സംസ്ഥാനത്ത് ലോട്ടറിയുടെ സെറ്റ് നമ്പര്‍ ചൂതാട്ടം സജീവമാകുന്നതായി പരാതി ഉയരുന്നതിന് പിന്നാലെ ഇടുക്കി ജില്ലയിലും ചൂതാട്ട മാഫിയ വ്യാപകമാവുകയാണ്. അവസാന നാല് അക്കങ്ങള്‍ ഒരേ പോലെ വരുന്ന ലോട്ടറികള്‍ അനധികൃതമായി സംഘടിപ്പിച്ച് സെറ്റ് ആക്കി വില്‍ക്കുകയാണ് രീതി. ഇതിലൂടെ നൂറിലധികം ആളുകളിലേക്ക് പോകേണ്ട സമ്മാനതുക ഒരാള്‍ക്ക് മാത്രം ലഭിക്കുകയും ലോട്ടറിയുടെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്യുകയാണ്.
വിവിധ സീരീസുകളിലായാണ് സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് ഇറക്കുന്നത്. ആറ് അക്കങ്ങളുള്ള ലോട്ടറി ടിക്കറ്റില്‍ അവസാനത്തെ നാല് അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് നാലാം സമ്മാനം മുതൽ താഴേക്കുള്ളതെല്ലാം നിശ്ചയിക്കുന്നത്. ഒരേ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക് അയ്യായിരം രൂപ വീതം സമ്മാനം ലഭിച്ചാൽ 12 സീരീസുകളിലായി അത്തരം 100 ടിക്കറ്റുകൾ വാങ്ങിയ ഒരാൾക്ക് സമ്മാനം അടിച്ചാൽ 5 ലക്ഷം രൂപ ലഭിക്കും. ആയിരം രൂപയുടെ സമ്മാനമേ അടിച്ചുള്ളൂ എങ്കിലും 100 ടിക്കറ്റ് കൈവശമുള്ളയാള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി കിട്ടും. കൂടുതൽ പണം മുടക്കി സെറ്റ് മുഴുവൻ വാങ്ങി വലിയ തുക ലഭിക്കാനുള്ള സാധ്യതയാണ് ഇതിനെ ചൂതാട്ടമാക്കുന്നത്. ഇങ്ങനെ ആക്കുന്നത് മൂലം നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്ന മുഴുവൻ ടിക്കറ്റുകളും ഒരാളുടെ കൈകളിൽ എത്തുകയും സമ്മാനാതുക ആ വ്യക്തിയിൽ കേന്ദ്രീകരിക്കുകയും ചെയ്യുകയാണ്.
നിലവിൽ പന്ത്രണ്ട് സെറ്റുകൾ വരെ മാത്രമേ ഇത്തരത്തിൽ വിൽക്കാൻ അനുമതിയൊള്ളു എന്നാൽ അൻപതും എഴുപതും ടിക്കറ്റുകൾ സെറ്റാക്കി വിൽപ്പനക്കെത്തിക്കുന്ന ലോട്ടറി ഏജന്റുമാരുടെ ഒരു മാഫിയ തന്നെ ജില്ലയിൽ പ്രവർത്തിക്കുകയാണ്. ഇത് തടയാനാണ് ഭാഗ്യക്കുറിയുടെ ആറക്ക നമ്പറിലെ ആദ്യത്തെ രണ്ടക്കം മാറുന്ന മുറയ്ക്ക് വിവിധ ജില്ലകളിലേക്ക് ടിക്കറ്റ് വില്പനയ്ക്കായി അയക്കുന്നത്. എന്നാല്‍ അവസാന നാലക്കം ഒരേ പോലെ വരുന്ന ലോട്ടറികള്‍ കണ്ടെത്തി ഒന്നിച്ച് വില്‍പ്പന നടത്തുന്ന മാഫിയ സംഘങ്ങള്‍ ജില്ലയിൽ ഇപ്പോൾ സജീവമാണ്.
നെടുങ്കണ്ടം കട്ടപ്പന തൊടുപുഴ തുടങ്ങിയ ജില്ലയിലെ പ്രധാനപെട്ട സ്ഥലങ്ങളിലെല്ലാം സംഘം സജീവമാണ്. ഇതുമൂലം ചെറുകിട കച്ചവടക്കാരെയും ഒന്നോ രണ്ടോ ടിക്കറ്റ് എടുക്കുന്നവരെയുമാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. സെറ്റ് ആക്കി വെച്ചിരിക്കുന്ന ടിക്കറ്റിൽ നിന്നും ഒന്നോ രണ്ടോ ടിക്കറ്റ് മാത്രമായി ഇവർ വില്പന നടത്തില്ല. സെറ്റ് ആക്കി വെച്ചിരിക്കുന്ന ടിക്കറ്റുകൾ കൂടുതൽ തുകയ്ക്കാണ് ഇവർ വിൽപന നടത്തുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. ടിക്കറ്റിനു സമ്മാനം ലഭിച്ചാൽ ടിക്കറ്റ് തരുന്ന ഏജന്റിനെ തന്നെ തിരികെ ഏൽപ്പിക്കണമെന്നാണ് വ്യവസ്ഥ.
സെറ്റ് ലോട്ടറി നിയമവിരുദ്ധമാണെന്നും തടയണമെന്നും ഉത്തരവുണ്ടെങ്കിലും ഇതിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കച്ചവടക്കാരുടെ പരാതി. അതേസമയം സംസ്ഥാന രഹസ്യാന്വേഷണ സംഘം റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല എന്നും ആരോപണം ഉയരുന്നുണ്ട്. പാലക്കാട് ഇടുക്കി എറണാകുളം മുവാറ്റുപുഴ കോതമംഗലം എന്നി സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്ത് ലോട്ടറി മാഫിയ സംഘം പ്രവർത്തിക്കുന്നത്.