പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു സമ്മാനങ്ങളും സൗജന്യങ്ങളും നല്‍കുന്നതു കുറ്റകരമാണെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ക്കു സമ്മാനങ്ങളും മറ്റും നല്‍കിയതിന്റെ പേരില്‍ മരുന്നു കമ്പനികള്‍ക്കു നികുതിയിളവ് അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. അപ്പെക്സ് ലബോറട്ടറീസ് ഈയിനങ്ങളില്‍ ചെലവഴിച്ച അഞ്ചു കോടി രൂപയ്ക്കു നികുതിയിളവ് നിഷേധിച്ചതിനെതിരേ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
സിബിഎസ്ഇ, സി.ഐ.എസ്.സി.ഇ എന്നീ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്നും മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടാക്കുമെന്ന പരാമര്‍ശത്തോടെയാണ് തള്ളിയത്.
മഹാരാഷ്ട്രയിലെ എന്‍സിപി നേതാവും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ നവാബ് മാലിക്കിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവരുത്തിയാണ് നവാബ് മാലിക്കിനെ അറസ്റ്റു ചെയ്തത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മൂന്നെണ്ണത്തില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണു പ്രതികള്‍. രണ്ടെണ്ണത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഒരെണ്ണത്തില്‍ കോണ്‍ഗ്രസുകാരുമാണു പ്രതികള്‍. കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകര്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ഉള്‍പെടുത്താതെയാണു മുഖ്യമന്ത്രിയുടെ കണക്ക്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1677 കൊലപാതക കേസുകളുണ്ടായി. എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1516 കൊലപാതക കേസുകളേ ഉണ്ടായുള്ളൂ. 2016 മുതല്‍ 2021 വരെ സ്ത്രീകള്‍ക്കെതിരേ ഉണ്ടായ 86,390 അതിക്രമ കേസുകളില്‍ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം തകര്‍ന്നെന്ന യുഡിഎഫിന്റെ ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 85 ലക്ഷം രൂപ അനുവദിച്ചു. പുതിയ കാര്‍ വാങ്ങാനുള്ള പണം നേരത്തെ അനുവദിച്ചിരുന്നു. ഉത്തരവ് ഇന്നലെയാണ് ഇറങ്ങിയത്.
കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം. പാളത്തിലെ അലൈന്റ്മെന്റില്‍ തകരാര്‍ കണ്ടെത്തിയ പത്തടിപ്പാലത്തു കൂടിയുള്ള മെട്രോ സര്‍വീസുകള്‍ കുറച്ചു. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് ഇനി 20 മിനിറ്റ് ഇടവേളയില്‍ മാത്രമാകും നടത്തുക. നേരത്തെ ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു സര്‍വീസ്. പത്തടിപ്പാലത്തെ തൂണ്‍ ബലപ്പെടുത്തുന്നതിനാണ് നിയന്ത്രണം.
> |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹം നിലനില്‍ക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജനനേന്ദ്രിയം മുറിച്ചതിനു പിറകിലെന്ന് സ്വാമി ഗംഗേശാനന്ദ. ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെയാണു ക്രൈംബ്രാഞ്ച് പ്രതിയാക്കിയതെങ്കിലും അവളാണ് അതു ചെയ്തതെന്നു കരുതുന്നില്ല. ഡിജിപി ബി. സന്ധ്യക്കുള്ള പങ്ക് അന്വേഷിക്കണം. ചില രേഖകള്‍ മുഖ്യമന്ത്രിക്കു നല്‍കിയിട്ടുണ്ട്. ഗൂഢാലോചന നടത്തി കുറ്റകൃത്യം ചെയ്തവരെ കണ്ടുപിടിക്കണം. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മുകാര്‍ കൊലയാളികളായ കേസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറച്ചുവച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനേയും കൊലപ്പെടുത്തിയത് സിപിഎമ്മുകാരാണ്. ഇക്കാര്യം മുഖ്യമന്ത്രി മറച്ചുവച്ചു. കണ്ണൂരില്‍ കല്യാണ വീട്ടില്‍ ബോംബെറിഞ്ഞു കൊലപാതകം നടത്തിയതും സിപിഎമ്മുകാരാണെന്നും സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷ. 2016 ല്‍ മലപ്പുറം കരിപ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു മാസം തടവിനും 5200 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. സ്വാശ്രയ കോളേജ് ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചത്.
ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയില്‍ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയെ എതിര്‍ക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിന്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി.എം തോമസ് ഐസക് രചിച്ച 'എന്തുകൊണ്ട് കെ റെയില്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തലശേരിയിലെ ഹരിദാസ് കൊലപാതക കേസില്‍ പ്രതിയുമായി ഫോണില്‍ സംസാരിച്ച പോലീസുകാരന്‍ സുരേഷിനെ ചോദ്യം ചെയ്യുന്നു. കേസിലെ പ്രതിയായ തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്റും വാര്‍ഡ് കൗണ്‍സിലറുമായ ലിജേഷിനെ പോലീസുകാരന്‍ രാത്രി ഒരു മണിക്കു ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു.
കാല്‍ ലക്ഷം രൂപയോളം വിലവരുന്ന ആറു ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ തൃശൂരില്‍ പിടികൂടി. ഉത്തര്‍പ്രദേശ് ബല്‍രാംപൂര്‍ ജില്ലക്കാരനായ സഞ്ജയ്കുമാര്‍ (29) ആണ് പിടിയിലായത്.
പോക്സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ മലപ്പുറം വഴിക്കടവില്‍ അറസ്റ്റിലായി. കോഴിക്കോട് കുടത്തായി സ്വദേശി ശ്രീധരനുണ്ണിയാണ് അറസ്റ്റിലായത്. വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം സ്വദേശി സല്‍മാന്‍ നേരത്തെ അറസ്റ്റിലായിരുന്നു.
വയനാട് മേപ്പാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങിയ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. തോട്ടം ഉടമയ്ക്കും സൂപ്പര്‍വൈസര്‍മാരായ നിധിന്‍, ഷൗക്കത്തലി എന്നിവര്‍ക്കും എതിരേയാണ് കേസെടുത്തത്. കെണിയില്‍ കുടുങ്ങിയ അഞ്ചു വയസുള്ള ആണ്‍ പുലിയെ മയക്കുവെടിവച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
ആലപ്പുഴ ജില്ലാ കളക്ടറായി ഡോ. രേണുരാജിനെ നിയമിച്ചു. ഫിഷറീസ് ഡയറക്ടറായി അദീല അബ്ദുള്ളയേയും അര്‍ബന്‍ അഫയേഴ്സ് ഡയറക്ടറായി അരുണ്‍ കെ. വിജയനേയും നിയമിച്ചു.
ക്രൈസ്തവ നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എസ്ഐയുസി ഒഴികേയുളള നാടാര്‍ സമുദായത്തെയാണ് പട്ടികയില്‍ ഉള്‍പെടുത്തുന്നത്. ഇതിന് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരും.
പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തെന്നും ആരോപിച്ചുള്ള കേസിലാണ് ജാമ്യഹര്‍ജി നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, അഞ്ജലി റീമദേവ്, സൈജു തങ്കച്ചന്‍ എനിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. പെണ്‍കുട്ടിയുടെ രഹസ്യ മൊഴി പരിശോധിച്ച ശേഷം തുടര്‍ വാദം കേള്‍ക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നാണ് പ്രതികളുടെ വാദം.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വ്യാജ സ്വര്‍ണം ബാങ്കില്‍ പണയം വച്ച് 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. ആലുവ ചീരംപറമ്പില്‍ നിഷാദിനെയാണ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പ്രതി ബാങ്കില്‍ പണയം വച്ചത്.
വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വ്യവസായികള്‍ 18,000 കോടി രൂപ തിരിച്ചടച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരാണ് പണം തിരിച്ചടച്ചത്. സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 4,700 കേസുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ടെന്നും സുപ്രീം കോടതിയില്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് മാസം തോറും 1000 രൂപ പ്രതിഫലം നല്‍കും. അമേത്തിയിലെ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യോഗി. കന്നുകാലികള്‍ കൃഷി നശിപ്പിക്കുന്നതു തടയുമെന്നും യോഗി പറഞ്ഞു.
തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടവുമായി കോണ്‍ഗ്രസ്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് വാര്‍ഡുകളിലായി 592 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. വമ്പന്‍ വിജയം നേടിയ ഡിഎംകെ മുന്നണിയിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചത്. സിപിഎം, വിസികെ, എംഡിഎംകെ, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികളും ഡിഎംകെ സഖ്യത്തിലുണ്ടായിരുന്നു. നഗര പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് 368 സീറ്റു നേടി. 1374 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 73 വാര്‍ഡുകളിലും മുനിസിപ്പാലിറ്റികളിലെ 3,843 വാര്‍ഡുകളില്‍ 151 വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
ബീഹാറില്‍ വീണ്ടും പശുസംരക്ഷകരുടെ കൊലപാതകം. സമസ്തിപൂര്‍ ജില്ലയിലെ ജനതാദള്‍ യുണൈറ്റഡ് പ്രവര്‍ത്തകനായ മുഹമ്മദ് ആലമിനെയാണ് പശുസംരക്ഷകരെന്നു പറയപ്പെടുന്ന സംഘം തല്ലിക്കൊന്നത്. മൃതദേഹം പെട്രോളൊഴിച്ചു കത്തിക്കാനും ശ്രമമുണ്ടായി. മൃതദേഹത്തില്‍ ഉപ്പു വിതറി കുഴിച്ചിട്ടു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ചൈനീസ് ഗ്രാമത്തിലെ കുടിലിനുള്ളില്‍ യുവതിയെ ചങ്ങലക്കിട്ട സംഭവത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവിശ്യാ മേധാവിയെയും പ്രവിശ്യാ ഗവര്‍ണറെയും പുറത്താക്കി. യുവതിക്കെതിരെ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ മറ്റ് 15 ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടു. സംഭവത്തില്‍ ഇതുവരെ ഒമ്പതു പേര്‍ വലയിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ വീഡിയോ വൈറലായതിനു പിന്നാലെയാണു നടപടി.
ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി. ജയത്തോടെ ഹൈദരാബാദ് സെമി ബര്‍ത്ത് ഉറപ്പാക്കി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. തോല്‍വി ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കേരളത്തില്‍ ഇന്നലെ 61,612 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 13 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതുകൂടാതെ ഇന്നലെ രേഖപ്പെടുത്തിയ 175 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 64,591 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,077 പേര്‍ രോഗമുക്തി നേടി. ഇതോടെ 47,354 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍ 188, കാസര്‍ഗോഡ് 94.
രാജ്യത്ത് ഇന്നലെ 13,231 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 1,151, കര്‍ണാടക- 667, തമിഴ്‌നാട്-618.
> |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ആഗോളതലത്തില്‍ ഇന്നലെ പതിനെട്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 49,859, ബ്രസീല്‍ -1,33,014, റഷ്യ- 1,37,642, ജര്‍മനി - 2,19,859. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42.97 കോടി പേര്‍ക്ക്. നിലവില്‍ 6.57 കോടി കോവിഡ് രോഗികള്‍.
ആഗോളതലത്തില്‍ 9,804 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.34 ലക്ഷമായി.
യുക്രെയിന്‍ പ്രതിസന്ധി ബാധിച്ച് ഇന്ത്യയിലെ ബിയര്‍ വ്യവസായം. ബിയര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ ബാര്‍ലിയുടെ പ്രധാന ഉത്പാദകരാണ് യുക്രെയിനും റഷ്യയും. ബാര്‍ലി ഉല്‍പാദനത്തില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് റഷ്യ. മാത്രമല്ല ഈ പട്ടികയില്‍ നാലാം സ്ഥാനമാണ് യുക്രെയിനിനുള്ളത്. ഇവര്‍ക്കിടയില്‍ നിലവിലുള്ള സമ്മര്‍ദ്ദം ഏതെങ്കിലും തരത്തില്‍ ശക്തി പ്രാപിച്ചാല്‍ ആഗോള തലത്തില്‍ ബാര്‍ലിയുടെ ലഭ്യതയെ അത് ബാധിക്കും. അങ്ങനെ വന്നാല്‍ അത് വില കൂടുന്നതിന് ഇടയാക്കും. വിതരണത്തിനും സംഭരണത്തിനുമായി വേണ്ടി വരുന്ന ചെലവില്‍ വര്‍ധനയുണ്ടാവാന്‍ ഇത് കാരണമാകുകയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ബിയര്‍ വില ഉയരുകയും ചെയ്തേക്കാം.
വിദേശ പഠനം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലൂടെ കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് അയച്ചത് 13.8 ശതകോടി ഡോളര്‍ (ഏകദേശം 1 ലക്ഷം കോടി രൂപ). നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പതു മാസത്തില്‍ പുറത്തേക്കയച്ച തുക 2020-21 സാമ്പത്തികവര്‍ഷം മൊത്തം അയച്ച 12.7 ശതകോടി ഡോളറിനേക്കാള്‍ അധികമായി. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും പഠനവും ടൂറിസവുമായി ബന്ധപ്പെട്ട് വിദേശയാത്ര കൂടിയതുമാണ് ഇതിന് പ്രധാനകാരണം. വിദേശ യാത്രയുമായി ബന്ധപ്പെട്ട 884 ദശലക്ഷം ഡോളറാണ് ഇന്ത്യക്കാര്‍ ഡിസംബറില്‍ ചെലവിട്ടത്. നവംബറില്‍ ഇത് 456 ദശലക്ഷം ഡോളറായിരുന്നു. എന്നാല്‍ വിദേശപഠനവുമായി ബന്ധപ്പെട്ട് 254 ദശലക്ഷം ഡോളറാണ് ഇന്ത്യക്കാര്‍ ഡിസംബറില്‍ പുറത്തേക്ക് അയച്ചിരിക്കുന്നത്.
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് നടി സാനിയ മല്‍ഹോത്ര ആണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സാനിയ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. റീമേക്ക് ചെയ്യാനുള്ള റൈറ്റ്‌സ് ഹര്‍മാന്‍ ബാജ്വ സ്വന്തമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. ഐശ്വര്യ രാജേഷാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അമിതാഭ് ബച്ചന്‍ നായകനാകുന്ന ചിത്രമാണ് 'ജുണ്ഡ്'. നാഗ്രാജ് മഞ്ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗ്രാജ് മഞ്ജുളെ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. വിജയ് ബര്‍സെ എന്ന ഫുട്ബോള്‍ പരശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന സംഘടനയുടെ സ്ഥാപകനാണ് വിജയ് ബര്‍സെ. ആകാശ് തൊസാര്‍, റിങ്കു, രാജ്ഗുരു, വിക്കി കദിയാന്‍, ഗണേശ് ദേശ്മുഖ് എന്നിവരും ചിത്രത്തിലുണ്ട്. മാര്‍ച്ച് നാലിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.
ടാറ്റ എസ്യുവികളായ പഞ്ച്, നെക്‌സണ്‍, ഹാരിയര്‍, സഫാരി എന്നിവയുടം കാസിരംഗ എഡിഷന്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. കാസിരംഗ എഡിഷനില്‍ വാഹനങ്ങളുടെ അകത്തും പുറത്തും മാറ്റങ്ങളും പുതിയ ഫീച്ചറുകളും ഉണ്ടാകും. ചുറുചുറുക്കിനും കരുത്തിനും പേരുകേട്ട ഇന്ത്യയുടെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കാസിരംഗ എഡിഷന്‍ എസ്യുവികള്‍ പുറത്തിറക്കുന്നത്. കാസിരംഗ എഡിഷനില്‍ പഞ്ച്, നെക്‌സണ്‍, ഹാരിയര്‍, സഫാരി മോഡലുകള്‍ക്ക് വേണ്ടി യഥാക്രമം ഏകദേശം 20000, 69000, 67000, 21000 രൂപ അധികം നല്‍കേണ്ടി വരും.