ഇടുക്കി നെറ്റിത്തൊഴുവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുൻ പരിചയത്തിന്റെ പേരിൽ ഒപ്പം താമസിച്ചശേഷം മരുന്ന് കുത്തിവെച്ച് മയക്കി തട്ടിക്കൊണ്ടുപോവുകയും തുടർന്ന് ഏലയ്ക്ക മോഷ്ടിച്ചു വില്പന നടത്തുകയും ചെയ്ത കേസിലാണ് രണ്ടുപേർ പോലീസ് പിടിയിലായത്. ഇവരുടെ കൂട്ടാളികളായ രണ്ടു പേരെക്കൂടി പിടിയിലാകാനുണ്ട്.
വാഹനം പണയപ്പെടുത്തിയതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിന്റെ പേരിൽ നെറ്റിത്തൊഴു മരോട്ടിക്കൽ കണ്ണനെന്ന് വിളിക്കുന്ന അഷ്ടകുമാറിനെയാണ് തട്ടിക്കൊണ്ട് പോയത്. കണ്ണൻറെ സുഹൃത്തുക്കളായ ആലപ്പുഴ തുമ്പോളി സ്വദേശി ആലിശ്ശേരിൽ മഹിമോൻ ( 41 ) ആലപ്പുഴ കൊമ്മാടി കാട്ടിയ്ക്കൽ അനീഷ് ( 40 ) എന്നിവരെയാണ് വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായികൊലപാതകമുൾപ്പടെയുള്ള കേസുകളിൽ പ്രതികളാണ് ഇരുവരും. തട്ടിക്കൊണ്ടുപോയ കേസിലെ കൂട്ടുപ്രതികളായ സുനീർ, അമ്പിളി എന്നിവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നെറ്റിത്തൊഴുവിലെ വാടക വീട്ടിൽ നിന്നും കണ്ണനെ മഹിമോനും സുഹൃത്ത് സുനീറും ചേർന്ന് തട്ടിക്കൊണ്ട് പോയത്. ഫെനാർഗൻ എന്ന മരുന്ന് കുത്തിവച്ചാണ് കണ്ണനെ മയക്കിയത്. കണ്ണൻ താമസിക്കുന്ന വീട്ടിൽ വീട്ടുടമസ്ഥൻ സൂക്ഷിച്ചിരുന്ന 163 കിലോയോളം ഏലക്കായും മോഷ്ടിച്ചാണ് പ്രതികൾ കണ്ണനെയുമായി കടന്നത്. പോകും വഴി അണക്കരയിലെ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിൽ ഏലയ്ക്കാ വിൽക്കുകയും ചെയ്തു. തുടർന്ന് ആലപ്പുഴയ്ക്കുള്ള യാത്രാമധ്യേയാണ് അറസ്റ്റിലായ അനീഷ് സംഘത്തിനൊപ്പം ചേർന്നത്. ഇതിനിടെ കണ്ണൻ പലതവണ ഉണർന്നെങ്കിലും വീണ്ടും വീര്യമുള്ള മരുന്ന് കുത്തിവച്ച് മയക്കി. ആലപ്പുഴയിൽ എത്തിയ ശേഷമാണ് കേസിലെ മറ്റൊരു പ്രതിയായ അമ്പിളി മൂവർക്കുമൊപ്പം ചേർന്നത്. തുടർന്ന് തട്ടിക്കൊണ്ടുപോയ ആളെ മർദ്ദിച്ച് അവശനാക്കിയ ശേഷം രാത്രിയോടെ തിരുവാർപ്പിനടുത്ത് ഒഴിഞ്ഞു കിടക്കുന്ന പാറമടയിൽ ഉപേക്ഷിക്കുകയായിരുന്നു.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
കണ്ണന്റെ പരാതിയിൽ വണ്ടൻമേട് പൊലീസ് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച്ച പ്രതികളെ പിടികൂടുകയായിരുന്നു. മഹിമോനെ തോട്ടപ്പള്ളി ഹാർബറിൽ നിന്നും,അനീഷിനെ ചങ്ങനാശ്ശേരിയിലെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സുനീറിന്റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ണൻ മുഖേനെ മഹിമോൻ തൊടുപുഴ സ്വദേശിക്ക് പണയം വച്ചിരുന്നു. ഇതിലെ സാമ്പത്തിക ഇടപാടാണ് കുറ്റകൃത്യം ചെയ്യുവാൻ പ്രേരിപ്പിച്ചത് എന്നാണ് പ്രതികളുടെ മൊഴി. എന്നാൽ പൊലീസ് മറ്റുവശങ്ങളും പരിശോധിച്ചുവരുകയാണ്.