പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിനു നേരിട്ട് ബാധ്യതയാകില്ലെന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതി സാമ്പത്തിക വളര്‍ച്ചക്കു വഴിവയ്ക്കും. വിദേശ വായ്പയെക്കുറിച്ചു ചര്‍ച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡിപിആര്‍ കേന്ദ്രം അംഗീകരിച്ച് വിദേശ വായ്പക്ക് ശുപാര്‍ശ ചെയ്തശേഷം മാത്രം അക്കാര്യങ്ങള്‍ പരിഗണിക്കാം. വേഗതയേറിയ ട്രെയിനുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജാണ് അഭികാമ്യം. ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുത്. ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലിയുമായി സാംസ്‌കാരിക കേരളം. ഉച്ചവരെ തൃപ്പുണിത്തുറയിലും ഉച്ചയ്ക്കുശേഷം തൃശൂരിലെ റീജണ്‍ തിയേറ്ററിലും പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തിനു മുന്നില്‍ ആദരാഞ്ജലികളുമായി വന്‍ ജനാവലി എത്തി. ഇന്നു വൈകുന്നേരം അഞ്ചിനു വടക്കാഞ്ചേരിയിലെ വീട്ടില്‍ മൃതദേഹം സംസ്‌കരിക്കും.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് അപ്പീല്‍ നല്‍കിയത്. പുനര്‍നിയമനമായതിനാല്‍ സേര്‍ച്ച് കമ്മിറ്റിയുടെ ആവശ്യമില്ലെന്ന സിംഗിള്‍ ബഞ്ചിന്റെ നിലപാട് ഡിവിഷന്‍ ബഞ്ച് അംഗീകരിക്കുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ക്രമസമാധാന നിലയെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നിയമസഭയില്‍ വാക്പോര്. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തില്‍ കലാപമുണ്ടാക്കാന്‍ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
തലശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. പുന്നോല്‍ സ്വദേശി നിജില്‍ ദാസാണ് പിടിയിലായത്. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭ വാര്‍ഡ് കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പടെ നാല് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിനുള്ള അഭിമുഖം നാളെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന തൃക്കാക്കരയിലെ രണ്ടരവയസുകാരി കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്ന് കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി റ്റിജിന്‍. ദേഹത്ത് പൊള്ളലേറ്റത് കത്തിച്ച കുന്തിരിക്കം വീണതുമൂലമാണ്. അപസ്മാരം കണ്ടതോടെ താനാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. നേരത്തെയുള്ള പരാതിയില്‍ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും പൊലീസ് മര്‍ദനം ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും ആന്റണി പറഞ്ഞു. അതേസമയം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. കുട്ടിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി.
വയനാട്ടില്‍ കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കോളനിയിലെ അഞ്ച് പേര്‍ ചേര്‍ന്നാണ് വിറക് ശേഖരിക്കാന്‍ പോയത്.
കോട്ടയം - എറണാകുളം റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കു നടത്തി. തലയോലപറമ്പില്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിന് ബസ് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബസ് സമരം. പരിക്കറ്റ ഡ്രൈവര്‍ രഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
> |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ചരക്കിറക്കാനും കയറ്റാനും മാതമംഗലത്തെ കടയിലെ ജീവനക്കാര്‍ക്കു ലേബര്‍ കാര്‍ഡ് അനുവദിച്ച ഹൈക്കോടി വിധി അംഗീകരിക്കില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലെടുക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന കോടതിവിധിയാണിത്. കയറ്റിറക്കു നിയമത്തിനെതിരായ വിധി അംഗീകരിക്കില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ഇതേസമയം, സിഐടിയുക്കാര്‍ പൂട്ടിച്ച മാതമംഗലത്തെ കട തുറന്നു. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ കടയുടമ റാബിയും സിഐടിയുക്കാരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായതോടെയാണ് കട തുറന്നത്.
സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്ഐ. വികസന വിരോധത്തിനെതിരെ ഡിവൈഎഫ്ഐ ക്യാമ്പെയിന്‍ സംഘടിപ്പിക്കും. സില്‍വര്‍ലൈനിനെതിരെ പ്രതിഷേധിക്കുന്നവര്‍ സംസ്ഥാനത്തിന്റെ വികസനത്തിനു തുരങ്കം വയ്ക്കുന്നവരാണ്. വികസനം മുടക്കാന്‍ മാത്രം മുന്നണികള്‍ രൂപപ്പെടുകയാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വിവിധ ഘട്ടങ്ങളിലായി അപേക്ഷകള്‍ ക്ഷണിച്ച പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് മെയ്, ജൂണ്‍ മാസങ്ങളിലായി കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ പൊതുപ്രാഥമിക പരീക്ഷ നടത്തും. ആകെയുള്ള 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകരുണ്ട്.
കോട്ടയത്തുനിന്നു കാണാതായ മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ കൊച്ചിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശിവപുരം പടുപാറ അസറുദീന്റെ (23) മൃതദേഹമാണ് മറൈന്‍ ഡ്രൈവ് സിഎംഎഫ്ആര്‍ഐക്കു സമീപമുള്ള കോര്‍പറേഷന്‍ കെട്ടിടത്തിനരികില്‍ കണ്ടെത്തിയത്. പോലീസ് കേസെടുത്തു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണിയുടെ മുന്നേറ്റം. സംസ്ഥാനത്തെ 21 കോര്‍പ്പറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗണ്‍ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി. എഐഎഡിഎംകെ തകര്‍ന്നുപോയി. സിപിഎം 166 സീറ്റിലും മുസ്ലിംലീഗ് 41 വാര്‍ഡുകളിലും സിപിഐ 58 വാര്‍ഡുകളിലും ജയിച്ചു. ഡിഎംകെ മുന്നണിക്കു കീഴിലാണ് മൂന്നു കക്ഷികളും മത്സരിച്ചത്.
കര്‍ണാടകയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപതാകത്തില്‍ രണ്ടു പേരെകൂടി അറസ്റ്റു ചെയ്തു. ശിവമോഗ സ്വദേശികളായ രെഹാന്‍ ഷെരീഷ്, അബ്ദുള്‍ അഫ്നാന്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പു പ്രചാരണ വേദിക്കു സമീപമുള്ള തുറന്ന പ്രദേശത്തേക്ക് കര്‍ഷകര്‍ കന്നുകാലികളെ അണിനിരത്തി. നൂറുകണത്തിനു തെരുവു കന്നുകാലികളെയാണ് യോഗിയുടെ പ്രചാരണ വേദിക്കു സമീപം കര്‍ഷകരെത്തിച്ചത്. അതേസമയം അധികാരത്തിലെത്തിയാല്‍ കന്നുകാലികളുടെ പ്രശ്നത്തിനു പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നല്‍കുന്ന വിഡീയോ ട്വീറ്റ് ചെയ്താണ് യോഗി മറുപടി നല്‍കിയത്.
യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിനിടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിനടുത്താണ്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നല്‍കുന്നത്. ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിക്കും. ഇന്ത്യയില്‍ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമൂലം നിര്‍ത്തിവച്ച അനുദിന നിരക്കുവര്‍ധന വോട്ടെടുപ്പു കഴിയുന്ന മാര്‍ച്ച് ഏഴാം തീയതിയോടെ പുനരാരംഭിക്കും.
യുക്രെയിനിലെ രണ്ടു പ്രവിശ്യകള്‍ പിടിച്ചടക്കിയ റഷ്യക്കെതിരേ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം ആരംഭിച്ചു. റഷ്യന്‍ ബാങ്കുകള്‍ക്കും ഉപരോധം ബാധകമാക്കി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ നാലില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദുമായി ഏറ്റുമുട്ടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 17 കളികളില്‍ നിന്ന് 32 പോയിന്റുമായാണ് ഹൈദരാബാദ് ഒന്നാം സ്ഥാനം സ്ഥാനത്ത് തുടരുന്നത്. 16 കളികളില്‍ നിന്ന് 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്.
രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 2026-നകം ഒരു ബില്യണില്‍ എത്തുമെന്ന് പ്രഫഷണല്‍ സര്‍വീസ് നെറ്റ്വര്‍ക്കായ ഡെലോയിറ്റ്. ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്ന മൊബൈല്‍ ഫോണുകളുടെ എണ്ണം ഗ്രാമങ്ങളില്‍ വര്‍ധിക്കുകയാണ്. 2021- ലെ കണക്കുകള്‍ പ്രകാരം 120 കോടി മൊബൈല്‍ ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. അതില്‍ 75 കോടി ആളുകള്‍ മാത്രമാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനകം ലോകത്ത് ഏറ്റവുമധികം സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. 2026-നകം നഗര മേഖലയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 95 ശതമാനം സ്മാര്‍ട്ട് ഫോണുകളും ഉപയോക്താക്കള്‍ മാറ്റി വാങ്ങും.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പുതുമുഖതാരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കിയ ചിത്രം 'ലാല്‍ജോസ്' 18 ന് റിലീസ് ചെയ്യും. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ പേരുതന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. ഒട്ടേറെ വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ലാല്‍ജോസിലെ നായകന്‍. പുതുമുഖം ആന്‍ ആന്‍ഡ്രിയയാണ് നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത് എന്നിവര്‍ അഭിനയിക്കുന്നു.
മലയാളത്തിന്റെ പ്രിയനടി ലെന സംവിധാനത്തിലേക്ക്. സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിന്റെ തിരക്കഥ ലെനയുടേതാണ്. ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. അര്‍ജുന്‍ അശോകന്‍ നായകനായി അഭിനയിച്ച് ചിത്രീകരണം പൂര്‍ത്തിയായ ഓളം ആണ് ലെന തിരക്കഥ ഒരുക്കിയ ആദ്യചിത്രം. നവാഗതനായ വി.എസ് അഭിലാഷ് ആണ് ഓളം സംവിധാനം ചെയ് തത്. ലെനയും വി.എസ് അഭിലാഷും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ലെന എത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അഭിനയിച്ച 10 ചിത്രങ്ങളാണ് ലെനയുടേതായി റിലീസിന് ഒരുങ്ങുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലുകളിലൊന്നായ ഫോക്സ് വാഗണ്‍ പോളോയുടെ ഉല്‍പ്പാദനം നിര്‍ത്തുന്നു. താമസിയാതെ പോളോയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം ഫോക്സ് വാഗണ്‍ അവസാനിപ്പിക്കും. ഇതുവരെ 2.5 ലക്ഷത്തിലധികം പോളോകളാണ് ഇന്ത്യയില്‍ വിറ്റത്. രാജ്യത്ത് ഫോക്സ് വാഗണ്‍ ഏറ്റവും കൂടുതല്‍ വിറ്റ മോഡലും ഇതുതന്നെ. 12 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന ഡിസൈനും വില്‍പ്പനയിലെ ഇടിവുമാണ് പോളോയെ പിന്‍വലിക്കാന്‍ ഫോക്സ് വാഗണെ പ്രേരിപ്പിച്ച ഘടകം. ഇനി എംക്യുബി പ്ലാറ്റ്ഫോമില്‍ ഒരുങ്ങുന്ന ടിഗ്വാന്‍ എസ് യുവി, പുറത്തിറങ്ങാനിരിക്കുന്ന സെഡാന്‍ മോഡലുകളിലായിരിക്കും ഫോക്സ് വാഗണിന്റെ ശ്രദ്ധ. പുതിയ സെഡാന്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വെന്റോ എന്ന മോഡലിന്റെ നിര്‍മ്മാണവും രാജ്യത്ത് അവസാനിപ്പിക്കും.
വായ് നാറ്റം ഫാറ്റി ലിവര്‍ രോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന സുപ്രധാനമായ ഒരു ലക്ഷണമാണ്. രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോഴോ ഉള്ളി പോലുള്ള ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴോ വായ് നാറ്റം സാധാരണയായി എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഫാറ്റി ലിവര്‍ മൂലമുണ്ടാകുന്ന വായ് നാറ്റം. ഫെറ്റോര്‍ ഹെപാറ്റിക്കസ് അഥവാ 'മരണപ്പെട്ടവരുടെ മണം' എന്നാണ് ഈ മണം അറിയപ്പെടുന്നത് തന്നെ. സള്‍ഫറിന്റെയും പഴകിയ പൂപ്പലിന്റെയുമൊക്കെ പോലുള്ള ഈ കെട്ട മണം ദിവസം മുഴുവന്‍ മാറാതെ നിലനില്‍ക്കും. ഫാറ്റി ലിവര്‍ രോഗികളില്‍ കരളിന് രക്തത്തെ ശുദ്ധീകരിക്കാനോ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യാനോ സാധിക്കില്ല. ഇതു മൂലം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷവസ്തുക്കള്‍ ശ്വാസകോശമുള്‍പ്പെടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു നീങ്ങും. ഇതാണ് വായ്നാറ്റത്തിന് കാരണമാകുന്നത്. ഡീമീഥൈല്‍ സള്‍ഫൈഡ് എന്ന രാസവസ്തുവാണ് ഫാറ്റി ലിവര്‍ രോഗികളില്‍ അസഹസ്യമായ വായ്നാറ്റത്തിന് വഴി വയ്ക്കുന്നത്. വായ് നാറ്റത്തിന്റെ പല കാരണങ്ങളില്‍ ഒന്നു മാത്രമാണ് ഫാറ്റി ലിവര്‍ രോഗം. ഇതിനാല്‍ വായ് നാറ്റം കൊണ്ടു മാത്രം ഈ കരള്‍ രോഗം ഉറപ്പിക്കാനായെന്ന് വരില്ല. വായ് നാറ്റത്തിനൊപ്പം ചര്‍മത്തിന് മഞ്ഞ നിറം, കാലിന് നീര്, വയര്‍ വീര്‍ക്കല്‍, എളുപ്പത്തില്‍ രക്തസ്രാവമുണ്ടാകല്‍, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങളും കൂടി കാണപ്പെട്ടാല്‍ ഫാറ്റി ലിവര്‍ രോഗം സംശയിക്കാവുന്നതാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 74.59, പൗണ്ട് - 101.51, യൂറോ - 84.57, സ്വിസ് ഫ്രാങ്ക് - 80.94, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.05, ബഹറിന്‍ ദിനാര്‍ - 197.78, കുവൈത്ത് ദിനാര്‍ -246.50, ഒമാനി റിയാല്‍ - 193.93, സൗദി റിയാല്‍ - 19.87, യു.എ.ഇ ദിര്‍ഹം - 20.30, ഖത്തര്‍ റിയാല്‍ - 20.47, കനേഡിയന്‍ ഡോളര്‍ - 58.58