കുമളിയിലെ ഏലം മൊത്ത കച്ചവടക്കാരിൽനിന്ന് ലക്ഷങ്ങളുടെ ഏലയ്‌ക്ക തട്ടിയെടുത്ത കേസിലെ പ്രതിയായ സ്ത്രീയെ കോടതി റിമാൻഡ് ചെയ്തു.

ലക്ഷങ്ങളുടെ ഏലയ്‌ക്ക തട്ടിയെടുത്ത കേസില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ കബീര്‍ മന്‍സില്‍ സജി കബീറി(46)നെയാണ് കഴിഞ്ഞദിവസം കുമളി പൊലീസ് ആലപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. തട്ടിപ്പുകേസിലെ പ്രധാനിയായ ഇവരുടെ സുഹൃത്ത് തിരുവനന്തപുരം ചിറയിന്‍കീഴ് ജിഞ്ചി നിവാസില്‍ കെ എൽ ജിനേഷ്(38) ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ഏതാനും മാസം മുമ്പാണ് വിദേശത്തുനിന്ന് ഏലയ്‌ക്കയ്‌ക്ക് വലിയ ഓർഡർ ലഭിച്ചതായുള്ള വ്യാജരേഖ കാണിച്ച് തട്ടിപ്പ് നടത്തിയത്. അരക്കോടി രൂപയുടെ ഏലയ്‌ക്ക കച്ചവടക്കാരില്‍നിന്ന് എടുക്കുമ്പോള്‍ 30 മുതല്‍ 40 ശതമാനം വരെ തുക ഇവര്‍ മുന്‍കൂറായി നല്‍കിയിരുന്നതായി വ്യാപാരികൾ പറയുന്നു. പലതവണ ഇടപാടുകൾ നടത്തി വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു വൻ തട്ടിപ്പ് നടത്തിയത്. ബാക്കി പണം ലഭിക്കാതെ വന്നതോടെ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ വ്യാപാരികൾ കുമളി പൊലീസിനെ സമീപിച്ചു. തിരുവനന്തപുരം കേന്ദ്രമാക്കിയ ജെ എസ് എക്‌സ്‌പോര്‍ട്ടെന്ന വ്യാജ കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. ലക്ഷങ്ങളുടെ ഏലയ്‌ക്ക നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ബാക്കി പണം ലഭിക്കാതെ വന്നതോടെയാണ് കുമളി കേന്ദ്രമായി പ്രവർത്തിക്കുന്ന മൊത്തവ്യാപാരി രണ്ട് മാസംമുമ്പ് കുമളി പൊലീസിൽ പരാതി നൽകിയത്. ഇതോടെയാണ് തട്ടിപ്പ് സംബന്ധിച്ച് പുറത്തറിയുന്നത്. ഇതിനകം പലരും തട്ടിപ്പിനിരയായതായി പറയുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |