ഇന്ന് (10th February 2022) ഇതുവരെയുള്ള പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ.

 പ്രധാനപ്പെട്ട  വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | ഫെബ്രുവരി 10 | വ്യാഴം | 1197 |  മകരം 27 | രോഹിണി


രാജ്യത്തു കെട്ടുകഥകളെ ശാസ്ത്ര സത്യങ്ങളെന്നു വ്യാഖ്യാനിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 34-ാമത് കേരള ശാസത്ര കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്ര സ്ഥാനപങ്ങളുടെ തലപ്പത്തുള്ളവര്‍പോലും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രാവബോധം വളര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ശാസ്ത്രത്തിന്റെ ജനകീയവല്‍കരണം കാലത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

പൊലീസിന്റെ നാക്ക്, കേട്ടാല്‍ അറപ്പുളവാക്കുന്നതാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പോലീസ് അക്കാദമിയില്‍ പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലത്തിന്റെ മാറ്റം പൊലീസ് ഉള്‍ക്കൊള്ളണം. ആധുനിക പരിശീലനം ലഭിച്ചിട്ടും പഴയതിന്റെ ചില തികട്ടലുകള്‍ ചിലരിലുണ്ട്. അത് പൊലീസ് സേനയ്ക്കു കളങ്കമുണ്ടാക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച്. പത്തനംതിട്ട സ്വദേശി റെന്‍സിം ഇസ്മെയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തില്‍ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ആളെ കണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. റെന്‍സീമിന്റെ മൊഴിയെടുത്ത ക്രൈംബ്രാഞ്ച് ഗുജറാത്തില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഗുജറാത്തില്‍ കണ്ട കുറുപ്പിനെ ഈയിടെ ഹരിദ്വാറിലെ ട്രാവല്‍ ബ്ലോഗില്‍  വീണ്ടും കണ്ടെന്ന് റെന്‍സിം ഇസ്മായില്‍ പറയുന്നു.

വനമേഖലയില്‍ അതിക്രമിച്ചു കയറിയതിന് മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ കേസെടുക്കുമെന്നു വനം വകുപ്പ്. വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപെട്ടതോടെ കേസെടുക്കല്‍ മരവിപ്പിച്ചു. അനുമതിയില്ലാതെ വനമേഖലയില്‍ അതിക്രമിച്ച് കയറിയതിന് കേസെടുത്താല്‍ ഒരു വര്‍ഷംവരെ തടവോ പിഴയോ ലഭിക്കാം. മകനൊരു തെറ്റ് പറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും ബാബുവിന്റെ ഉമ്മ. കേസെടുക്കുന്നതിനെതിരേ വനം വകുപ്പ് മേധാവിയേയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയും മന്ത്രി വിളിപ്പിച്ചു.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ കല്ലാറില്‍ പിക് അപ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കുളത്തൂപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീര്‍ എന്നിവരാണു മരിച്ചത്. വനമേഖലയോടു ചേര്‍ന്ന സ്വകാര്യ എസ്റ്റേറ്റില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.


ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല. ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടു വിശദീകരണം തേടി. ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കോടതിയുടെ അന്തിമതീര്‍പ്പിനു വിധേയമായിരിക്കും. ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗിച്ചെന്ന് ആരോപിച്ച് ലോകായുക്തയില്‍ മുഖ്യമന്ത്രിക്കെതിരേ ഹര്‍ജി നല്‍കിയ പൊതു പ്രവര്‍ത്തകന്‍ ആര്‍.എസ്. ശശികുമാറാണ് ഹര്‍ജിക്കാരന്‍.

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ  പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികള്‍ക്കതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്.

പുതിയ വെളിപെടുത്തലുകള്‍ നടത്തിയതിനു പ്രതികാരമായാണ് സ്വപ്ന സുരേഷിനെതിരേ സംസ്ഥാന സര്‍ക്കാര്‍ കേസുകള്‍ വേഗത്തിലാക്കുന്നതെന്നു നിയമകാര്യ നിരീക്ഷകര്‍. കേന്ദ്ര ഏജന്‍സികളുടെ പുനരന്വേഷണം ആരംഭിച്ചിരിക്കേ 15 നു മൊഴി നല്‍കുന്ന സ്വപ്നയെ സമ്മര്‍ദ്ദത്തിലാക്കി വെളിപ്പെടുത്തലുകള്‍ പിന്‍വലിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അഡ്വ. എ. ജയശങ്കര്‍.

എയര്‍ ഇന്ത്യാ സാറ്റ്സ് കേസിലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍ അട്ടിമറിക്കാനും എം ശിവശങ്കര്‍ ഇടപെട്ടെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. സത്യം പറഞ്ഞതിലുള്ള പ്രതികാരമായാണ് തനിക്കെതിരായ കുറ്റപത്രമെന്നും സ്വപ്ന പറഞ്ഞു. അധികാരം ഉപയോഗിച്ച് ശിവശങ്കര്‍ തന്നെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സ്വപ്നയുടെ വിമര്‍ശനം.

എസ്എന്‍ഡിപി തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും വോട്ടവകാശം വേണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരിക്കേ, തുടര്‍ നടപടികളില്‍ തീരുമാനമെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്. അപ്പീല്‍ നല്‍കിയതുകൊണ്ടു പ്രയോജനമുണ്ടാകില്ലെന്നും തീര്‍പ്പാക്കാന്‍ വൈകുമെന്നുമാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍.  കമ്പനി നിയമത്തില്‍ ഇളവു തേടി സര്‍ക്കാരില്‍നിന്ന് പ്രത്യേക ഉത്തരവ് വാങ്ങി വിധി മറികടക്കാനാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ യോഗം തീരുമാനിച്ചത്.

വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്ന വീഡിയോയില്‍ കേരളത്തെയും പരാമര്‍ശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'തീര്‍ച്ചയായും വോട്ട് ചെയ്യണം. നിങ്ങളുടെ വോട്ട് ഉത്തര്‍പ്രദേശിന്റെ ഭാവി നിര്‍ണയിക്കും. അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് കാഷ്മീരും കേരളവും ബംഗാളും പോലെയാകും' എന്നാണ് യുപി ബിജെപിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലെ വീഡിയോയില്‍ യോഗി ആദിത്യനാഥ് പറഞ്ഞത്.


കേരളത്തെ ആക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളം പോലെയായാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍.

റബര്‍ കര്‍ഷകര്‍ക്കു പലിശയിളവുള്ള കാര്‍ഷിക വായ്പ പുതുതലമുറ ബാങ്കുകള്‍ ടയര്‍ കുത്തക കമ്പനികള്‍ക്ക് വഴിമാറ്റി നല്‍കുന്നതായി ആരോപണം. നാലു ശതമാനം പലിശയ്ക്കു കര്‍ഷകര്‍ക്കു നല്‍കേണ്ട വായ്പയാണ് വന്‍കിട കമ്പനികള്‍ക്കു നല്‍കുന്നത്.

കൊവിഡ് സെക്ട്രല്‍ മജിസ്ട്രേട്ടുമാര്‍ ഉപയോഗിച്ച ടാക്സി കാറുകളുടെ വാടകക്കായി ഡ്രൈവര്‍മാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം വാങ്ങി സെക്ട്രല്‍ മജിസ്ട്രേറ്റുമാര്‍  സേവനം അവസാനിപ്പിച്ച് പഴയ ജോലിയിലേക്കു മടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോള്‍ പഞ്ചായത്തു സെക്രട്ടറിമാര്‍ മാത്രമാണ് അതതു പഞ്ചായത്തുകളിലെ സെക്ട്രല്‍ മജിസ്ട്രേറ്റുമാരുടെ ചുമതല നിര്‍വഹിക്കുന്നത്.

സംസ്ഥാനത്ത് സിപിഐ സമ്മേളനങ്ങള്‍ ആരംഭിച്ചു. ബ്രാഞ്ച് സമ്മേളനങ്ങളാണ് ആരംഭിച്ചത്. ലോകായുക്ത, കെ റെയില്‍ എന്നിങ്ങനെയുള്ള സിപിഎം തീരുമാനങ്ങള്‍ക്കു നേതൃത്വം വഴങ്ങുന്നതില്‍ വിമര്‍ശനം നിലനില്‍ക്കെയാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍.

മലയാള സിനിമയില്‍ ആദ്യമായി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിലവില്‍ വന്നു. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയുടെ സംവിധായകന്‍ ഹെന്ന ഹെഗ്ഡെയാണ് കമ്മിറ്റി രൂപീകരിച്ചതായി അറിയിച്ചത്.  യഥാര്‍ത്ഥ ഐക്യദാര്‍ഢ്യത്തിന് നന്ദിയെന്ന് ഡബ്ല്യൂസിസി.

ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാന്‍, വിധി വായിച്ചിട്ട് വേണം അതിനെക്കുറിച്ചും അഭിപ്രായം പറയാന്‍ എന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.


അതിവേഗം വാഹനമോടിച്ചതിന് കണ്ണൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയത് 1,33,500 രൂപ. ഒരു വര്‍ഷം 89 തവണയായാണ് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുടെ എസ് യു വി കാറിന് ഇത്രയും തുക പിഴ ഈടാക്കിയത്. തൃശൂര്‍- വാളയാര്‍ റോഡിലാണ് ഇയാളുടെ വാഹനം കൂടുതല്‍ തവണ അമിതവേഗത്തില്‍ ഓടിയതെന്നും മോട്ടോര്‍വാഹന വകുപ്പ്.

മദ്യപാനത്തെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്ന് മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. തൃപ്പുണിത്തുറ ഇരുമ്പനം മഠത്തിപ്പറമ്പില്‍ കരുണാകരന്‍ എന്ന 64 കാരനാണു മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ മകന്‍ അവില്‍ എന്ന അമല്‍ കസ്റ്റഡിയിലായി.

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി മരിച്ച നിലയില്‍.  മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെയാണ് ആശുപത്രിയിലെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തറയില്‍ കിടക്കുന്നതുമായി ബന്ധപ്പെട്ട് സഹതടവുകാരുമായി ഇന്നലെ കയ്യാങ്കളിയുണ്ടായിരുന്നു.

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കട കൊലപാതക കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍.  ഒളിവില്‍ കഴിഞ്ഞിരുന്ന റജി, സുധീര്‍ എന്നീ പ്രതികളെയാണ് പൊലീസ് ഓടിച്ചിട്ട് പിടികൂടിയത്.

ശബരിമല നിലയ്ക്കല്‍ അന്നദാന അഴിമതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി നടപടി. ശബരിമലയിലെ രണ്ട് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും ഒരു ജൂനിയര്‍ സൂപ്രണ്ടിനുമെതിരെ നടപടി സ്വീകരിക്കാനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശിനെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. അന്നദാന കരാറില്‍ കോടികളുടെ ക്രമക്കേടാണ് വിജിലന്‍സ് കണ്ടെത്തിയത്.

കൊട്ടാരക്കരയില്‍ അമ്മയും രണ്ടു പെണ്‍മക്കളും മാത്രം താമസിക്കുന്ന വീട്ടില്‍ കയറി ബന്ധുവിന്റെ അതിക്രമം. മൈലം പഞ്ചായത്തിലെ മുന്‍ അംഗം സിന്ധുവിന്റെ വീട്ടിലാണ് അതിക്രമം നടന്നത്.  പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല.

വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെത്തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ ലൈന്‍മാനെ ആക്രമിച്ചെന്ന കേസില്‍ സിഐടിയു മാന്നാര്‍ ഏരിയ ജോയിന്റ് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി.ജി. മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു.


തൃശൂര്‍ ശക്തന്‍തമ്പുരാന്‍ നഗറില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള ആകാശപ്പാതയുടെ നിര്‍മാണത്തിന്റെ ആദ്യഘട്ടം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകും. അടുത്ത മാസാവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കും. ഓഗസ്റ്റ് ആദ്യവാരത്തോടെ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കാനാണു പരിപാടിയെന്ന് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. വാഹനത്തിരക്കേറിയ ശക്തന്‍ നഗറിലെ മാര്‍ക്കറ്റുകള്‍ ബസ് സ്റ്റാന്‍ഡ് എന്നിവയെ ബന്ധിപ്പിക്കുന്ന മേല്‍പാലമാണിത്.

തങ്ങളുടെ നിലനില്‍പ്പ് തകിടം മറിയമോ എന്ന് ഭയക്കുന്നവരാണ് കെ റെയില്‍ ഉള്‍പ്പടെയുള്ള പദ്ധതികളെ എതിര്‍ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തെ പിന്തുണക്കാത്ത ചില മനസുകള്‍ ഉണ്ട്. അവരുടെ വാക്കുകള്‍ നാടിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ രക്ഷപ്പെട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു ചികിത്സയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പോക്സോ കേസിലെ പ്രതി മുങ്ങിയത്.

അട്ടപ്പാടിയിലെ മധുകൊലക്കേസില്‍ ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിന്റെ പകര്‍പ്പും പ്രതികള്‍ക്കു കൈമാറി. ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് നല്‍കാത്തതിനാല്‍ കേസ് നീണ്ടുപോവുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസ് ഈ മാസം 26 ന് മണ്ണാര്‍ക്കാട് കോടതി പരിഗണിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചടങ്ങിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാളെ പൊലീസ് നീക്കം ചെയ്തു. പൂവച്ചല്‍ സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മിനിമോന്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ മാനസിക രോഗിയാണെന്ന് പൊലീസ്.

പലിശ നിരക്കില്‍ മാറ്റമില്ല. റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് നിരക്കുകളില്‍ ഇത്തവണയും മാറ്റിയില്ല. റിപ്പോ നിരക്ക് നാലു ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. 2020 മെയ് മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല.


കര്‍ണാടകയിലെ ഹിജാബ് നിരോധനം വിവാദമായതിനു പിറകേ പാകിസ്ഥാന്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും ഹിജാബ് നിരോധനത്തിനു നീക്കം നടത്തുകയാണ്. ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നു വാദം കേള്‍ക്കാനിരിക്കെയാണ് ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്ഥാന്‍ വിളിച്ചു വരുത്തിയത്.

ഭവന വായ്പ വിതരണത്തില്‍ റെക്കോഡ് നേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2022 ജനുവരി അവസാനം വരെ എസ്ബിഐ വീട് വാങ്ങുന്നവര്‍ക്ക് 1.12 ലക്ഷം കോടി രൂപ വായ്പ വിതരണം ചെയ്തു. ഇത് ഉള്‍പ്രദേശങ്ങളിലെ ഭവനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചു. 2021 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം വളര്‍ച്ചയാണിത്.  ഭവന വായ്പ വിതരണങ്ങളില്‍ ഏകദേശം 40 ശതമാനം ടയര്‍-1 നഗരങ്ങളില്‍ നിന്നാണ്. ബാക്കിയുള്ളത് മറ്റ് നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമാണ്. ഇത്തരം വായ്പകളുടെ ശരാശരി വലുപ്പം 34 ലക്ഷം രൂപയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയര്‍ന്നു. ഒരു പവന്റെ വിലയില്‍ 200 രൂപയുടെ വര്‍ധനവുണ്ടായി. 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വര്‍ണ്ണവില. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണ വിലയും വര്‍ധിച്ചു.  ഇന്ന് 36640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ചു. ഗ്രാമിന് 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ 18 ക്യാരറ്റ് സ്വര്‍ണത്തിന് ഒരു പവന് വില 36280 രൂപയായി.

ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാകുന്ന ലൂയിസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നു. ശ്രീനിവാസന്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്ന 'ലൂയിസ്' കോട്ടുപള്ളില്‍ പ്രൊഡക്ഷന്‍സിന്റ ബാനറില്‍ റ്റിറ്റി എബ്രഹാം കോട്ടുപള്ളില്‍ നിര്‍മ്മിക്കുന്നു. കഥയും, സംവിധാനവും ഷാബു ഉസ്മാന്‍ കോന്നിയാണ് നിര്‍വ്വഹിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂയിസ്. വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ലൂയിസ് പ്രേക്ഷകന് പുതിയ അനുഭവമായിരിക്കും.

ടോംസണ്‍ ടോമി എന്ന യുവാവ് എഴുതി സംവിധാനം ചെയ്ത 'ഒരു നാടന്‍ പരോപകാരം' ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. ഇടുക്കി ജില്ലയിലെ പനംകുട്ടി എന്ന സ്ഥലത്തെ നാട്ടുകാരാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നതും പനംകുട്ടിയില്‍ തന്നെയാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ ചിത്രത്തിലെ 'അല്‍വിദാ ന കെഹനാ' എന്ന ഹിന്ദി ഗാനമാണ്. ടോംസണ്‍ ടോമി തന്നെയാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും. പനംകുട്ടിക്കാരനായ വിബിന്‍ സെബാസ്റ്റ്യന്‍ ആണ് കഥയിലെ പ്രധാന കഥാപാത്രം.


കന്യാകുമാരിയില്‍ നിന്ന് ലഡാക്ക് വരെ ഏറ്റവും കുറഞ്ഞ സമയത്തില്‍ സഞ്ചരിച്ച് റെക്കാഡിട്ടിരിക്കുകയാണ് ഗ്രാവ്ട്ടണ്‍ മോട്ടോഴ്സിന്റെ ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക്ക് സ്‌കൂട്ടറായ ക്വാണ്ട. വെറും 164 മണിക്കൂറും 30 മിനിട്ടും എടുത്താണ് ഗ്രാവ്ട്ടണ്‍ സംഘം കന്യാകുമാരിയില്‍ നിന്ന് ലഡാക്കിലെ ഖാര്‍ദുംഗ് ലാ വരെ യാത്ര ചെയ്തത്. ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്സിലാണ് സ്‌കൂട്ടറിന്റെ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. 4011 കിലോമീറ്റര്‍ യാത്രക്കിടെ ഒരിക്കല്‍ പോലും സ്‌കൂട്ടര്‍ റീചാര്‍ജ് ചെയ്യുന്നതിന് വേണ്ടി ഇവര്‍ വാഹനം നിര്‍ത്തിയിരുന്നില്ല. പകരം വാഹനത്തിന്റെ ബാറ്ററി മാറ്റുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.

ജലദോഷം, തലവേദന, ആര്‍ത്തവസംബന്ധമായ വേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം പകരാന്‍ ഇഞ്ചിക്ക് കഴിയും. കറികളില്‍ ചേര്‍ത്ത് മാത്രമല്ല, ചായയിലും മോരിലും വെജിറ്റബിള്‍ ജ്യൂസുകളിലുമെല്ലാം ഇഞ്ചി ചേര്‍ക്കാവുന്നതാണ്. അതുപോലെ ഇഞ്ചി ഉണക്കിപ്പൊടിച്ചതും പല വിഭവങ്ങളില്‍ ചേര്‍ക്കാം. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് ഇഞ്ചി ഏറെ സഹായകമായ പദാര്‍ത്ഥമാണ്. ഇത് ആകെ ആരോഗ്യത്തിനും പലവിധത്തില്‍ ഗുണം ചെയ്യും. ഒപ്പം ശരീരവേദനകള്‍ അകറ്റാനും, സമ്മര്‍ദ്ദം കുറയ്ക്കാനും, ഉപാപചയപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുമെല്ലാം ഇത് ഉപകാരപ്പെടും. പല അസുഖങ്ങള്‍ക്കെതിരെയു പോരാടാനുള്ള കഴിവ് ഇഞ്ചിക്കുണ്ടെന്ന് ആദ്യമേ പറഞ്ഞുവല്ലോ. ജലദോഷം പോലുള്ള അണുബാധകളെ ചെറുക്കുന്നതിനൊപ്പം തന്നെ, ശാരീരികാധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന പേശീവേദന കുറയ്ക്കുന്നതിനും ഇഞ്ചി സഹായകമാണ്. ദഹനപ്രശ്‌നങ്ങള്‍ പതിവായി നേരിടുന്നവര്‍ക്കും ഇഞ്ചി കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്. ദഹനം എളുപ്പത്തിലാക്കാനും അതുവഴി ഉദരപ്രശ്‌നങ്ങള്‍ ഗണ്യായി കുറയ്ക്കാനും ഇഞ്ചി മതിയാകും.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 74.96, പൗണ്ട് - 101.45, യൂറോ - 85.62, സ്വിസ് ഫ്രാങ്ക് - 81.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.77, ബഹറിന്‍ ദിനാര്‍ - 198.90, കുവൈത്ത് ദിനാര്‍ -247.93, ഒമാനി റിയാല്‍ - 194.71, സൗദി റിയാല്‍ - 19.98, യു.എ.ഇ ദിര്‍ഹം - 20.41, ഖത്തര്‍ റിയാല്‍ - 20.59, കനേഡിയന്‍ ഡോളര്‍ - 59.14.

Also Read: ഈ കാര്യങ്ങൾ നടന്നാൽ ഇടുക്കി ഉടുമ്പന്നൂർ റോഡ് എന്നത് സ്വപ്നം മാത്രമായി അവശേഷിക്കും. കൈതപ്പാറ നിവാസികളെ കുടിയിറക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് വനംവകുപ്പ് എത്തിയത് റോഷിയുടെയും, ഡീൻ കുര്യാക്കോസിന്റെയും മൗനസമ്മതത്തിൽ ? ഇടുക്കിയുടെ പൈതൃക പാത ഓർമ്മകളിലേയ്ക്ക്. |

 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ് - 7

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS