HONESTY NEWS ADS

ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ: കറി പൗഡറുകളിൽ കീടനാശിനി, അടുക്കളയിൽ എലി; ഹോട്ടലുകൾക്കും നിർമ്മാണ യൂണിറ്റുകൾക്കും വൻ പിഴ!

ഇടുക്കി: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ വ്യാപക പരിശോധനകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ


ഇടുക്കി ജില്ലയിൽ  ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ വ്യാപക പരിശോധനകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രമുഖ ബ്രാൻഡായ ആച്ചി മസാലയുടെ യൂണിറ്റുകൾക്കും പ്രമുഖ ഹോട്ടലുകൾക്കുമെതിരെ ലക്ഷക്കണക്കിന് രൂപയാണ് പിഴ ചുമത്തിയത്. കറി പൗഡറുകളിൽ കീടനാശിനിയുടെ അംശവും ഹോട്ടൽ അടുക്കളകളിൽ എലിയുടെ സാന്നിധ്യവും കണ്ടെത്തിയതോടെ കർശന നടപടിയുമായി അധികൃതർ രംഗത്തെത്തി.


ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന 478 പരിശോധനകളിൽ 53 സ്ഥാപനങ്ങളിൽ നിന്നായി 180000 രൂപ പിഴ ഈടാക്കി. ഗുണനിലവാരമില്ലാത്ത റാഗിപ്പൊടി വിൽപ്പന നടത്തിയതിന് ആച്ചി സ്പൈസസ് ആൻഡ് ഫുഡ്‌സ് (തിരുവള്ളൂർ), ആച്ചി മസാല ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (വെസ്റ്റ് ചെന്നൈ) എന്നീ സ്ഥാപനങ്ങൾക്ക് 5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. മൂന്നാർ പഞ്ചായത്തിലെ അൻപ് സ്കാർഡ് മാട്ടുപ്പെട്ടി എന്ന സ്ഥാപനം വഴിയായിരുന്നു ഈ ഉത്പന്നം വിറ്റഴിച്ചിരുന്നത്.


രജിസ്‌ട്രേഷൻ മാനദണ്ഡങ്ങൾ ലംഘിച്ച മൂന്നാർ മൈലാഞ്ചി ഹോട്ടലിന് 3 ലക്ഷം രൂപ പിഴ ചുമത്തി. അറക്കുളത്തെ 'രുചി ഫാസ്റ്റ് ഫുഡി'ൽ നടന്ന പരിശോധനയിലാണ് അടുക്കളയിൽ എലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരുന്നതിനും ശുചിത്വമില്ലായ്മയ്ക്കും ഈ സ്ഥാപനത്തിന് 25,000 രൂപ പിഴ നൽകി. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനും പാഴ്‌സലുകളിൽ കൃത്യമായ ലേബൽ ഇല്ലാത്തതിനും ചെറുതോണിയിലെ ഹോട്ടൽ അമ്പാടിക്ക് 20,000 രൂപയും, അടിമാലി ഒയാസിസ് കാറ്റേഴ്‌സിന് 5,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.


പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളിൽ അഞ്ചെണ്ണം മനുഷ്യശരീരത്തിന് ഹാനികരമാണെന്ന് കണ്ടെത്തി. മൂന്നെണ്ണത്തിൽ അനുവദനീയമല്ലാത്ത ഫുഡ് കളർ ചേർത്തതായും രണ്ട് കറി പൗഡറുകളിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രോസിക്യൂഷൻ കേസുകൾ ഉൾപ്പെടെ നാല് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. പാഴ്‌സൽ ഭക്ഷണങ്ങളിൽ കൃത്യമായ ലേബൽ പതിപ്പിക്കാത്ത 14 സ്ഥാപനങ്ങൾക്കെതിരെയും ലൈസൻസില്ലാതെ പ്രവർത്തിച്ച 25 സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS