ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് അവതരിച്ച മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്.
ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയത്. ആയുഷ് അധികാരി ചുവപ്പുകാർഡ് കണ്ടതോടെ 10 പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം കാത്തുസൂക്ഷിച്ചാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയത്.ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കുശേഷം ഹോർഹെ പെരേര ഡയസ് (62), അൽവാരോ വാസ്ക്വസ് (82) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ മലയാളി താരം മുഹമ്മദ് ഇർഷാദ് നേടി.
വിജയത്തോടെ 13 കളികളിൽനിന്ന് 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് കയറി. മുന്നിലുള്ളത് ബ്ലാസ്റ്റേഴ്സിനേക്കാൾ ഒരു കളി കൂടുതൽ കളിച്ച ഹൈദരാബാദ് എഫ്‍സി മാതച്രം. 14 കളികളിൽനിന്ന് ഹൈദരാബാദിന് 26 പോയിന്റാണുള്ളത്. സീസണിലെ 10–ാം തോൽവി വഴങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 10 പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്ത് തുടരുന്നു.
70–ാം മിനിറ്റിൽ ആയുഷ് അധികാരി രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തുപോയ ശേഷമായിരുന്നു വാസ്ക്വസിന്റെ മിന്നും ഗോൾ. അധികാരി പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സ് പതറിക്കളിക്കുന്ന സമയത്തായിരുന്നു സ്വന്തം ഹാഫിൽനിന്നുള്ള മുഴുനീള വോളിയിലൂടെ വാസ്ക്വസ് ലക്ഷ്യം കണ്ടത്. സ്വന്തം പകുതിയിൽ പന്തു സ്വീകരിച്ച വാസ്ക്വസ് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ മുന്നോട്ടു കയറി നിൽക്കുന്നത് കണ്ട് തൊടുത്ത മുഴുനീളൻ ഷോട്ടാണ് വലയിൽ കയറിയത്.
Adipoli vro🌚🔥
ReplyDelete