പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | ഏപ്രിൽ 12 | ചൊവ്വ | 1197 | മീനം 29 | ആയില്യം
പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്. ഇമ്രാന്‍ ഖാന്റെ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടി, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ദൈവം പാകിസ്ഥാനെ രക്ഷിച്ചുവെന്നും പാകിസ്ഥാന്‍ ജനത ഈ ദിവസം ആഘോഷിക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്തണം എന്നാണ് ആഗ്രഹമെന്ന് നിയുക്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഷെഹബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ സുസ്ഥിര സമാധാനം ഉറപ്പാക്കാന്‍ കശ്മീര്‍ വിഷയം രമ്യമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിയുക്ത പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സമാധാനവും സ്ഥിരതയുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് മോദി വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനോട് പ്രതികരിച്ച് കെവി തോമസ്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം നോട്ടീസിന് ഉടന്‍ മറുപടി നല്‍കുമെന്നും പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും ആവര്‍ത്തിച്ചു.
കെഎസിഇബി തര്‍ക്കത്തില്‍ ചെയര്‍മാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. തൊഴിലാളി സംഘടനകള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും കത്തില്‍ പറയുന്നു.
സംസ്ഥാനത്ത് സജ്ജമായ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവര്‍ത്തനോദ്ഘാടനവും ഫ്‌ളാഗോഫും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് നിര്‍വഹിക്കും. ഈ ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍ കൂടി സജ്ജമായതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും.
ദീര്‍ഘദൂര ബസ്സുകള്‍ക്കായുള്ള പുതിയ സംരഭമായ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ സര്‍വ്വീസുകള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ഉദ്ഘാടന ചടങ്ങ് ഭരണാനുകൂല സംഘടനയടക്കം ബഹിഷ്‌കരിച്ചു. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണിത്. ജീവനക്കാരുടെ പ്രതികരണം സ്വാഭാവികമാണെന്നും, ധനവകുപ്പിനോട് അധിക സഹായം തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
പ്രതിദിന കൊവിഡ് കണക്കുകള്‍ പുറത്തു വിടുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കോവിഡ് അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല എന്നാണ് ഇന്നലെ വൈകിട്ടോടെ ആരോഗ്യവകുപ്പ് അറിയിച്ചത്.
സിറോ മലബാര്‍ സഭാ ഇടപാട് കേസില്‍ പ്രതിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകില്ല. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍, തല്‍ക്കാലം ഹാജരാകേണ്ടതില്ലെന്നാണ് കര്‍ദിനാളിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി തീരുമാനമാകുംവരെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടും.
നടിയെ ആക്രമിച്ച കേസില്‍ വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്ന നടി കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തളളി. ആലുവയിലെ പദ്മസരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് അന്വേഷണസംഘം കാവ്യാ മാധവനെ അറിയിച്ചു. എന്നാല്‍ സാക്ഷി എന്ന നിലയിവാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് എത്താന്‍ ആവില്ലെന്നുമാണ് കാവ്യയുടെ നിലപാട്.
ഹര്‍ത്താലുകളെ വിമര്‍ശിച്ച് വീണ്ടും ശശി തരൂര്‍ എം പി. ഐഎന്‍ടിയുസി പരിപാടിയിലാണ് ഹര്‍ത്താലിനെയും വഴി തടയലുകളെയും തരൂര്‍ വിമര്‍ശിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമര രീതിയെയാണ് തരൂര്‍ വിമര്‍ശിച്ചത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ ഓവര്‍ ടേക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. കൂട്ടത്തല്ലില്‍ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബവും യാത്ര ചെയ്ത കാര്‍ ഒരു ബൈക്കിനെ ഓവര്‍ ടേക്ക് ചെയ്തതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
സഹോദരിയുടെ വീട്ടില്‍നിന്ന് ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെത്തുടര്‍ന്ന് യുവാവ് വീടിനു തീയിട്ടു. മക്കളുടെ പുസ്തകങ്ങളുംപത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിയമര്‍ന്നു. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷിനെ (46) പോലിസ് അറസ്റ്റു ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ദിയോഘര്‍ ജില്ലയിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപം ത്രികുത് ഹില്‍സിലാണ് അപകടമുണ്ടായത്.
കേന്ദ്രസര്‍ക്കാരിന്റെ നെല്ല് സംഭരണ നയത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാനയിലെ കര്‍ഷകരുടെ അരി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ദില്ലി തെലങ്കാന ഭവനില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികരിക്കണമെന്നും മറുപടി നല്‍കിയില്ലെങ്കില്‍ രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് റാവു മുന്നറിയിപ്പ് നല്‍കി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ജനങ്ങള്‍ക്ക് തന്നെ ആവശ്യമാണെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. രാഷ്ട്രീയം ജവസേവനത്തിന് ഉചിതമായ മാര്‍ഗമാണെന്നും തനിക്ക് രാഷ്ട്രീയം വഴങ്ങുമെന്നും വാദ്ര പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രിയങ്കയ്ക്ക് 10ല്‍ 10മാര്‍ക്കും നല്‍കുമെന്നും പ്രിയങ്ക തെരഞ്ഞെടുപ്പ് വിജയത്തിനായി രാവും പകലും പ്രവര്‍ത്തിച്ചുവെന്നും വാദ്ര വ്യക്തമാക്കി.
യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുച്ച കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യുക്രെയ്ന്‍ - റഷ്യ ചര്‍ച്ചകളില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള വിര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
അഫ്ഗാനിസ്താനില്‍ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പാക്സ്ഥാനെ പുതിയ താവളമാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ നിലനില്‍പ്പില്ലാതായ ഐ എസ് ഭീകരരാണ് പാക്കിസ്താനില്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് നഗരമായ ഷാങ്ഹായിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത ജനം ഭക്ഷണത്തിനായി ജനലിനരികില്‍ നിന്ന് അലറിവിളിച്ച് പ്രതിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. 2.6 കോടിയോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഷാങ്ഹായ് നഗരത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണം കടുപ്പിച്ചത് വിമര്‍ശന വിധേയമായിരുന്നു.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലേക്കും വ്യാപിക്കുന്നു. പി സി ബി ചെയര്‍മാന്‍ റമീസ് രാജ ഉടന്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരുടെ എതിര്‍പ്പിനെ മറികടന്ന് ഇമ്രാന്‍ ഖാനാണ് റമീസ് രാജയെ പി സി ബി ചെയര്‍മാനായി നിയമിച്ചത്.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ടാം വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അഞ്ചു പന്തു ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അഭിഷേക് ശര്‍മ, കെയ്ന്‍ വില്ല്യംസണ്‍, നിക്കോളാസ് പുരന്‍ എന്നിവരുടെ ബാറ്റിങ്ങാണ് ഹൈദരാബാദിന് വിജയമൊരുക്കിയത്.
ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.35 ശതമാനമായി ഉയര്‍ന്നേക്കാമെന്ന് റോയിട്ടേഴ്സ് പോള്‍ ഫലം. ഭക്ഷ്യവിലയിലെ തുടര്‍ച്ചയായ വര്‍ധനവാണിതിന് കാരണം. ഇത് തുടര്‍ച്ചയായ മൂന്നാം മാസത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതീക്ഷിത നിരക്കിനേക്കാള്‍ ഉയരത്തിലാകാന്‍ കാരണമാകും. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.07 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.35 ശതമാനമായി ഉയര്‍ന്നതായി റോയിട്ടേഴ്സ് പോള്‍ ഫലം പറയുന്നു. ഏപ്രില്‍ 4-8 വരെ 48 സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെട്ട പോള്‍ ഫലമാണിത്. 2020 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ജൂനിയര്‍ എന്‍ടിആറും രാം ചരണും തകര്‍ത്താടിയ ആര്‍ആര്‍ആറിലെ ''നാട്ട് കൂത്ത്' വീഡിയോ ഗാനം റിലീസ് ചെയ്തു. ഗാനം പാടിയിരിക്കുന്നത് കെ എസ് ശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മാങ്കൊമ്പു ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മരഗതമണിയാണ്. പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ച ''നാട്ട് കൂത്ത്'' ഗാനത്തിന്റെ നിര്‍ത്തച്ചുവടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രേം രക്ഷിത് ആണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയ ബോളിവുഡ് താരം ആമിര്‍ഖാനും വേദിയില്‍ ഈ ഗാനത്തിന്റെ ചുവടു വച്ചിരുന്നു.
അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പത്മയിലെ രണ്ടാമത്തെ ഗാനം എത്തി. കനല്‍ക്കാറ്റില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അനൂപ് മേനോന്റെ തന്നെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ അദ്ദേഹമാണ് നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. സുരഭി ലക്ഷ്മിയാണ് നായിക. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിന് ഇനി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒരു പ്രധാന മോഡലിനെ നഷ്ടപ്പെടാന്‍ പോകുകയാണ്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗന്റെ ജനപ്രിയ മോഡലായ പോളോ ആണിത്. 12 വര്‍ഷത്തെ സേവനത്തിന് ശേഷം ആണ് ഫോക്‌സ്വാഗണ്‍ പോളോ ഹാച്ച്ബാക്ക് ഇന്ത്യയോട് വിട പറയുന്നത്. ഫോക്‌സ്വാഗണ്‍ പോളോയുടെ ലെജന്‍ഡ് പതിപ്പ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പോളോ ലെജന്‍ഡ് എഡിഷന്റെ വില 10.25 ലക്ഷം രൂപ ആണ്. ഇത് 700 യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news