പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | ഏപ്രിൽ 19 | ചൊവ്വ | 1197 | മേടം 6 | അനിഴം
കേരളം പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തിയതിനെതിരെ കേന്ദ്രസര്‍ക്കാര്‍. കൊവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടണമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്കു കേന്ദ്രം കത്തയച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്നലെ 90 ശതമാനം വര്‍ധനയാണുണ്ടായത്. കഴിഞ്ഞ ദിവസത്തെ 1150 എന്ന കണക്കില്‍ നിന്ന് 2180 ആയി പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നു. ഇതില്‍ 940 കേസുകളും കേരളത്തിലാണ്. അഞ്ചു ദിവസത്തിനുശേഷം കണക്ക് പ്രസിദ്ധീകരിച്ചത് രാജ്യത്തെ ആകെ കൊവിഡ് കണക്കുകളെ ബാധിച്ചെന്നു കത്തില്‍ പറയുന്നു.
പാലക്കാട് സുബൈര്‍ വധക്കേസില്‍ മൂന്നുപേര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറുപേരെ ഇന്നു പിടികൂടുമെന്നു പോലീസ് പറയുന്നു. സുബൈറിനെ കൊലപ്പെടുത്താന്‍ കാര്‍ വാടകയ്ക്കെടുത്ത എലപ്പുള്ളി സ്വദേശി രമേശ്, കാബ്രത്തെ അറുമുഖന്‍, മലമ്പുഴ കല്ലേപ്പള്ളിയിലെ ശരവണ്‍ എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ ബിജെപി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ സുഹൃത്തുക്കളാണ് ഇവര്‍.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പാലക്കാട്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തില്‍ നിന്ന് ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. യോഗം പ്രഹസനമാണെന്നും അന്വേഷണം ഏകപക്ഷീയമാണെന്നും ആരോപിച്ചായിരുന്നു അവര്‍ ഇറങ്ങിപ്പോയത്. ബിജെപി ഒഴികെ മറ്റെല്ലാ കക്ഷികളും സമാധാന ശ്രമങ്ങളുമായി സഹകരിച്ചെന്നും ശക്തമായ പെലീസ് നടപടി ഉണ്ടാകുമെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.
കോഴിക്കോട് തളിയില്‍ ബംഗാളിയായ സ്വര്‍ണ്ണ വ്യാപാരി റംസാന്‍ അലിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തലശേരി സ്വദേശികളായ ധനേഷ്, സുജനേഷ്, റോഷന്‍ ആര്‍ ബാബു എന്നിവരാണ് പിടിയിലായത്. ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് ഇവര്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം ചവിട്ടിവീഴ്ത്തിയാണ് സ്വര്‍ണം കവര്‍ന്നത്.
പാലക്കാട് കൊപ്പം പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണത്തിനെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ബിജെപിയുടെ പിന്തുണയോടെ പാസായി. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപി അംഗത്തോടു വിട്ടുനില്‍ക്കാനാണ് പാര്‍ട്ടി നിര്‍ദേശിച്ചതെങ്കിലും യുഡിഎഫിനെ പിന്തുണയ്ക്കുകയാണു ചെയ്തത്. ഇതോടെ പ്രസിഡന്റ് ടി ഉണ്ണികൃഷ്ണനെതിരായ അവിശ്വാസപ്രമേയം പാസായി. ബിജെപി മെമ്പര്‍ അഭിലാഷിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്റ് ചെയ്തതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ് അറിയിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നു ശമ്പളം ലഭിക്കും. സര്‍ക്കാര്‍ നല്‍കിയ 30 കോടി രൂപ ഗ്രാന്റിനു പുറമേ, 45 കോടി ഓവര്‍ ഡ്രാഫ്റ്റെടുത്താണ് പ്രതിസന്ധി പരിഹരിച്ചത്.
ആലപ്പുഴയില്‍ ഇരട്ടകളായ വധുക്കള്‍ക്ക് ഇരട്ടകളായ വരന്മാര്‍. വെളിയനാട് കല്ലൂര്‍ വീട്ടില്‍ രാധാകൃഷ്ണപ്പണിക്കരുടെയും മിനിയുടെയും ഇരട്ടമക്കള്‍ രമ്യാകൃഷ്ണനേയും മീരാകൃഷ്ണനേയുമാണ് ഇരട്ട സഹോദരന്‍മാരായ വരന്മാര്‍ മിന്നുകെട്ടിയത്. അടൂര്‍ ഇടമണ്ണൂര്‍ അഞ്ജലി വീട്ടില്‍ രാജ്കുമാറിന്റെയും രാജേശ്വരിയുടെയും മക്കള്‍ അശോക് കുമാറും അനില്‍കുമാറുമാണ് വരന്മാര്‍. രമ്യ ഇപ്പോള്‍ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനാണ്. മീര ബിരുദപഠനം കഴിഞ്ഞു നില്‍ക്കുന്നു. അശോകിനും അനിലിനും വിദേശത്ത് ബിസിനസാണ്.
കേരളത്തില്‍ ബിജെപി ക്രിസ്ത്യന്‍ വിഭാഗത്തിന്റെ സംരക്ഷകരായി അഭിനയിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍. 'ആട്ടിന്‍ തോലിട്ട ചെന്നായയുടെ' രൂപത്തില്‍ സ്നേഹം നടിച്ചുള്ള വക്രബുദ്ധിയാണ് ബിജെപിയുടേത്. മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി അതിനിടയ്ക്ക് ക്രിസ്ത്യന്‍ സംരക്ഷകരായി ചമയുകയാണ് ബിജെപി. പത്മജ പറഞ്ഞു.
കേരളത്തില്‍ ഇനിയും നാലു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ഇന്നു പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ച വൈദ്യുതി ഭവന്‍ ഉപരോധ സമരം ചെയര്‍മാന്‍ നിരോധിച്ചു. എന്നാല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് അസോസിയേഷന്‍. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി യൂണിയനുകളുമായി മാത്രമാണ് ഇന്നു മന്ത്രി ചര്‍ച്ച ചെയ്യുന്നത്. ലൈന്‍മാന്‍മാരുടെ നിയമന തര്‍ക്കമാണ് ചര്‍ച്ചാവിഷയം. ഓഫീസേഴ്സ് അസോസിയേഷനുമായി ചര്‍ച്ചക്കു വൈദ്യുതി മന്ത്രി തയാറായിട്ടില്ല.
വാഹനങ്ങളില്‍ സണ്‍ഫിലിമിന് അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുന്നിലെ സേഫ്റ്റി ഗ്ലാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്നാണു കേന്ദ്ര മോട്ടോര്‍ വാഹനചട്ടം അനുശാസിക്കുന്നത്. അദ്ദേഹം ഓര്‍മിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കെ റെയില്‍ പദ്ധതിക്കു സ്ഥലം നഷ്ടമാകുന്നവരുടെ എതിര്‍പ്പ് തുടരുമ്പോള്‍ ബോധവത്കരണ പരിപാടികളുമായി എല്‍ഡിഎഫ്. ഇന്നു വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമിടും. ജില്ലകള്‍ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളും നടത്താനാണ് എല്‍ഡിഎഫിന്റെ തീരുമാനം.
കെഎസ്ആര്‍ടിസിക്ക് റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍ ഓയില്‍ എന്നീ കമ്പനികളാണ് അപ്പീല്‍ നല്‍കിയത്. റീട്ടെയില്‍ കമ്പനികള്‍ക്കു നല്‍കുന്നതിനേക്കാള്‍ ലിറ്ററിന് മുപ്പത് രൂപയോളം അധികമാണ് കെഎസ്ആര്‍ടിസിയില്‍ നിന്ന് ഈടാക്കിയിരുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വധഗൂഡാലോചനക്കേസില്‍ പ്രതി ദിലീപിന്റ ഫോണില്‍നിന്നു നീക്കം ചെയ്ത പത്തു ഡിജിറ്റല്‍ ഫയലുകള്‍ വീണ്ടെടുത്തെന്നു പോലീസ്. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറാണ് ഫയല്‍ നീക്കം ചെയ്തതും ഇപ്പോള്‍ വീണ്ടെടുത്തതും. ഫോറന്‍സിക് ലാബിനു സാധിക്കാത്ത കാര്യമാണിതെന്നു ക്രൈംബ്രാഞ്ച് പോലീസ് പറയുന്നു.
മക്ക, മദീന വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ പനമ്പള്ളി നഗറിലെ റിക്രൂട്ടിംഗ് ഏജന്‍സി ഉടമകളായ ഷംസുദീന്‍, അനു സാദത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. റിക്രൂട്ട്മെന്റ് നടത്താന്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
രാഹുല്‍ ഗാന്ധിക്കും നെഹ്റു കുടുംബത്തിനും എതിരേ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്ന് മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ജെ. കുര്യന്‍. അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തു പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണ പരത്തി. ജി - 23 യുടെ സമീപനത്തെക്കുറിച്ചാണു വിശദീകരിച്ചത്. തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റാകുന്നതാണ് നല്ലതെന്നു പറഞ്ഞിരുന്നെന്നും പി.ജെ കുര്യന്‍.
തൃശൂര്‍ ജില്ലയില്‍ ഇന്നലെ രണ്ടിടത്തു തീപിടിത്തം. മുളകുന്നത്തുകാവ് ഗ്രാമലയില്‍ മരക്കമ്പനിയും ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ വൈദ്യരത്നത്തിന്റെ ആയുര്‍വേദ മരുന്നുകളുടെ സംഭരണശാലയുമാണ് കത്തി നശിച്ചത്.
കയറ്റുമതിക്കായി സൂക്ഷിച്ച് 16 ലക്ഷം രൂപ വിലവരുന്ന ഏഴു ടണ്‍ പോത്തിന്റെ ബോട്ടിയുമായി ആസാം സ്വദേശികളായ ജീവനക്കാര്‍ കടന്നുകളഞ്ഞു. മൂന്നു സ്‌കൂട്ടറുകളും മോഷണം പോയി. കാസര്‍കോട്ടെ സ്ഥാപനത്തിന്റെ ഉടമ വയനാട് സ്വദേശി അബ്ദുള്‍ അസീസിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
യുക്രെയിനില്‍നിന്ന് മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. യുക്രെയിനില്‍നിന്ന് മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഡല്‍ഹിയിലെ ജന്തര്‍മന്തറിലാണ് കൂടിച്ചേര്‍ന്നത്.
മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചചെയ്ത് തമിഴ്നാട് നിയമസഭ. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ കേരളത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഒ. പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സൗഹൃദം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇതിനായി ഉപയോഗിക്കണമെന്നും പനീര്‍ശെല്‍വം ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ കരസേനാ മേധാവിയാകും. എന്‍ജീനിയറിംഗ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. ജനറല്‍ എം.എം നരവനെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഈ മാസം 30 ന് മനോജ് പാണ്ഡെ കരസേന മേധാവിയായി ചുമതലയേല്‍ക്കും.
അക്ഷരമാല തെറ്റിച്ചതിന് ആറു വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മൂന്ന് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പെരവല്ലൂരിലുള്ള സ്വകാര്യ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ പരാതി നല്‍കിയത്. കുട്ടി അമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാഹനാപകടത്തെത്തുടര്‍ന്ന് ഗുജറാത്തിലെ വഡോദര നഗരത്തില്‍ സാമുദായിക സംഘര്‍ഷം. 24 പേരെ അറസ്റ്റു ചെയ്തു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെത്തി. ഗാന്ധി നഗറില്‍ സ്‌കൂളുകളുടെ കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിച്ച മോദി അധ്യാപകരും വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. ഇന്നു വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിനു ബിജെപിക്ക് അനുകൂലമായി കളമൊരുക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് സന്ദര്‍ശനം.
ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ. സഹോദരനും പ്രധാനമന്ത്രിയുമായിരുന്ന മഹീന്ദയേയും കുടുംബാംഗങ്ങളേയും ഒഴിവാക്കിയാണ് പ്രസിഡന്റ് ഗോത്തബായ രാജപക്സെ പുതിയ മന്ത്രിസഭയ്ക്കു രൂപം നല്‍കിയത്. 20 പേരാണു മന്ത്രിസഭയിലുള്ളത്.
ഒമാനിലെ മുസാന്ദം ഗവര്‍ണറേറ്റിലെ ഖസബ് തുറമുഖത്ത് തീപിടുത്തം. നങ്കൂരമിട്ടിരുന്ന തടികൊണ്ടുള്ള കപ്പലിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കി.
കുപ്രസിദ്ധ മെക്സിക്കന്‍ ലഹരി മാഫിയാത്തലവന്‍ എല്‍ പിറ്റ് എന്നറിയപ്പെടുന്ന ബ്രയാന്‍ ഡൊണാസിയാനോ എന്ന മുപ്പത്തൊമ്പതുകാരന്‍ അറസ്റ്റിലായി. ഇരുന്നൂറോളം രാജ്യങ്ങളില്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നിലവിലുള്ളയാളാണ്. കൊളംബിയയിലെ കാലി നഗരത്തിലുള്ള ആഡംബര അപാര്‍ട്ടുമെന്റില്‍ കാമുകിയുമൊത്തു കഴിയുകയായിരുന്നു ഇയാള്‍. കാമുകി ഇയാള്‍ക്കൊപ്പമുള്ള ഹോട്ടലിലെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചതാണ് അറസ്റ്റിനു സഹായകരമായത്.
കരുത്തരായ പശ്ചിമ ബംഗാളിനെ തകര്‍ത്ത് സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം സ്വന്തമാക്കി കേരളം. ഇന്നലെ നടന്ന മത്സരത്തില്‍ ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം മറികടന്നത്. മറ്റൊരു മത്സരത്തില്‍ മേഘാലയക്ക് വിജയത്തുടക്കം. രാജസ്ഥാനെ രണ്ടിനെതിരേ മൂന്നു ഗോളിനാണ് മേഘാലയ പരാജയപ്പെടുത്തിയത്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ത്രസിപ്പിക്കുന്ന വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു. ത്രില്ലര്‍ മത്സരത്തില്‍ ഹാട്രിക് സഹിതം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലാണ് കൊല്‍ക്കത്തയുടെ ചിറകരിഞ്ഞത്. 51 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 28 പന്തില്‍ 58 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചുമാണ് കൊല്‍ക്കത്തക്ക് വേണ്ടി പോരാടിയതെങ്കില്‍ 61 പന്തില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതം 103 റണ്‍സ് നേടിയ ഓപ്പണര്‍ ജോസ് ബട്ട്‌ലറാണ് രാജസ്ഥാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
'പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു.' ലോക ഫുട്ബോളിലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വിറ്ററില്‍ കുറിച്ച ഈ വരികള്‍ ഏവരുടേയും കണ്ണു നനയിക്കുന്നതായി. അദ്ദേഹത്തിന്റെ ഇരട്ടക്കുഞ്ഞുങ്ങളില്‍ ആണ്‍കുഞ്ഞ് പ്രസവത്തിനിടെ മരിച്ചു. ഇരട്ടകളില്‍ പെണ്‍കുഞ്ഞിനെ രക്ഷിക്കാനായി. ആണ്‍കുഞ്ഞു മരിച്ച വിവരം വളരെ വികാര നിര്‍ഭരമായാണ് അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്ക് (എംസിഎല്‍ആര്‍) 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് എസ്ബിഐ. 0.1 ശതമാനമാണ് ഈ വര്‍ധന. പുതുക്കിയ നിരക്ക് ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഫലമായി ഭവന, വാഹന, വ്യക്തിഗത വായ്പകളില്‍ ആനുപാതികമായ നിരക്ക് വര്‍ധന ഉണ്ടാകും. ഒരുമാസം, മൂന്ന് മാസം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെയുള്ള കാലയളവിലെ എംസിഎല്‍ആര്‍ നിരക്കുകളില്‍ വര്‍ധനയുണ്ട്. ഇതോടെ ഇവ യഥാക്രമം 6.75, 6.75 , 7.05, 7.10 എന്ന നിലയിലേക്ക് ഉയര്‍ന്നു. രണ്ട് വര്‍ഷത്തേയ്ക്കുള്ള പുതിയ നിരക്ക് 7.30 ശതമാനമാണ്. മൂന്ന് വര്‍ഷത്തേത് 7.40 ശതമാനവും. ഒരാഴ്ച മുമ്പ് ബാങ്ക് ഓഫ് ബറോഡ 5 ബേസിസ് പോയിന്റ് എംസിഎല്‍ആര്‍ നിരക്ക് കൂട്ടിയിരുന്നു.
മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ 14.55 ശതമാനത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ മാസം 13.11 ശതമാനമായിരുന്നു. ഇന്ധന വിലയിലും തുടര്‍ന്ന് ഉത്പന്ന വിലയിലും ഉണ്ടായ വര്‍ധനയാണ് മൊത്ത വില സൂചിക നാല് മാസത്തെ ഉയര്‍ന്ന നിലയിലേക്ക് കയറാന്‍ കാരണം. അതേസമയം, പച്ചക്കറി വിലയില്‍ നേരിയ കുറവുണ്ടെങ്കിലും അത് മൊത്ത വിലയില്‍ പ്രകടമാകുന്നില്ല. മുമ്പ് മൊത്ത വില സൂചിക 14.87 ശതമാനം രേഖപ്പെടുത്തിയത് 2021 നവംമ്പറിലാണ്. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 12 മാസമായി മൊത്തവില സൂചിക രണ്ടക്കത്തില്‍ തുടരുകയാണ്. ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് 6.95 ശതമാനത്തില്‍ മാര്‍ച്ചില്‍ എത്തിയിരുന്നു.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന സിനിമയിലൂടെ നടി ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തും ആന്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. 2015ല്‍ ജോണ്‍ വര്‍ഗീസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'അടി കപ്യാരേ കൂട്ടമണി' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ കന്നഡ റീമേക്കിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ നിര്‍മ്മാതാവിന്റെ കുപ്പായം അണിയുന്നത്. റീമേക്കിന് 'അബ്ബബ്ബാ' എന്നാണ് പേരിട്ടിരിക്കുന്നത്. വിജയ് ബാബു, വിവേക് തോമസ് എന്നിവരും ആനിനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. ഫ്രൈഡേ ഫിലിം ഹൌസ്, മിറാമര്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. കെ എം ചൈതന്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
'സിബിഐ 5 ദി ബ്രെയിനി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് എന്‍ സ്വാമിയാണ്. സിബിഐ അഞ്ചില്‍ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍
വീണ്ടും വില വര്‍ധനയുമായി മാരുതി സുസുകി. മോഡലുകളിലുടനീളം വില വര്‍ധന പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്താന്‍ വില വര്‍ധിപ്പിച്ചതായി മാരുതി അറിയിച്ചു. ആള്‍ട്ടോ മുതല്‍ എസ്-ക്രോസ് വരെയുള്ള മോഡലുകള്‍ക്ക് ശരാശരി 1.3 ശതമാനം വരെ വില വര്‍ധനവാണ് ഉണ്ടാകുന്നത്. വില വര്‍ധനവ് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്‍പുട്ട് ചെലവിലെ നിരന്തരമായ വര്‍ധനവ് കാരണം മാരുതി സുസുകി ഇന്ത്യ ഇതിനകം തന്നെ വാഹന വില 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെ ഏകദേശം 8.8 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ കഴിഞ്ഞ ആഴ്ച മഹീന്ദ്ര ആന്റ് മഹീന്ദ്രയും വാഹന വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്