ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം വിജയിച്ചില്ല.
സുരക്ഷാ കാരണങ്ങളാലാണ് വിമാനം ഇറക്കാനാകാതിരുന്നത്. റൺവേയുടെ നീളം കൂട്ടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി നിർമ്മിച്ച 650 മീറ്റർ നീളമുള്ള എയർ സ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കാൻ ശ്രമം നടത്തിയത്. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഒമ്പതു തവണയോളം എയർ സ്ട്രിപ്പിന് മുകളിൽ വിമാനം വട്ടമിട്ടു പറന്നു. പിന്നീട് സുരക്ഷാ കാരണങ്ങളാൽ വിമാനം ഇറക്കാനാകില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
വിമാനത്താവളത്തിന് സമീപത്തെ മൺതിട്ട നീക്കം ചെയ്താൽ മാത്രമേ വിമാനം സുരക്ഷിതമായി ഇറക്കാനാകൂ എന്ന് എൻസിസി അധികൃതർ അറിയിച്ചു . വിമാനത്താവളത്തിന് സമീപത്തെ മൺതിട്ട നീക്കം ചെയ്യണമെന്നും, എയർ സ്ട്രിപ്പിന്റെ റൺവേയുടെ നീളം ആയിരം മീറ്ററായി വർധിപ്പിക്കണമെന്നും എൻസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൺതിട്ട നീക്കം ചെയ്യാനായി വനംവകുപ്പിന്റെ അനുമതി തേടിയിരിക്കുകയാണ്. എയർ സ്ട്രിപ്പ് റൺവേ നീളം 1000 മീറ്ററായി ഉയർത്തുന്നതിന് കൂടുതൽ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തിന് ശേഷം ട്രയൽ റൺ നടത്തുമെന്ന് എൻസിസി അധികൃതർ അറിയിച്ചു. വർഷം ആയിരം എൻസിസി കേഡറ്റുകൾക്ക് വിമാനം പറപ്പിക്കാനുള്ള പരിശീലനമാകും ഇവിടെ നൽകുക.