടെത്തണം. 125 ലധികം പേരുണ്ടായിരുന്ന പട്ടികയാണ് ഇങ്ങനെ കുറക്കേണ്ടത്.
വിദേശയാത്രകള്‍ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു തിരിച്ചെത്തി. സ്വര്‍ണക്കടത്തു കേസ് വീണ്ടും പുകഞ്ഞുതുടങ്ങിയിരിക്കേയാണ് മുഖ്യമന്ത്രിയുടെ വരവ്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്നു. ഓര്‍ഡിനന്‍സിനെ സിപിഐ എതിര്‍ക്കുകയുമാണ്. കെ റെയിലിനെതിരേ കേന്ദ്രവും നിലപാടെടുത്തിരിക്കുന്നു. ഈ വിഷയങ്ങളില്‍ ഇടപെടലുകള്‍ ഉടനേ ഉണ്ടായേക്കാം.
മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി വീശി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്കു കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി പിണറായിയിലേക്കു പുറപ്പെട്ടതിനു പിറകേ, വിമാത്താവളത്തിനു പുറത്ത് റോഡില്‍ കാത്തിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.
ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദുവിനെ കുറ്റമുക്തയാക്കിയ ലോകായുക്ത വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മന്ത്രി സ്വജനപക്ഷപാതം കാണിച്ചെന്ന് ആരോപിച്ചാണു ഹര്‍ജി നല്‍കിയിരുന്നത്.
ബിസിനസുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്നു നല്‍കി നഗ്ന ചിത്രവും വീഡിയോയും പകര്‍ത്തി ഭീഷണിപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി പിടിയില്‍. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം താമസിക്കുന്ന ഷിജിമോളെയാണ് അറസ്റ്റു ചെയ്തത്. വാരപ്പുഴ പെണ്‍വാണിഭ കേസിലും 34 കാരിയായ ഷിജിമോള്‍ പ്രതിയാണ്.
താന്‍ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിച്ച് ഒത്തുതീര്‍പ്പാക്കണമെന്ന് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ശബ്ദസന്ദേശമാണിത്. ബാലചന്ദ്രകുമാര്‍ തനിക്ക് അയച്ച വാട്സ് ആപ് സന്ദേശമാണ് ഇതെന്ന് ദിലീപ് പറയുന്നു.
മാലിന്യം നിറഞ്ഞ തോട്ടില്‍ ഗൃഹനാഥന്‍ മരിച്ചനിലയില്‍. വൈക്കം ടിവി പുരം ആറാംവാര്‍ഡ് പയറുകാട് കോളനിയിലെ വിശ്വനാഥന്‍ എന്ന അറുപതുകാരനാണ് മരിച്ചത്. അന്ധകാരത്തോട്ടില്‍ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് റെയില്‍വേ മന്ത്രാലയം. 63,941 കോടി രൂപ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെകൊണ്ടുമാത്രം തീര്‍ക്കാനാവില്ല. പാത വികസനത്തിന് തടസ്സമാകുമെന്ന ആശങ്കയും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണോവ് പാര്‍ലമെന്റില്‍ അബ്ദുള്‍ വഹാബ് എംപിക്കു നല്‍കിയ മറുപടിയില്‍ പറയുന്നു. ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടില്‍ സാങ്കേതിക സാധ്യത വിവരങ്ങള്‍ ഇല്ലന്നും മറുപടിയില്‍ പറയുന്നു.
അടൂര്‍ നഗരസഭയിലെ വാഹനങ്ങള്‍ തുടര്‍ച്ചയായി തീ പിടിക്കുന്നു. ഒരാഴ്ചക്കിടെ മൂന്നു വാഹനങ്ങളാണ് കത്തി നശിച്ചത്. ഒരാഴ്ചമുമ്പ് അടൂര്‍ നഗരസഭയുടെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ കിടന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. മുനിസിപ്പല്‍ എഞ്ചിനീയറുടെ കാറിന് വൈകുന്നേരം അഞ്ചോടെ തീപിടിച്ചു. മൂന്നു മണിക്കൂറിനുശേഷം ആരോഗ്യ വിഭാഗത്തിന്റെ വാഹനത്തിനും തീ പിടിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു വാഹനം കൂടി കത്തിച്ചാമ്പലായി. കത്തിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന വനിതാ രത്‌നം പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളില്‍ ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ ശാസ്ത്രസാങ്കേതിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ചു മേഖലകളിലാണ് പുരസ്‌കാരം. ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ വനിതാ ശിശുവികസന ഓഫീസുകളില്‍ 15 നകം അപേക്ഷിക്കണം.
ഒന്നാം പിണറായി സര്‍ക്കാര്‍ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍. സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല. കേസില്‍ കെ ടി ജലീലിന്റെ പങ്കും അന്വേഷിക്കണം. മന്ത്രിയ്ക്കു കോണ്‍സുല്‍ ജനറലുമായുള്ള ബന്ധം ദുരൂഹമാണെന്നും മുരളീധരന്‍.
മലപ്പുറം പൊന്മള പഞ്ചായത്തിലെ മണ്ണഴി കോട്ടപ്പുറത്തെ വീട്ടുവളപ്പില്‍നിന്നു നിധി കണ്ടെത്തി. തൊഴിലുറപ്പു തൊഴിലാളികള്‍ തെക്കേമുറി കാര്‍ത്ത്യായനിയുടെ പുരയിടത്തിലെ തെങ്ങിനു കുഴിയെടുക്കുന്നതിനിടയിലാണ് നിധി കിട്ടിയത്. മണ്‍കലത്തിലെ ലോഹപ്പെട്ടിയില്‍ നിന്ന് സ്വര്‍ണനാണയങ്ങളും പുരാതന ലോഹങ്ങളുമാണു ലഭിച്ചത്.
സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ബലാത്സംഘം ചെയ്ത കേസില്‍ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റുചെയ്തു. ലഹരിക്കടിമയായ പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) ആണ് അറസ്റ്റിലായത്. ഒന്നര വര്‍ഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂള്‍ കലോത്സവ ദിവസം മുഖം കഴുകാനാനെത്തിയ പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്തെന്നാണു കേസ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 53 സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25.
മദ്രാസ് ഐഐടിയിലെ ജാതിവിവേചനത്തിനെതിരേ ഫാക്കല്‍റ്റി അംഗവും മലയാളിയുമായ വിപിന്‍ പി. വീട്ടില്‍ നിരാഹാരത്തിന്. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ സ്വതന്ത്രമായി അന്വേഷിച്ചില്ലെങ്കില്‍ ഫെബ്രുവരി 24 മുതല്‍ നിരാഹാര സമരം നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്ത് എഴുതിയിട്ടുമുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗം അസിസ്റ്റന്റ് പ്രഫസറുമാണ് വിപിന്‍.
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കുന്ന നിയമനിര്‍മാണത്തിനു തമിഴ്നാട് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നു. ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചിരിക്കേയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം ബില്‍ പാസാക്കാന്‍ നിയമസഭ വിളിക്കാന്‍ തീരുമാനിച്ചത്.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പൊതുയോഗങ്ങള്‍ക്ക് അനുമതി. റോഡ് ഷോ, പദയാത്രകള്‍ എന്നിവയ്ക്കുള്ള വിലക്ക് തുടരും. കോവിഡ് വ്യാപനം കുറഞ്ഞതിനാലാണ് ഇളവുകള്‍ അനുവദിക്കുന്നതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. ഈ മാസം പത്തു മുതല്‍ വോട്ടെടുപ്പ് ആരംഭിക്കാനിരിക്കേയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ മൂന്നു തവണ പദ്ധതിയിട്ടെന്ന് പ്രതികള്‍. ഒവൈസി രാജ്യദ്രോഹിയായതിനാലാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് അറസ്റ്റിലായ സച്ചിന്‍ ശര്‍മ്മ, ശുഭം എന്നിവര്‍ പോലീസിനോടു പറഞ്ഞു. തങ്ങള്‍ യഥാര്‍ത്ഥ ദേശഭക്തരാണെന്നും പ്രതികള്‍ അവകാശപ്പെട്ടു. വെടിവയ്പുണ്ടായ സാഹചര്യത്തില്‍ ഒവൈസിക്ക് കേന്ദ്രസര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു. വെടിയുതിര്‍ത്തവര്‍ക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഒവൈസിയുടെ ആവശ്യം.
പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് പിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി സ്ഥാനത്തേക്കു ചരണ്‍ജിത് സിംഗ് ചന്നിയെ പരിഗണിച്ചതില്‍ കഴിഞ്ഞ ദിവസം നീരസം പ്രകടിപ്പിച്ച സിദ്ദു നിലപാടു മാറ്റിക്കൊണ്ടാണ് ട്വിറ്ററില്‍ കുറിച്ചത്.
ലതാ മങ്കേഷ്‌കറുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ അഗാധമായ ദുഖം പ്രകടിപ്പിച്ചു. വാക്കുകള്‍ക്ക് അതീതമായ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
മയക്കുമരുന്നു കേസില്‍ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരന് സിംഗപ്പൂരില്‍ വധശിക്ഷ. മലേഷ്യയിലെ കിഷോര്‍കുമാര്‍ രാഗുവാന്‍ എന്ന നാല്‍പത്തൊന്നുകാരനെയാണ് വധശിക്ഷയ്ക്കു വിധിച്ചത്. ഇയാളില്‍നിന്നു മയക്കുമരുന്നു വാങ്ങിയ സിംഗപ്പൂര്‍ പൗരനായ പങ് ആഹ് കിംയാംഗ് എന്ന അറുപതുകാരനു ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ഏകദിന മത്സരവുമാണിത്.
അണ്ടര്‍-19 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം നേടിയ ഇന്ത്യന്‍ യുവനിരയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ ഓരോ അംഗത്തിനും 40 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. സപ്പോര്‍ട്ട് സ്റ്റാഫിന് 25 ലക്ഷം രൂപയും നല്‍കും. ഇന്ത്യന്‍ വിജയത്തിന് പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ടീം അംഗങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 129.80 കോടി രൂപ അറ്റാദായം. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 620.10 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണ് ഇന്‍ഡിഗോ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഓപ്പറേഷന്‍സില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വരുമാനം 9,294.80 കോടിയായി ഉയര്‍ന്നു. 89.3 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. യാത്രക്കാരുടെ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 8,073 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 98.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
2021 ഡിസംബര്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ടാറ്റാ സ്റ്റീല്‍സിന്റെ അറ്റാദായത്തില്‍ 159 ശതമാനത്തിന്റെ വളര്‍ച്ച. 9,573 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് ടാറ്റാ സ്റ്റീല്‍സ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3,697 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.ആകെ വരുമാനത്തിലും ടാറ്റാ സ്റ്റീല്‍സ് 45 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. 41,935 കോടി രൂപയില്‍ നിന്ന് 60,783 കോടിയായി ആണ് വരുമാനം ഉയര്‍ന്നത്. ടാറ്റാ സ്റ്റീല്‍സിന്റെ യൂറോപ്പിലെ വരുമാനത്തിലും 56 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടത്തി. 2,246 മില്യണ്‍ യൂറോയാണ് കമ്പനിക്ക് യൂറോപ്യന്‍ മേഖലയില്‍ നിന്ന് ലഭിച്ചത്.
മലയാള സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ആറാട്ട്'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ട്രെയിലര്‍ യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ മൂന്ന് മില്യണ്‍ കാഴ്ച്ചക്കാരെയും ട്രെയിലര്‍ സ്വന്തമാക്കി. പഞ്ച് ഡയലോഗുകളും ഫൈറ്റ് സീക്വന്‍സുകളും നിറഞ്ഞതാണ് ട്രെയിലര്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവട്ടു. 'ഇന്നലെ വരെ'എന്നാണ് ചിത്രത്തിന്റെ പേര്. ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം റേബ മോണിക്ക ജോണും എത്തുന്നുണ്ട്. നിരവധി സിനിമാ താരങ്ങളാണ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ബോബി, സഞ്ജയ് എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. മാത്യു ജോര്‍ജാണ് നിര്‍മ്മാണം.
അടുത്തിടെയാണ് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഇന്ത്യയില്‍ പുതിയ ഹിലക്സ് ലൈഫ്‌സ്റ്റൈല്‍ പിക്ക്-അപ്പ് അവതരിപ്പിച്ചത്. ഓണ്‍ലൈനിലോ അംഗീകൃത ടൊയോട്ട ഡീലര്‍ഷിപ്പുകളിലോ ഒരു ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ബുക്കിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ് കമ്പനി. വാഹനത്തിന് ആവശ്യക്കാര്‍ ഏറെയാണെന്നും ഇത്രയും ആവശ്യം നിറവേറ്റാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.