HONESTY NEWS ADS

 HONESTY NEWS ADS


ഇന്നത്തെ(02 ഏപ്രിൽ 2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

  പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | ഏപ്രിൽ 2 | ശനി | 1197 |  മീനം 19 |  രേവതി

ആരോഗ്യ സര്‍വകലാശാലയില്‍ പരീക്ഷാ കലഹം. അവസാന വര്‍ഷ എംബിബിഎസ് പരീക്ഷയുടെ ആദ്യ പരീക്ഷ വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചെങ്കിലും പരീക്ഷകള്‍ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചുകൂട്ടി പരീക്ഷ തുടരുമെന്ന് അറിയിച്ചു. മതിയായ ക്ലാസുകള്‍ ലഭിച്ചില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സര്‍വകലാശാല തള്ളി. സപ്ലിമെന്ററി പരീക്ഷകള്‍ അടുത്ത സെപ്തംബറില്‍ മാത്രമേ നടത്തൂ. വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടു.

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.

സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ ക്ഷാമം. കുടിശ്ശിക തുക കൊടുത്തു തീര്‍ക്കണമെന്നും തുടര്‍ന്നും ഇന്ധനം കിട്ടാന്‍ പണം മുന്‍കൂറായി അടക്കണമെന്നും കമ്പനി  ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്കു കാരണമെന്ന് ഡീലര്‍മാര്‍ പറയുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നിരക്ക് വര്‍ധിപ്പിച്ചു. കേന്ദ്ര ക്ഷാമബത്ത വര്‍ധിക്കുന്നതിന് ആനുപാതികമായി കൊല്ലത്തില്‍ രണ്ടു തവണ നിരക്ക് വര്‍ധിപ്പിക്കാറുണ്ട്. വാളയാറില്‍ ചെറുവാഹനങ്ങള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 75 രൂപ നല്‍കണം. പന്നിയങ്കരയില്‍ 100 രൂപയാണ്. അരൂരില്‍ 45 രൂപ നല്‍കണം.

നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ടയര്‍ പഞ്ചറായ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പോലീസ്. 2016 ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഡലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ ദുരുപയോഗിക്കുന്ന യുഎപിഎ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. അക്രമവുമായി ഒരു ബന്ധവുമില്ലാതെയാണ് യുഎപിഎ കേസുകളില്‍ 66 ശതമാനം അറസ്റ്റുകളും നടന്നത്.  ശിക്ഷാ നിരക്ക് വെറും രണ്ടര ശതമാനമാണ്. സംസ്ഥാനങ്ങള്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ശശി തരൂര്‍ എംപി വിമര്‍ശിച്ചു.

റംസാന്‍ ഒന്ന് ഞായറാഴ്ചയാണെന്ന് മുജാഹിദ് വിഭാഗം. സുന്നി വിഭാഗങ്ങള്‍ ഇന്നു തീരുമാനം അറിയിക്കും. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിലും യുഎഇയിലും ഇന്ന് റംസാന്‍ വ്രതം ആരംഭിക്കും.  എന്നാല്‍ ഒമാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഞായറാഴ്ചയാണു വ്രതം തുടങ്ങുന്നത്.

റവന്യൂ വകുപ്പില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ തഹസില്‍ദാര്‍ വരെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന 2,400 ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം. വര്‍ഷങ്ങളായി ഒരേ സീറ്റില്‍ ജോലി ചെയ്തിരുന്നവരെയാണ് സ്ഥലംമാറ്റിയത്. ഇതിനു പിറകില്‍ സിപിഐയുടെ ജോയിന്റ് കൗണ്‍സിലാണെന്നാണു റിപ്പോര്‍ട്ട്.

രാജ്യത്ത് മാര്‍ച്ച് മാസത്തിലെ ജിഎസ്ടി വരുമാനം സര്‍വകാല റെക്കോര്‍ഡിട്ടു. 1,42,095 കോടി രൂപയാണ് ജിഎസ്ടി വരുമാനം. ഇക്കഴിഞ്ഞ ജനുവരിയില്‍ 1.40 ലക്ഷം കോടി രൂപയുടെ ജി എസ് ടി വരുമാനം നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിച്ചെന്ന കേസില്‍ എസ്ഐ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷൂജയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ പി ഹണ്ടില്‍ കണ്ടെടുത്ത തൊണ്ടി  മുതലായ ബന്ധുവിന്റെ മൊബൈല്‍ ഫോണ്‍ ഷൂജ നശിപ്പിച്ചെന്നാണ് ആരോപണം.

വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വികസന പദ്ധതികള്‍ക്കായി സഹകരിക്കുന്നവരെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. സ്ഥലം വിട്ടുനല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നല്‍കി പുനധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിവര്‍ഷം 820 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുള്ള മാങ്കുളം ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസനം പറയുമ്പോള്‍ കേരളത്തില്‍ മാത്രമാണ് പരിസ്ഥിതി പ്രശ്നങ്ങള്‍ തടസമായി പറയുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. അതിവേഗ ട്രെയിനിന്റെ സ്പീഡ് 200 പോരാ, 400 കിലോമീറ്റര്‍ വേണം. നാലു മണിക്കൂര്‍കൊണ്ടല്ല, രണ്ടു മണിക്കൂര്‍കൊണ്ട് കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കെ റെയില്‍ സമര വേദിയില്‍ ആലിംഗനംചെയ്ത് യുഡിഎഫ് നേതാക്കളായ വി.ഡി സതീശനും മാണി സി. കാപ്പനും. കോട്ടയത്ത് യുഡിഎഫിന്റെ കെ റെയില്‍ വിരുദ്ധ സമരവേദിയിലാണ് ഇരുവരും ആലിംഗനം ചെയ്തത്. അതൃപ്തി എല്ലാം അവസാനിച്ചതായി വേദിയില്‍ മാണി സി കാപ്പന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പരിപാടിയില്‍നിന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ടുനിന്നു.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞത്. ചങ്ങനാശേരിയില്‍ തനിക്കെതിരേ ഐഎന്‍ടിയുസി എന്ന പേരില്‍ ചിലര്‍ നടത്തിയ പ്രകടനത്തിനു പിന്നില്‍ കുത്തിത്തിരുപ്പു സംഘമെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ്. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞതല്ലെന്നും സതീശന്‍ വ്യക്തമാക്കി.

ഒമാനിലെ പ്രധാന എയര്‍ലൈന്‍സ് കമ്പനികളിലൊന്നായ സലാം എയര്‍ തിരുവനന്തപുരം- മസ്‌കറ്റ് സര്‍വീസ് ഇന്ന് ആരംഭിക്കും. മസ്‌കറ്റില്‍ നിന്ന് രാത്രി പത്തരയ്ക്കു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ നാലിന് തിരുവനന്തപുരത്തെത്തും. തിരികെ നാലരയ്ക്കു പുറപ്പെട്ട് ഏഴിന് മസ്‌കറ്റില്‍ എത്തും. സലാം എയറിന്റെ വരവോടെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനാകും.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സമ്മര്‍ ബമ്പറായ ആറു കോടി രൂപ ചോറ്റാനിക്കര എരുവേലിയിലെ പൊന്നൂസ് ടെക്സ്റ്റൈല്‍സ് ഉടമ റെജിക്ക്. വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോയപ്പോഴാണ് കെഎസ്ഇബി ഓഫീസിനു മുന്നില്‍ നിന്ന വില്‍പനക്കാരിയില്‍നിന്നു റെജി ലോട്ടറി എടുത്തത്.

പാര്‍ട്ടിയിലെ ഭീരുക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി യു പ്രതിഭാ എംഎല്‍എ . അതാരാണെന്ന് അവര്‍ക്കറിയാം. ഭീരുക്കളായത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. നേരെ നിന്ന് ആക്രമിക്കുന്നവരോടാണ് ബഹുമാനമെന്നും യു പ്രതിഭ പറഞ്ഞു.

സിനഡ് തീരുമാനിച്ചതനുസരിച്ച് ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കത്ത്. ഈസ്റ്ററിന് മുമ്പ് ഏകീകൃത കുര്‍ബാന ക്രമത്തിലേക്ക് മാറണമെന്നാണ് കത്തിലെ നിര്‍ദ്ദേശം.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ അനധികൃത മദ്യവില്‍പന നടത്തിയ സ്ത്രീ അറസ്റ്റില്‍. ശാന്തിനഗര്‍ കോളനി സ്വദേശി ജമീല (42) യെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃത വില്‍പനക്കായി വീട്ടില്‍ സൂക്ഷിച്ച 51 കുപ്പി ബിയര്‍ പൊലീസ് പിടിച്ചെടുത്തു.

വയനാട്ടില്‍ വിധവയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. കണിയാമ്പറ്റ സ്വദേശി കെ ബിനീഷിനെയാണ് പൊലീസ് പിടികൂടിയത്.

സര്‍ക്കാരിന്റെ പുതിയ മദ്യനയം തിരുത്തണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യാസക്തയിലേക്ക് ജനത്തെ തള്ളിവിടുന്ന സംസ്‌കാരത്തെ നവോത്ഥാനമെന്ന് എങ്ങനെ വിളിക്കാനാകുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചോദിച്ചു.

ബിജെപി വിരുദ്ധ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ രൂപപ്പെടുത്താനുള്ള ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. അരവിന്ദ് കെജ്രിവാളിന്റെ ഡല്‍ഹിയിലെ വികസന പദ്ധതികളും സ്റ്റാലിന്‍ കണ്ടു. രാഷ്ട്രീയ പ്രാധാന്യം ഇല്ലെന്നാണ് കെജ്രിവാളിന്റെ പ്രതികരണം.

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രചാരണങ്ങള്‍ക്കു  തുടക്കംകുറിച്ച് ബിജെപിയും കോണ്‍ഗ്രസും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷായും രാഹുല്‍ഗാന്ധിയും കര്‍ണാടകയിലെത്തി. ലിംഗായത്തുകളുടെ സിദ്ധഗംഗാ മഠം ഇരുവരും സന്ദര്‍ശിച്ചു. 150 ലേറെ സീറ്റുമായി ഭരണതുടര്‍ച്ച നേടുമെന്ന് ബിജെപി അവകാശപ്പെട്ടു. സംഘടനാ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് രാഹുല്‍ നിര്‍ദേശിച്ചു. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപി നിലപാട്.

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസിന്റെ കര്‍ണാടക ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കര്‍ണാടക മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെന്നും നിവേദനത്തില്‍ ആരോപിച്ചു.

ആമസോണ്‍ തങ്ങളെ ഇല്ലാതാക്കിയെന്ന് ഫ്യൂചര്‍ റീടെയ്ല്‍ സുപ്രീം കോടതിയില്‍. വെറും 1400 കോടി രൂപയുടെ തര്‍ക്കം ഉയര്‍ത്തിയാണ് ആമസോണ്‍ 27,000 കോടി രൂപ മൂല്യമുണ്ടായിരുന്ന കമ്പനിയെ തകര്‍ത്തതെന്ന് ബിഗ് ബസാര്‍ ഉടമകള്‍ പറഞ്ഞു. തങ്ങളുടെ 830 വ്യാപാരശാലകളില്‍ ഇപ്പോള്‍ 374 എണ്ണം മാത്രമാണ് ശേഷിക്കുന്നത്. വാടക പോലും കൊടുക്കാനാകാത്ത സ്ഥിതിയിലാണ് എല്ലാം അടച്ചുപൂട്ടേണ്ടി വന്നതെന്നും കമ്പനി സുപ്രീം കോടതിയില്‍ പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കേയാണ് ഇന്ത്യ വ്യാപാര ഉടമ്പടിയുമായി മുന്നോട്ടു പോകുന്നത്. ആഗോള തലത്തില്‍ വില വര്‍ധിച്ചിരിക്കുകയാണെങ്കിലും യുദ്ധത്തിനു മുന്‍പത്തെ വിലയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാമെന്ന റഷ്യന്‍ വാഗ്ദാനം അംഗീകരിച്ചെന്ന് ഇന്ത്യ വ്യക്തമാക്കി.

യുക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ മധ്യസ്ഥത നല്ലതാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയിലാണ് യുക്രൈന്‍ വിഷയം ചര്‍ച്ചയായത്. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. റഷ്യയില്‍നിന്ന് എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സന്തോഷത്തോടെ തരുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ലവ്റോവ് പറഞ്ഞു.

യുക്രെയിനില്‍ ആറാഴ്ചകളായി ആക്രമണം തുടരുന്ന റഷ്യന്‍ സൈന്യം കൗമാരക്കാരായ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തെന്ന് യുക്രെയിന്‍. ഭക്ഷണം കിട്ടാതെ യുക്രെയിനിലെ പട്ടികളെ പിടികൂടി ഭക്ഷണമാക്കുകയാണെന്നും യുക്രെയിന്‍ ആരോപിച്ചു. റഷ്യന്‍ സൈനികരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്താണ് യുക്രെയിന്‍ ഈ വിവരം പുറത്തുവിട്ടത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കാനഡയില്‍ 1863- 1898 കാലത്ത് തദ്ദേശീയ ഗോത്രവര്‍ഗത്തില്‍പെട്ട കുട്ടികളെ വംശഹത്യയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പു പറഞ്ഞു. കത്തോലിക്ക സ്‌കൂളുകളില്‍ താമസിപ്പിച്ച് തദ്ദേശീയ ഗോത്രവര്‍ഗങ്ങളില്‍പെട്ട ആയിരക്കണക്കിന് കുട്ടികളെ വംശഹത്യയ്ക്കു വിധേയമാക്കിയ സംഭവത്തിലാണു മാപ്പ് ചോദിച്ചത്. മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനില്‍ എത്തിയ ഗോത്രവര്‍ഗ സംഘടനാ പ്രതിനിധികളുടെ മുന്നിലാണ് അദ്ദേഹം മാപ്പു ചോദിച്ചത്. മാപ്പു പറയുക, നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ ഗോത്രനേതാക്കള്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചത്.

സൗദിയില്‍ ബാങ്കില്‍നിന്ന് പണമെടുത്തു വരുന്നവരെ കവര്‍ച്ച ചെയ്യുന്ന സംഘത്തെ പിടികൂടി. രഹസ്യമായി പിന്തുടര്‍ന്ന് പണം കവര്‍ന്ന രണ്ടംഗ സംഘത്തെയാണ് ജിദ്ദയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നുഴഞ്ഞുകയറ്റക്കാരായ യെമനിയും എത്യോപ്യക്കാരനുമാണ് അറസ്റ്റിലായത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് മുന്‍ ഭാര്യ റെഹം ഖാന്‍. ഇമ്രാന്‍ താറുമാറാക്കിയ രാജ്യത്തെ ശരിയാക്കാന്‍ പാകിസ്ഥാനിലെ ജനം ഒറ്റക്കെട്ടായി രംഗത്തെത്തണമെന്നും  'നയാ പാകിസ്ഥാന്‍' വാഗ്ദാനം ചെയ്ത ഇമ്രാന്‍ ഖാന്‍ വില നിയന്ത്രിക്കാന്‍പോലും പരാജയപ്പെട്ടതായും റെഹം ഖാന്‍ കുറ്റപ്പെടുത്തി.

യെമനിലെ ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരില്‍ ഇന്ത്യക്കാരും. സൗദി അറേബ്യ കരിമ്പട്ടികയില്‍പ്പെടുത്തിയ 25 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ പുറത്തുവിട്ടു. ചിരഞ്ജീവ് കുമാര്‍ സിങ്, മനോജ് സബര്‍ബാള്‍ എന്നിവരാണ് ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ഇന്ത്യക്കാരെന്ന് സൗദി പറയുന്നു.  

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെ ആറുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത വെറും 14.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 31 പന്തുകളില്‍ നിന്ന് 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പി.

ഖത്തര്‍ ലോകകപ്പ് മത്സരക്രമമായി. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു.യൂറോപ്യന്‍ വമ്പന്‍ന്മാരയ സ്‌പെയ്‌നും ജര്‍മനിയും ഗ്രൂപ്പ് ഇയിലാണ് മത്സരിക്കുക. ആതിഥേയരായ ഖത്തര്‍ എ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ജിയിലാണ് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍. ഗ്രൂപ്പ് സിയിലാണ് ലിയോണല്‍ മെസിയും സംഘവും കളിക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചിലാണ്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യചിഹ്നം ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ പുറത്തിറക്കി. പ്രതിഭാധനനായ കളിക്കാരന്‍ എന്ന അര്‍ത്ഥം വരുന്ന 'ല ഈബ്' ആണ് ഇത്തവണത്തെ ഭാഗ്യ ചിഹ്നം.

കേരളത്തില്‍ ഇന്നലെ 15,864 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 3,051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ ആയിരത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 29,699 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.90 കോടി കോവിഡ് രോഗികളുണ്ട്.

ബാങ്കിംഗ് തട്ടിപ്പുകള്‍ വഴി രാജ്യത്ത് കഴിഞ്ഞ് ഏഴ് വര്‍ഷത്തിനിടയില്‍ നഷ്ടമായ തുക 2.5 ലക്ഷം കോടി രൂപ. ഇക്കാലയളവില്‍ വര്‍ഷാവര്‍ഷം ശരാശരി 35,700 കോടി രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്. ബാങ്കിംഗ് തട്ടിപ്പുകള്‍ അരങ്ങേറിയ സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. ശരാശരി 100 കോടി രൂപ ഒരു ദിവസം നഷ്ടപ്പെടുന്നുണ്ടെന്നാണ് അനുമാനം. 2015 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഇത്തരത്തില്‍ നടന്ന തട്ടിപ്പുകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ ആര്‍ബിഐ ഡാറ്റാ വ്യക്തമാക്കുന്നുണ്ട്.   രാജ്യത്തിന്റെ തലസ്ഥാന നഗരമായ ഡെല്‍ഹി, ഗുജറാത്ത്, തെലങ്കാന, തമിഴ് നാട് എന്നിങ്ങനെയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് 83 ശതമാനം തട്ടിപ്പുകളും അരങ്ങേറിയിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

തന്ത്രപ്രധാന മേഖലകളില്‍ എട്ട് വിഭാഗങ്ങളിലെ ഉത്പാദനം ഫെബ്രുവരിയില്‍ 5.8 ശതമാനം വര്‍ധിച്ചു. കല്‍ക്കരി, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, സിമന്റ് വ്യവസായങ്ങള്‍ എന്നിവയുടെ മെച്ചപ്പെട്ട ഉത്പാദനം മൂലം കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് അടിസ്ഥാന നിര്‍മാണ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാന മേഖലകളിലെ ഉത്പാദനം 3.3 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം ജനുവരിയില്‍ നാല് ശതമാനം വളര്‍ച്ച നേടി. ഫെബ്രുവരിയില്‍ കല്‍ക്കരി ഉത്പാദനം 6.6 ശതമാനവും, പ്രകൃതി വാതകം 12.5 ശതമാനവും ഉയര്‍ന്നപ്പോള്‍, റിഫൈനറി ഉത്പന്നങ്ങള്‍ 8.8 ശതമാനവും, സിമന്റ് അഞ്ച് ശതമാനവും വളര്‍ച്ച കൈവരിച്ചു. ക്രൂഡ് ഓയിലിന്റേയും, വളത്തിന്റേയും ഉത്പാദനം കുറഞ്ഞു.

രമേഷ് പിഷാരടി നായകനാകുന്ന ചിത്രം 'നോ വേ ഔട്ടി'ന്റെ ടീസര്‍ പുറത്തുവിട്ടു. നിധിന്‍ ദേവീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധിന്‍ ദേവീദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന 'നോ വേ ഔട്ട്' ഏപ്രില്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം കെ ആര്‍ രാഹുല്‍.

വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമാണ് 'ലൈഗര്‍'. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മൈക്ക് ടൈസണ്‍ പൂര്‍ത്തിയാക്കിയെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. വിജയ് ദേവെരകൊണ്ട ചിത്രത്തിന്റെ ക്ലൈമാക്സിലാണ് മൈക്ക് ടൈസണ്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ചായക്കടക്കാരനായ വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ്'  ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഹീറോ മോട്ടോകോര്‍പ്  ഡെസ്റ്റിനി 125ന്റെ പുതിയ എക്‌സ്‌ടെക്ക്  വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 79,990 രൂപയില്‍ (എക്സ്-ഷോറൂം, ദില്ലി) ആരംഭിക്കുന്ന വിലകളിലാണ് വാഹനം എത്തുന്നത്. മിററുകള്‍, ഹാന്‍ഡില്‍ബാര്‍ കൗള്‍ തുടങ്ങിയ ചില മേഖലകളില്‍ ക്രോം ഹൈലൈറ്റുകളുടെ സാന്നിധ്യമുള്ള പുതിയ എക്‌സ്‌ടെക്ക്  ട്രിം അടിസ്ഥാന മോഡലിനേക്കാള്‍ പ്രീമിയമായി കാണപ്പെടുന്നു. 7000 ആര്‍ പി എമ്മില്‍ 9 ബി എച്ച് പി കരുത്തും 5500 ആര്‍ പി എമ്മില്‍ 10.4 എന്‍ എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 125 സിസി എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS